മുംബയ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച എൻ.എസ്.ജി കമാന്റോ മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിത കഥ അണിയറയിൽ ഒരുങ്ങുന്നു. ‘മേജർ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ തെലുങ്ക് താരം അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുക. ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രം നിർമ്മിക്കുന്നത് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്‌ചേഴ്സും ചേർന്നാണ്.

ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രമൊരുങ്ങുന്നത്.മേജറിന്റെ ചരമവാർഷിക ദിനമായ നവംബർ 27ന് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ‘മേജർ ബിഗിനിംഗ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയിൽ, മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ച തന്റെ അനുഭവം ഹൃദ്യമായി ആദിവി ശേഷ് അനുസ്‌മരിക്കുന്നു. സിനിമയിൽ കരാർ ഒപ്പിട്ടത് മുതൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങൾ ആദിവി ശേഷ് വിശദീകരിച്ചു.’മേജർ ജീവിച്ച രീതിയെക്കുറിച്ചാണ് ചിത്രം, അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചല്ല’ എന്നും അദിവി പറഞ്ഞു.2021 ആദ്യം ചിത്രം റിലീസ് ചെയ്യും. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2008ലെ മുംബയ് ഭീകരാക്രമണത്തിൽ 14 പേരെ രക്ഷിച്ചശേഷം പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യു വരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here