ന്യൂയോര്‍ക്ക്: സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. ജോസ് കാനാട്ട്  ഫൊക്കാനാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നു. മികച്ച സംഘാടകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും കേരളത്തിലെ സാധുജനങ്ങള്‍ക്കായി നിരവധി ജീവകാരുണ്യപ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന മനുഷ്യസ്‌നേഹിയുമാണ് ഡോ. ജോസ് കാനാട്ട്.   

സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റ്, 2004 കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍, ന്യൂയോര്‍ക്ക് റീജിയണല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്  മികവ് തെളിയിച്ച വ്യക്തിയാണ് ഡോ. കാനാട്ട്. ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ജോയന്റ് സെക്രട്ടറി, കേരളസമാജം ഗ്രേററര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ച പരിചയസമ്പത്ത് ഇദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനവഴികളില്‍ ഊര്‍ജം പകരും. 

പാലാ സെന്റ് തോമസ് കോളജില്‍ നിന്ന് മാസ്റ്റേഴ്‌സും റാഞ്ചി സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും നേടിയ ഡോ. ജോസ് കാനാട്ട്  ഇരുപത്തൊന്നു വര്‍ഷമായി ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ താമസിക്കുന്നു.   ബയോ മെഡിക്കല്‍ രംഗത്ത് ബിസിനസ് നടത്തുന്ന ഇദ്ദേഹം,  കേരളത്തില്‍ ഇന്തോ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ  ചെയര്‍മാനുമാണ്.

 2016-2018 കാലയളവില്‍  പ്രസിഡന്റായി സേവനമനുഷ്ഠിക്കുവാന്‍ തയാറെടുക്കുന്ന മാധവന്‍ ബി നായരുടെ നേതൃത്വത്തിലുള്ള ഫൊക്കാനയക്ക് ഡോ. ജോസ് കാനാട്ട് എന്ന ബഹുമുഖ പ്രതിഭയുടെ സാരഥ്യം ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നുറപ്പ് ഉണ്ടെന്നും   ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേരള സമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ലിംകാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോമസ്, ഇന്ത്യന്‍  അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് പ്രസിഡന്റ് ഇട്ടന്‍ ജോര്‍ജ് പടിയേടത്ത്, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ഫൊക്കാനാ ന്യൂയോര്‍ക്ക് റീജിയണല്‍ സെക്രട്ടറി അലക്‌സ് തോമസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. 

 ജോര്‍ജ് തുമ്പയില്‍

LEAVE A REPLY

Please enter your comment!
Please enter your name here