പതിനഞ്ചു വര്‍ഷം നീണ്ട മാദ്ധ്യമപ്രവര്‍ത്തനത്തിനുശേഷമാണ് വിധു വിന്‍സന്റ് സംവിധായികയായി ഒരു ഫീച്ചര്‍ ഫിലിമിന്റെ സൃഷ്ടിയിലേക്കെത്തുന്നത്. മാന്‍ഹോള്‍ എന്ന തന്റെ ആദ്യചിത്രവുമായി ഐഎഫ്എഫ്‌കെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുമ്പോള്‍ തന്റെ ജീവിതത്തെ രണ്ടായി വിഭജിക്കുന്ന ഒരു സംക്രമണരേഖയായൊന്നും വിധു കാണുന്നില്ല. സത്യത്തില്‍ ദൃശ്യമാദ്ധ്യമപ്രവര്‍ത്തകയുടെ ജീവിതത്തിന്റെ ഒരു എക്സ്റ്റന്‍ഷന്‍ മാത്രമാണ് തനിക്ക് ഈ ഫീച്ചര്‍ ഫിലിം സാക്ഷാല്‍ക്കാരവും എന്നാണു വിധു കരുതുന്നത്.
അതിന്റെ രഹസ്യമാരാഞ്ഞാല്‍ വിധു ലെനിനെ ക്വോട്ടു ചെയ്യും. തന്റെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഉത്തരവാദിത്തം ഒരു മാദ്ധ്യമപ്രവര്‍ത്തകയുടേതാണെന്ന്. ലെനിന്‍ തന്നെ മഹത്തായ കലയെന്നു പറഞ്ഞ സിനിമയുടെ കലാത്മകത്വത്തേക്കാള്‍, അതുകൊണ്ടുതന്നെ ഈ പുതിയ സംവിധായികയെ ആകര്‍ഷിക്കുന്നത് അതിന്റെ വിനിമയശേഷിതന്നെ.

പ്രസ് അക്കാദമിയില്‍നിന്ന് ജേണലിസം പാസായശേഷം സി.ഡിറ്റില്‍നിന്ന് സിനിമാസാങ്കേതികവിദ്യ പഠിച്ചതാണ് വിധുവിലെ ദൃശ്യാന്വേഷകയ്ക്കു വഴിത്തിരിവായത്. അത് തൊണ്ണൂറുകളുടെ അവസാനമായിരുന്നു. കോഴ്‌സിന്റെ ഭാഗമായി ദിവസം ഒരു സിനിമയെങ്കിലും കാണുന്ന രീതിയുണ്ടായിരുന്നത് ദൃശ്യാവബോധത്തിന് അടിത്തറപാകി. അക്കാലത്തുതന്നെ ഐഎഫ്എഫ്‌കെയില്‍ സിനിമകള്‍ കണ്ടുതുടങ്ങുന്നു. മേളദിവസങ്ങളില്‍ ദിവസം അഞ്ചു സിനിമകള്‍ കണ്ട ഉത്സവമേളം മനസ്സില്‍ ബാക്കിവച്ചിരിക്കുന്നു വിധു.

അന്നൊന്നും പക്ഷേ, ഫിലിംമേക്കര്‍ ആകുമെന്നു കരുതിയിട്ടേയില്ല. അക്കാലം ഡോക്യുമെന്ററിയോടായിരുന്നു വിധുവിനു ഭ്രമം. ആനന്ദ് പട്‌വര്‍ദ്ധനോട് വലിയ താല്പര്യം തോന്നിയിരുന്നു. അദ്ദേഹമാണ് ഏറ്റവും സ്വാധീനിച്ചിട്ടുള്ളതും. അന്നു തുടങ്ങിയ ഡോക്യുമെന്ററി താല്പര്യം ഇന്നും തുടരുന്നു. സത്യത്തില്‍ വൃത്തിയുടെ ജാതി എന്ന പേരില്‍ കുറച്ചുമുന്‍പെടുത്ത ഒരു ഡോക്യുമെന്ററിയുടെ തുടര്‍ച്ച തന്നെയാണ് മാന്‍ഹോള്‍ എന്ന ഫീച്ചര്‍ സിനിമ. ഏഷ്യാനെറ്റ് കാലത്തും വാര്‍ത്തകള്‍ക്കും ദൃശ്യങ്ങള്‍ക്കും പിന്നാലെ പായുമ്പോള്‍ വാര്‍ത്തകളെ സവിശേഷമായി അവതരിപ്പിക്കുന്ന ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രണങ്ങളിലായിരുന്നു താല്പര്യം.

