കൊച്ചി: തന്‍റെ സിനിമ തോന്നിയ ഇടത്ത് പ്രദർശിപ്പിക്കും, കാരണം അതിന്‍റെ സ്രഷ്ടാവ് ഞാനാണ് എന്ന ഫേസ്ബുക് പോസ്റ്റുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. കോവിഡ് കാലത്ത് തിയറ്ററുകൾ അടച്ചിട്ടതിനെ തുടർന്ന് പല സിനിമകളും ഒ.ടി.ടി റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെതിരെ നിർമാതാക്കളും തിയറ്റർ ഉടമകളും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മുൻനിര സംവിധായകരുടെ ഭാഗത്ത് നിന്ന് വലിയ ചെറുത്തുനിൽപ്പാണ് ഉണ്ടായത്.

പുതിയ സിനിമകൾ ചിത്രീകരിക്കുന്നതിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. തന്‍റെ പുതിയ സിനിമയുടെ പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് ലിജോ ഇതിനെ നേരിട്ടത്. ചിത്രത്തിന്‍റെ പേരോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ‘എ’ എന്നെഴുതിയ ഒരു പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ലിജോ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചത്.

പുതിയ സിനിമകൾക്ക് പണം നൽകേണ്ടതില്ലെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനമെടുത്തതോടെ ഫേസ്ബുക് കുറിപ്പിലൂടെ തന്‍റെ നിലപാട് വ്യക്തമാക്കുകയാണ് ലിജോ.

“എന്നെ സംബന്ധിച്ചിടത്തോളം സിനിമ, പണം സമ്പാദിക്കുന്ന യന്ത്രമല്ല, മറിച്ച് എന്‍റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ്. അതിനാൽ ഇന്ന് മുതൽ ഞാൻ ഒരു സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകനാണ്. സിനിമയിൽ നിന്ന് ഞാൻ സ്വരൂപിക്കുന്ന പണം മുഴുവൻ മികച്ച സിനിമയ്ക്ക് ഇന്ധനമായി ഉപയോഗിക്കും. എന്‍റെ സിനിമ എനിക്ക് ശരിയെന്ന് തോന്നുന്നിടത്ത് ഞാൻ പ്രദർശിപ്പിക്കും, കാരണം അതിന്റെ സ്രഷ്ടാവ് ഞാനാണ്.” ലിജോ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here