പിതാവിന്റെ എതിര്‍പ്പ് അവഗണിച്ച് അദ്ദേഹത്തിനു രഹസ്യമായി വൃക്ക ദാനം ചെയ്ത് 25 കാരി മകള്‍. മിസൂറിയില്‍ ഡിലൈന്‍ എന്ന യുവതിയാണ് പിതാവ് ജോണ്‍ ഇവാനോവിസ്‌കിക്ക് അദ്ദേഹം അറിയാതെ വൃക്ക നല്‍കിയത്. രണ്ടു ദിവസം കൂടുമ്പോള്‍ അഞ്ചു മണിക്കൂര്‍ ഡയാലിസിസ് വേണ്ടിയിരുന്ന വ്യക്തിയായിരുന്നു ജോണ്‍ ഇവാനോവിസ്‌കി.

വൃക്ക മാറ്റി വെയ്ക്കല്‍ മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ താന്‍ പിതാവിന് വൃക്ക നല്‍കാമെന്ന് മകള്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ മകളില്‍ നിന്ന് വൃക്ക സ്വീകരിക്കാന്‍ പിതാവ് തയ്യാറായില്ല. നീ വളരെ ചെറുപ്പമാണ്. നിനക്കിനിയും ജീവിതം ഏറെ ബാക്കിയുണ്ട്. എന്റെ സമയം കഴിയാറായി എന്നായിരുന്നു ജോണിന്റെ മറുപടി. പതിനാറു വര്‍ഷം മുന്‍പ് ക്യാന്‍സര്‍ ബാധിച്ച് മകനെ നഷ്ടപ്പെട്ട വേദനയില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ലാത്ത ജോണിന് മകള്‍ക്ക് കൂടി എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയമായിരുന്നു.

എന്നാല്‍ പിതാവ് എതിര്‍ത്തെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ മകള്‍ തയ്യാറായില്ല. പിതാവറിയാതെ രഹസ്യമായി സമ്മതപത്രം നല്‍കി സര്‍ജറിക്ക് വിധേയയാവുകയായിരുന്നു ഡിലൈന്‍. സര്‍ജറിക്ക് ശേഷമാണ് മകളാണ് തനിക്ക് വൃക്ക നല്‍കിയതെന്ന് ജോണറിഞ്ഞത്. ഞെട്ടിപ്പോയ അദ്ദേഹം ആദ്യം പറഞ്ഞത് ഇല്ല നീ തമാശ പറയുകയാണ് എന്നായിരുന്നു. പിന്നീട് നിരാശ്ശയോടെ നീ എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു എന്നും പറഞ്ഞു.

‘ഞാന്‍ അത് ചെയ്യാന്‍ ഉറച്ചിരുന്നു. അദ്ദേഹം എന്നോട് എത്ര ദേഷ്യം പിടിച്ചാലും സഹിക്കാനും തീരുമാനിച്ചു. എന്നെ വീട്ടില്‍ നിന്നു പുറത്താക്കിയാലും എത്രയേറെ വെറുത്താലും ഒരിക്കലൂം മിണ്ടാതിരുന്നാലും എനിക്കൊരു പ്രശ്‌നവുമില്ല. എനിക്ക് അദ്ദേഹം ആരോഗ്യത്തോടെ ജീവിക്കുന്നതു കണ്ടാല്‍ മതി. ആ യന്ത്രങ്ങളൊന്നും ഇല്ലാതെ.’ എന്നായിരുന്നു ഡിലൈന്റെ പ്രതികരണം. സോഷ്യല്‍മീഡിയയില്‍ സംഭവം വൈറലായതോടെ ഡിലൈനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here