കൊല്ലം കോര്‍പറേഷനില്‍ മനുഷ്യകരംകൊണ്ട് തോട്ടിപ്പണി ചെയ്യുന്ന ചക്കിലിയര്‍ വിഭാഗത്തില്‍ പെട്ട തൊഴിലാളികളെപ്പറ്റിയായിരുന്നു വൃത്തിയുടെ ജാതി എന്ന ഡോക്യുമെന്ററി. പണ്ട് തമിഴ്‌നാട്ടില്‍നിന്നു കൊല്ലത്തെത്തിയ, എത്തിച്ചവരാണ് ചക്കിലിയര്‍. ദുരിതമയമായി ജീവിച്ചുകൊണ്ട് അവര്‍ കൊല്ലത്തെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നു. എല്ലാ നഗരങ്ങളുടെയും കഥയാണിത്. കൊല്ലം കോര്‍പറേഷന്‍ പക്ഷേ പറയുന്നത് മാനുവല്‍ തോട്ടിപ്പണിയില്ലെന്നാണ്.

സത്യത്തില്‍ അധികാരസ്ഥാപനങ്ങളും സ്റ്റേറ്റു തന്നെയും ഒരു പണി ഇല്ലെന്നു പറയുകയാണ്. അതാവട്ടെ, സ്റ്റേറ്റിനുവേണ്ടി ചെയ്യുന്ന പണിയാണുതാനും. കൈകൊണ്ടുള്ള തോട്ടിപ്പണി കോടതി നിരോധിച്ചതാണ്. പക്ഷേ, തീവണ്ടിത്താവളങ്ങളിലും മറ്റും ശുചിത്തൊഴിലാളികള്‍ കൈയും ചൂലും ഉപയോഗിച്ച് തീട്ടംകോരുന്നു.

മാന്‍ഹോളില്‍ മാലിന്യം വൃത്തിയാക്കാന്‍ ജീവന്‍ പണയംവച്ചിറങ്ങുന്ന തൊഴിലാളി നമ്മുടെ നിത്യജീവിതാനുഭവമാണ്. എന്നാല്‍, അത്തരക്കാര്‍ മരിക്കുമ്പോള്‍ മാത്രമാണ് വാര്‍ത്തയാകുന്നത്. അല്ലെങ്കില്‍ മരിക്കുമ്പോള്‍ പോലും വാര്‍ത്തയാകുന്നില്ല. ഈ തൊഴില്‍സാഹചര്യത്തിലെ ജീവിതം കണ്ടെത്തുകയും അടുത്തുനിന്ന് വീക്ഷിച്ച് അതിന്റെ ഭാവാംശത്തെ രാഷ്ട്രീയമായി തേടുകയുമാണ് മാന്‍ഹോള്‍.

ശാലിനിയുടെ അച്ഛന്‍ മാന്‍ഹോള്‍ ജോലിക്കിടെ അപകടത്തില്‍ മരിക്കുന്നു. അമ്മയും സത്യത്തില്‍ തോട്ടിപ്പണിക്കാരിയാണ്. അച്ഛന്‍ റോട്ടിലെ തീട്ടംകോരുമ്പോള്‍ അമ്മ വല്ലവരുടെയും വീടുകളിലെ കക്കൂസുകള്‍ കഴുകുകയാണ്. ശാലിനിയുടെ പ്രിയപ്പെട്ടൊരു കൂട്ടുകാരനും പിന്നീട് മാന്‍ഹോളില്‍ മരിക്കുന്നു. മജിസ്‌ട്രേറ്റാക്കണമെന്നു കരുതിയാണ് ശാലിനിയെ അച്ഛന്‍ പഠിപ്പിച്ചത്. എന്നാല്‍, പ്ലസ് ടൂ പാസായ അവള്‍ക്ക് തുടര്‍പഠനം പ്രയാസമാകുന്നു. അച്ഛന്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുമ്പോള്‍ കോര്‍പറേഷന്‍ ഓഫീസില്‍ കക്കൂസു കഴുകുന്ന പണിയാണവള്‍ക്കു മുന്നില്‍ വച്ചുനീട്ടുന്നത്. തലമുറകളായി ചെയ്യുന്ന തൊഴിലല്ലേ, പിന്നെന്താ ചെയ്താല്‍ എന്നതാണ് അധികാരികളുടെയും ഭരണസംവിധാനത്തിന്റെയും ചോദ്യം.

