സ്വന്തം ലേഖകൻ 

ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിന് രൂപം കൊണ്ടിട്ട് 136 വർഷം പിന്നിടുമ്പോൾ ആ മഹത്തായ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്നും തുടരാൻ ഭാഗ്യം ലഭിച്ചതിൽ അഭിമാനം കൊള്ളുന്നതായി  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് 
(ഐ ഒ സി) കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് . കേരളത്തിൽ ഒരു കോൺഗ്രസ് തറവാട്ടിൽ പിറന്ന് , കോൺഗ്രസ് രാഷ്ട്രീയം മാത്രം കണ്ടു വളർന്ന്,  കോൺഗ്രസ് പ്രസ്ഥാനത്തിൽ ദീർഘകാലം പ്രവർത്തിച്ച വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ടപ്പോഴും ഉള്ളിൽ എപ്പോഴും കോൺഗ്രസ് എന്ന പ്രസ്ഥാനത്തോടുള്ള ഊഷ്മളമായ സ്നേഹബന്ധങ്ങൾ മുറിഞ്ഞു പോകാതിരിക്കാൻ കാരണമായത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൽ പ്രവർത്തിക്കാൻ കഴിഞ്ഞതുകൊണ്ടാണെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136  മത് പിറന്നാൾ ദിനത്തോടനുബന്ധിച്ചുള്ള അനുസ്‌മരണ സന്ദേശത്തിൽ ലീല മാരേട്ട് പറഞ്ഞു.
 
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രവും ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്.
1885 ാം ആണ്ട് ഇന്നേ ദിവസം ബ്രിട്ടീഷ് അടിമത്വത്തിന്റെ ചങ്ങലയാൽ ബന്ദിതമായിരുന്ന ഇന്ത്യയിലെ ജനങ്ങളെ ബോധവൽക്കരിക്കാൻ രൂപംകൊണ്ട ഒരു മഹത് പ്രസ്ഥാനമാണ് ഇന്ത്യൻ  നാഷണൽ കോൺഗ്രസ് . സർദാർവല്ലഭായി പട്ടേൽ, മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു തുടങ്ങിയ നേതാക്കളുടെ ത്യാഗോജ്വലമായ നേതൃത്വം ആണ് നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്.

സ്വാതന്ത്ര്യത്തിന് ശേഷവും, വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക ശാസ്ത്രത്തിന്റെയും വിത്തുകൾ പാകി, ഇന്ത്യയെ അന്താരാഷ്ട്ര സാമ്പത്തിക മേഖലയിൽ മുൻനിരയിൽ എത്തിക്കുവാൻ രാജ്യം ഭരിച്ച കോൺഗ്രസ് മന്ത്രിസഭകൾക്ക് സാധിച്ചു. കോൺഗ്രസ് പാർട്ടി ഇന്ത്യൻ ജനതയുടെ വികാരം ഉൾക്കൊണ്ടുകൊണ്ട് ജനകീയ ഭരണമാണ് കാഴ്ചവച്ചത്. ജനാധിപത്യ മൂല്യങ്ങളെയും മതേതരത്വത്തെയും ഉയർത്തി പിടിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംഘടനയാണിത്. 2004 മുതൽ 2014 വരെയുള്ള കോൺഗ്രസ് ഭരണത്തിൽ 114 കോടി ജനതയെ ദാരിദ്ര്യത്തിൽ നിന്നും ഉയർത്തിയെടുത്തു. 
 
നിലവിൽ ഇന്ത്യയിൽ ഭരണത്തിലുള്ള നരേന്ദ്രമോദി സർക്കാർ രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ ന്യായമായ അവകാശങ്ങൾ കവർന്നെടുക്കാനുള്ള മൂന്ന് ബില്ലുകളാണ് പാസാക്കിയിരിക്കുന്നത്. അവകാശ സംരക്ഷണത്തിനായി 33 ദിവസമായി കർഷകർ ഡൽഹിയിലെ കൊടുതണുപ്പിൽ സമര രംഗത്താണ് കർഷകർ. കോർപ്പറേറ്റ് ഭരണം കാഴ്ചവയ്ക്കുന്ന കേന്ദ്രസർക്കാർ കർഷകന്റെ ദുരിതം അകറ്റാൻ ഒരു നിലപാടും ഇതുവരെ സ്വീകരിച്ചിട്ടില്ല.  
 
സാധാരണക്കാർക്കൊപ്പം നിൽക്കാതെ വൻകിട കോർപ്പറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതിയ ബി ജെ പി സർക്കാർ ഇന്ത്യക്ക് അപമാനമാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ പോലെ കാര്യപ്രാപ്തിയുള്ള ഒരു പ്രധാനമന്ത്രിയാണ് രാജ്യത്തിന്റെ സമഗ്ര വികസനത്തിനും മതേതരത്വത്തിനും അനിവാര്യമെന്ന് കാലം വ്യക്തമാക്കുന്നു. ഒപ്പം കോൺഗ്രസിന് ശക്തമായ ഒരു നേതൃത്വവും അനിവാര്യമാണ്. കോൺഗ്രസിന്റെ ഭരണമാണ് ജനം കാംഷിക്കുന്നത്, ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് അതിന് ഏക തടസം.

ഇന്ത്യൻ ജനാധിപത്യവും ലോകത്തിന് തന്നെ മാതൃകയായ മതേതരത്വവും നിലനിർത്താൻ മഹത്തായ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ടത് കാലം നമ്മിലേൽപ്പിച്ച കടമയാണ്. ഈ കടമ നിർവ്വഹിക്കാനുള്ള പ്രതിജ്ഞയാണ് കോൺഗ്രസിന്റെ ജന്മദിനത്തിൽ നമുക്ക് എടുക്കാനാവുക.
ഐ ഒ. സി ചെയർമാൻ തോമസ് മാത്യു, സെക്രെട്ടറി സജി കരിംപന്നൂർ, സീനിയർ വൈസ് പ്രസിഡണ്ട് സതീശൻ നായർ , പോൾ കറുകപ്പള്ളിൽ , കേരള ചാപ്റ്റർ ട്രഷറർ വിപിൻ രാജ് എന്നിവരും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനത്തിൽ തങ്ങളുടെ വികാരങ്ങൾ പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here