കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സംസ്‌ക്കാര ചടങ്ങുകൾ കൊച്ചിയിലെ രവിപുരം ശ്‌മശാനത്തിൽ നടന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകൾ നടന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കർശന നിയന്ത്രണത്തോടെയായിരുന്നു ചടങ്ങുകൾ. സംവിധായകൻ ര‌ഞ്ജിത്ത് അടക്കമുള്ള പ്രമുഖർ അദേഹത്തിന് അന്ത്യ ചുംബനം നൽകാനായി ശ്‌മശാനത്തിലേക്കെത്തി.

സിനിമ രംഗത്ത് നിന്നും അഭിഭാഷക മേഖലയിലേയും നിരവധി സഹപ്രവർത്തകരാണ് സച്ചിയെ അവസാനമായി ഒരു നോക്ക് കാണാൻ വീട്ടിലും രവിപുരത്തെ ശ്‌മശാനത്തിലുമായി എത്തിച്ചേർന്നത്. പലരും സങ്കടം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു.തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ച സച്ചിയുടെ മൃതദേഹത്തിനരികിൽ പൊട്ടിക്കരഞ്ഞ് ഭാര്യയും ബന്ധുക്കളും നിൽക്കുന്ന കാഴ്ചയും കരളലിയിക്കുന്നതായിരുന്നു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ അഡ്വക്കേറ്റ് ചേമ്പറിൽ പൊതുദർശനത്തിനുവച്ച ഭൗതികദേഹത്തിൽ സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

നടന്മാരായ പൃഥ്വിരാജ്, മുകേഷ്, ലാൽ തുടങ്ങി നിരവധി പേർ സച്ചിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി. തന്റെ പ്രിയ സുഹൃത്തിന്റെ ജീവനറ്റ ശരീരത്തിന് മുന്നിൽ വികാരഭരിതനായി പൃഥ്വി തെല്ലുനേരം നിന്നു. ഒപ്പം സുരാജ് വെഞ്ഞാറമൂടും സച്ചിക്ക് ആദരാഞ്ജലി അർപ്പിച്ചു.ഇന്നലെ രാത്രിയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സച്ചിയുടെ അന്ത്യം. അയ്യപ്പനും കോശിയും ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. 12 സിനിമകൾക്ക് തിരക്കഥയെഴുതിയ സച്ചി രണ്ട് സിനിമകൾ സംവിധാനവും ചെയ്‌തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here