അവള്‍ സൂപ്പര്‍ മാര്‍ക്കറ്റിലും മറ്റും ജോലിചെയ്തുകൊണ്ട് വക്കീല്‍ ആകുന്നു. പിന്നെയവള്‍ അച്ഛന്റെ മരണത്തിന് നഷ്ടപരിഹാരം തേടുകയാണ്, നിയമപരമായി. മനുഷ്യാവകാശക്കമ്മിഷനുമുന്നില്‍ കേസ് എത്തുന്നു. സര്‍ക്കാര്‍ വക്കീലിന്റെ വാദം ശാലിനിയുടെ അച്ഛന്‍ മരിച്ചത് ഹാര്‍ട്ട് അറ്റാക്കുമൂലമാണെന്നാണ്. കേസ് മെല്ലെ സ്റ്റേറ്റും ശാലിനിയും തമ്മിലുള്ള യുദ്ധമായിമാറുന്നു. നിരോധിച്ച പണിയാണു ശാലിനിയുടെ അച്ഛന്‍ ചെയ്തതെങ്കില്‍ അയാള്‍ നിയമനിഷേധിയായ ക്രിമിനലാണെന്ന നിലയിലേക്ക് സര്‍ക്കാരിന്റെ വാദവും ഭാഷ്യവും നീളുന്നു.

ഒരു കോര്‍ട് റൂം ഡ്രാമയുടെ രൂപശില്പമാണ് സിനിമയുടെ രണ്ടാംപാതി സ്വീകരിക്കുന്നത്. ആദ്യപാദിയിലാവട്ടെ, അതൊരു സോഷ്യല്‍ ഡ്രാമയുടെ രൂപം കൈക്കൊള്ളുന്നു. ഈയടുത്ത കാലത്തുവന്ന മറാട്ടിസിനിമയായ കോര്‍ട്ട് സമാനമായ ഒരു വിഷയമാണു കൈകാര്യം ചെയ്യുന്നത്. അത് സ്വാധീനിച്ച സിനിമയാണെന്നു വിധു പറയുന്നു. എന്നാല്‍, ഇതിലെ ദലിത് വിഷയം മറ്റൊരു ആംഗിളില്‍ ആണ് കോര്‍ട്ട് കൈകാര്യം ചെയ്യുന്നത്. അതു സത്യത്തില്‍ കോടതിനടപടികളുടെ ഇന്ത്യന്‍ അവസ്ഥയുടെ പരിതാപചിത്രമാണ് നല്കുന്നത്. കോടതിരീതികള്‍ വീണ്ടും ആവിഷ്‌കരിക്കുമ്പോള്‍ കോര്‍ട്ട് ഒരു പൂര്‍വപാഠമായി തന്നെ അനുഗ്രഹിച്ചുവെന്നും വിധു സാക്ഷ്യപ്പെടുത്തുന്നു.

