സലിം

നിർദ്ധനരും,ആലംബഹീനരും,അശരണരുമായവരെ സഹായിക്കുന്നതിനും, അവരുടെ ജീവിത പ്രതിസന്ധികളിൽ ഒരു കൈത്താങ്ങാകുവാനും,  ഫോമാ രൂപം നൽകിയ സാമ്പത്തിക സഹായ പദ്ധതിയായ ഹെല്പിങ് ഹാന്റിന്റെ  ഉദ്ഘാടനം ഇന്ന്  വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം  8.30 ന് മുൻ പത്തനം തിട്ട ജില്ലാ കലക്ടറും, കോപ്പറേറ്റിവ് രജിസ്ട്രാറുമായ ഡോ. പി.ബി.നൂഹ് ഐഎഎസ് നിർവഹിക്കും.തദവസരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിന് മാതൃകയായ  ദയാബായി, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ഫാ. ഡേവിസ് ചിറമേൽ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി (ശാന്തിഗിരി), എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

 

നൂറ് ഡോളറിൽ കുറയാത്ത സംഭാവനയായി നൽകി ഹെല്പിങ് ഹാന്റിൽ പങ്കാളികളാകാം. ഇതിനോടകം ആയിരവും അഞ്ഞൂറും ഡോളറുകൾ സംഭാവനയായി നല്കാൻ സന്നദ്ധരായി  നൂറിൽ അധികം പേർ മുന്നോട്ടു വന്നിട്ടുണ്ട്.

 

അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളിൽ പെടുന്നവർക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർക്കും ഉപകാരപ്പെടുന്ന വിധമാണ്  ഫോമയുടെ  ഹെല്പിങ് ഹാൻഡ് സാമ്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലും പെട്ട് സാമ്പത്തിക  ക്ലേശമനുഭവിക്കുന്നവർ , വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സ രംഗത്തെ ആവശ്യങ്ങൾക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ, തുടങ്ങിയവരെയാണ്  ഹെല്പിങ് ഹാന്റിന്റെ ഗുണഭോക്താക്കൾ ആയി കണക്കാക്കുക. പ്രതിമാസം അഞ്ച് അപേക്ഷകളും ,  അടിയന്തിര പരിഗണന അർഹിക്കുന്ന മറ്റേതെങ്കിലും അപേക്ഷകളും  ആണ് പരിഗണിക്കുക.  സഹായ ഹസ്തം ആവശ്യമുള്ളവർക്ക് ഫോമയുടെ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാനാകും. രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾക്ക് അവയുടെ ഗൗരവമനുസരിച്ചും,  പങ്കാളികളുടെ താത്പര്യപ്രകാരവും  തുക നൽകാവുന്ന വിധത്തിലാണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.

 

ഹെല്പിങ് ഹാന്‍ഡിന്റെ വിജയത്തിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായുള്ള സേവന സന്നദ്ധരായ നൂറില്‍ പരം അംഗങ്ങള്‍ പ്രദീപ് നായര്‍, ഗിരീഷ് പോറ്റി,സാബു ലൂക്കോസ്,  ബിജു  ചാക്കോ, ജെയ്ന്‍ കണ്ണച്ചാന്‍പറമ്പില്‍, ഡോ.ജഗതി നായര്‍, നിഷ എറിക്, മാത്യു ചാക്കോ, ജയാ അരവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ കർമ്മനിരതരായിട്ടുണ്ട്.

 

 

ഫോമയുടെ പ്രവര്‍ത്തനങ്ങളെ എല്ലായ്പ്പോഴും പിന്തുണക്കുന്ന എല്ലാ മലയാളികളും ഇന്ന്  സൂം വെബിനാറില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിവിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here