സ്ത്രീയായിരിക്കുന്നതുതന്നെ സിനിമാപ്രവര്‍ത്തനത്തിനു വലിയ തടസ്സമാണെന്ന് വിധുവിന്റെയും അനുഭവസാക്ഷ്യമാണ്. എന്നാല്‍, സ്ത്രീയായിരിക്കുക എന്ന അവസ്ഥയുടെ കൂടി പ്രകാശനമായിട്ടാണ് താന്‍ മാദ്ധ്യമപ്രവര്‍ത്തനത്തെയും അതിന്റെ തുടര്‍ച്ചയായ ചലച്ചിത്രപ്രവര്‍ത്തനത്തെയും കാണുന്നതെന്നും വിധു വിശ്വസിക്കുന്നു. മാന്‍ഹോളിന് ഒരു പ്രൊഡ്യൂസറെ കിട്ടുമെന്ന് കുറച്ചുകാലം കാത്തിരുന്നു. എന്നാല്‍, കമ്പോളയുക്തിക്കൊന്നും നിരക്കാത്ത കഥയും ഒന്നും പോരാഞ്ഞ് ഒരു സംവിധായികയും. ഒരു നിര്‍മാതാവും വന്നില്ല. പിതാവുതന്നെ നിര്‍മാതാവാകാന്‍ ഒരുങ്ങിയതോടെയാണ് വിധുവിന്റെ ആദ്യചലച്ചിത്രസംരംഭം മാന്‍ഹോള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. പിതാവ് ഒരു വലിയ പണക്കാരനല്ലാത്തതിനാല്‍ അദ്ദേഹം മുടക്കിയ പണത്തിനു പുറമേ, പലയിടത്തുനിന്നുമായി പണം തരപ്പെടുത്തേണ്ടിയും വന്നു.

ഏതായാലും പടം ആയി. ഇനി വിതരണമാണു പ്രശ്‌നം. ഒഴിവുദിവസത്തെ കളി പോലെയുള്ള സിനിമകള്‍ വിതരണത്തിനെടുത്ത ആഷിക് അബുവിനെപ്പോലുള്ളവരുടെ സമീപനത്തിലാണു പ്രതീക്ഷ. മറ്റു വിധത്തില്‍ റിലീസിനു ശ്രമിച്ചാല്‍ വലിയ തുക പരസ്യത്തിനാകും. അതു താങ്ങാന്‍ വയ്യ. ആഷിക് അബുവിന്റേതു പോലെ വലിയ വിതരണക്കമ്പനികള്‍ക്കേ അതു സാദ്ധ്യമാകൂ. ഐഎഫ്എഫ്‌കെയിലെ പ്രവേശം വലിയ ആവേശമായിട്ടാണ് വിധു ഉള്‍ക്കൊള്ളുന്നത്. മറ്റ് വിദേശമേളകള്‍ക്കും പടം അയച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലങ്ങള്‍ ജനുവരി അവസാനത്തോടെയേ അറിയാനാകൂ. ഏതായാലും ഐഎഫ്എഫ്‌കെയിലെ പ്രതികരണം സുപ്രധാനമാണെന്നും വിധു കരുതുന്നു. പ്രദര്‍ശനവിഭാഗത്തില്‍ കിട്ടിയാലോ എന്ന പ്രതീക്ഷയിലാണയച്ചത്. ഇവിടെ മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതുതന്നെ വലിയൊരംഗീകാരമായിട്ടാണ് വിധു കണക്കാക്കുന്നത്. ഇവിടെമാത്രം സിനിമാപ്രേക്ഷകരായി മലയാളിയുടെ സുപ്രധാനമായ ക്രോസ് സെക്ഷന്‍ സിനിമ കാണുമെന്നതാണു നിര്‍ണായകം.

ഇരയുടെ രോദനം ഓഫ്ബീറ്റ് സിനിമയുടെ കാലാകാലങ്ങളായുള്ള ഇഷ്ടവിഷയമാണോ എന്നു ചോദിച്ചാല്‍, അല്ലെങ്കില്‍ ബുദ്ധിജീവിവര്‍ഗത്തിന്റെ ചാരുകസേരമയക്കത്തിന് നിദ്രാസംഗീതമായി അത്തരം വിഷയങ്ങള്‍ ഇത്തരം സിനിമകളിലൂടെ മാറുകയല്ലേ എന്നു ചോദിച്ചാല്‍ വിധുവിന് വ്യക്തമായ ഉത്തരമുണ്ട്.

12046691_10206566155105911_7316020620977799580_n

അതൊരു ട്രെന്‍ഡ് ആയി മാറുന്നുണ്ടെന്നു തന്നെയാണ് ആ ഉത്തരത്തിന്റെ ആമുഖം. എന്നാല്‍, എക്കാലത്തും പോപ്പുലര്‍ ആയ സിനിമ എന്ന മാദ്ധ്യമത്തിന്റെ ഒരുവശം മാത്രമാണതെന്നും അവര്‍ കരുതുന്നു. ഏതു ദുഃഖത്തിന്റെ ആവിഷ്‌കാരവും ആവിഷ്‌കര്‍ത്താക്കള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തിരുന്നുതന്നെയാണു നടക്കുന്നതെന്നും കാണുന്നവരില്‍ പല തരക്കാരും അനുഭവാടിസ്ഥാനമുള്ളവരും ഉള്ളതിനാല്‍, ചിലരിലെങ്കിലും ഇത്തരം സിനിമകളുടെ സത്യസന്ധത ആഴത്തില്‍ ഫലിക്കുമെന്നും പ്രത്യാശിക്കുകയേ നിവൃത്തിയുള്ളൂവെന്നും വിധു കരുതുന്നു. മീഡിയത്തെ മാറിമാറി സ്വീകരിച്ചുകൊണ്ട് താന്‍ ഒരേ വിഷയത്തെ ആളുകളിലേക്കെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും വിധു വിശദീകരിക്കുന്നു.

വാര്‍ത്തയുടെ ഫിക്ഷനലൈസേഷന്‍ കൂടിയാണ് മാന്‍ഹോള്‍ വിധുവിന്. ആദ്യം വാര്‍ത്തയായി നല്കിയത് പിന്നീട് ഫീച്ചറായും എഴുതിയ ശേഷമാണ് ഡോക്യുമെന്ററിയിലേക്കു മാറ്റിയത്. അതിന്റെ അനന്തരമായാണ് അതിനെ ഭാവനാത്മകതലത്തില്‍ ഫീച്ചര്‍ ഫിലിമില്‍ സംക്രമിപ്പിക്കുന്നത്. നാളെ ചിലപ്പോള്‍ ഇതു വരയിലേക്കോ ഫോട്ടോഗ്രഫിയിലേക്കോ മാറിയേക്കാം, സാഹിത്യമോ സാംസ്‌കാരികപഠനലേഖനമോ ആയേക്കാം.

983838_809396745787287_5044282663242547942_n

കണ്ട എല്ലാ സിനിമയും ഏതെങ്കിലും തരത്തില്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിധുവിന്റെ പക്ഷം. മഞ്ജുളെയുടെ പുതിയ സിനിമ ഫായ്‌റിംത് ഈയിടെ ആകര്‍ഷിച്ച സിനിമയാണ്. ഓരോ കാലത്തും ഓരോ സിനിമകള്‍ ഒഴിയാബാധയായി കുറച്ചുനാള്‍ കൂടെയുണ്ടാകും. പ്രത്യേകമായി ആകര്‍ഷിച്ചത് ഇറാനിയന്‍ സിനിമകളാണ്. ലളിതമായി പറയുന്ന കഥകള്‍ക്കകത്ത് വളരെ സങ്കീര്‍ണമായ അനേകം കഥാ അടുക്കുകള്‍ കെട്ടിക്കൊരുത്ത് വേണ്ടവര്‍ക്ക് വേണ്ടതെടുക്കാന്‍ പാകത്തില്‍ അകത്തോട്ടും പുറത്തോട്ടും വളരുന്ന ആഖ്യാനങ്ങളാക്കുന്ന ആ സിനിമകളുടെ കരുത്ത് വേറേ തന്നെയാണെന്നു വിധു നിരീക്ഷിക്കുന്നു. തുര്‍ക്കിയില്‍ നിന്നുള്ള സിനിമകളും ആകര്‍ഷിക്കുന്നുണ്ട്, വിധുവിനെ. പൊതുവേ, നോണ്‍ യൂറോപ്യന്‍ സിനിമകളാണ് ഈയടുത്ത് വിധുവിനു വഴികാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here