
പോള്‍ കറുകപ്പള്ളില്‍:
ഇന്ദ്രജാലരംഗത്തെ വിസ്മയമായി അരങ്ങുവാണിരുന്ന അതുല്യപ്രതിഭയാണ് താങ്കള്‍.. അങ്ങയുടെ ത്രസിപ്പിക്കുന്ന പ്രകടനങ്ങള്‍ ലക്ഷണക്കണക്കിന് കാണികളെയാണ് അത്ഭുതത്തിന്റെ പുളകംകൊള്ളിച്ചത്. എത്രയെത്ര രാജ്യങ്ങള്‍, എത്രയെത്ര ആരാധകര്‍… ഒട്ടേറെ അംഗീകാരങ്ങള്‍.. ഞാനടക്കം അങ്ങയുടെ ഇന്ദ്രജാല പരിപാടികള്‍ നിരവധി തവണ സംഘടിപ്പിച്ചിട്ടുള്ളതാണ്. അങ്ങനെ ഇന്ദ്രജാല ലോകത്ത് ലൈം ലൈറ്റില്‍ മിന്നിത്തിളങ്ങി നിന്ന അങ്ങ്, ഒരു ദിവസം തന്റെ നെഞ്ചോട് ചേര്‍ത്ത് പ്രണയിച്ച ഇന്ദ്രജാലത്തെ നിഷ്‌കരുണം മാറ്റിവച്ച് ഭിന്നശേഷിക്കാര്‍ക്കായി ജീവിക്കാന്‍ തീരുമാനിച്ചു. ഒരുപക്ഷെ ഒരുപാടുപേരെ നിരാശരാക്കിയ എന്നാല്‍ അരികുവത്കരിച്ച ഒരു സമൂഹത്തിന് പ്രത്യാശ നല്‍കിയ ആ സാഹചര്യം ഒന്ന് വിശദീകരിക്കാമോ?

ഗോപിനാഥ് മുതുകാട്:
ചില തിരിച്ചറിവുകള്‍ പുതിയ ചിന്തകള്‍ക്ക് വഴിവയ്ക്കുന്നു.. ചില അനുഭവിച്ചറിയലുകള്‍ പുതിയ വഴികള്‍ തുറക്കുന്നതിന് കാരണമാകുന്നു.. അതങ്ങനെയാണ്.. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഭിന്നശേഷിക്കുട്ടികളെക്കുറിച്ചോ, അവരുടെ കുടുംബങ്ങളെക്കുറിച്ചോ അവസ്ഥകളെക്കുറിച്ചോ ചിന്തിച്ചിട്ടുകൂടിയില്ല. ഇന്ദ്രജാലമല്ലാതെ മറ്റൊന്നും തന്നെ മനസ്സിലുണ്ടായിരുന്നുമില്ല. ഓരോ നിമിഷവും ഇന്ദ്രജാലത്തിന്റെ പുതിയ ആകാശങ്ങള്‍ തേടിയുളള സഞ്ചാരമായിരുന്നു. അങ്ങനെയിരിക്കെ ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനായി സംസ്ഥാന ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കേരളയാത്രയാണ് എല്ലാ മാറ്റങ്ങള്‍ക്കും തുടക്കമാകുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടത്തിയ യാത്ര പൂര്‍ത്തിയാവുമ്പോഴേക്കും എന്റെ ചിന്തകള്‍ ചിതറിപ്പോയിരുന്നു. മായാജാലത്തോടുള്ള കടുത്ത പ്രണയത്തിനിടയില്‍ അത്തരം കുട്ടികളും അവരുടെ കുടുംബവും നേരിടുന്ന വിഷമതകളെകുറിച്ച് ഞാന്‍ അതുവരെ ചിന്തിച്ചിരുന്നതേയില്ല. ആ യാത്രയില്‍ കണ്ടതും കേട്ടതും അനുഭവിച്ചതും അത്രയുംകാലം മനസ്സിലേക്ക് കടന്നുവരാത്ത ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളായിരുന്നു. ഓരോ അമ്മയും അനുഭവിക്കുന്ന വേദനകള്‍ നെഞ്ചുതുളച്ച് എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. ഇത്തരമൊരു കുട്ടിയുള്ള ഒരു കുടുംബം മുഴുവന്‍ പേറുന്ന യാതനകള്‍ സമാനതകളില്ലാത്തതാണെന്ന് തിരിച്ചറിഞ്ഞു. പിന്നെ മറ്റൊന്നും ചിന്തിക്കുവാന്‍ എനിക്കാവുമായിരുന്നില്ല. അന്നത്തെ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീലിനെയും കൂട്ടി സാമൂഹ്യനീതിയും ആരോഗ്യവകുപ്പും കൈകാര്യം ചെയ്തിരുന്ന മന്ത്രി കെ.കെ ശൈലജ ടീച്ചറിനെ പോയി കണ്ടു. ഭിന്നശേഷിക്കുട്ടികളെ ഇന്ദ്രജാലം പഠിപ്പിക്കുക, അതിലൂടെ അവര്‍ക്കൊരു സന്തോഷം നല്‍കുക അതുമാത്രമായിരുന്നു ഉള്ളിലുണ്ടായിരുന്നത്. എന്നിലെ വിശ്വാസം കൊണ്ടാവണം ഒരു പരീക്ഷണമെന്ന നിലയില്‍ അതേറ്റെടുക്കാന്‍ സാമൂഹ്യനീതി വകുപ്പ് തയ്യാറായി. ടീച്ചറിന്റെ വാക്കുകളിലെ ആത്മവിശ്വാസം നല്‍കിയ പിന്തുണ ചെറുതല്ലായിരുന്നു. 23 കുട്ടികളെയാണ് അന്നേറ്റെടുത്തത്. അനുയാത്ര പദ്ധതിയുടെ ഭാഗമായി അവരെ ഏറ്റെടുത്ത് 6 മാസത്തെ നിരന്തര പരിശീലനത്തിലൂടെ ഭിന്നശേഷിക്കുട്ടികളുടെ ആദ്യ ഇന്ദ്രജാലസംഘത്തിന് തിരിതെളിയിക്കാനായി.
പോള്‍ കറുകപ്പള്ളില്‍:
അതെ.. അതൊരു വിപ്ലവകരമായ തുടക്കം തന്നെയായിരുന്നുവെന്ന് പിന്നീട് കടന്നുവന്ന നാളുകള്‍ തെളിയിച്ചിട്ടുണ്ട്. ഭിന്നശേഷിക്കുട്ടികളെ പരിചയിച്ചോ, പരിചരിച്ചോ അനുഭവമില്ലാത്ത അങ്ങേയ്ക്കെങ്ങനെയാണ് ഈ കുട്ടികളെ ഇന്ദ്രജാലത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നുനല്‍കുവാനുള്ള ധൈര്യം ലഭിച്ചത്?

ഗോപിനാഥ് മുതുകാട്:
അതിന്നും എനിക്കറിയില്ലാത്ത ഒരു കാര്യമാണ്. ഈ കുട്ടികള്‍ എങ്ങനെയാണ് പെരുമാറുന്നതെന്നോ അവരുടെ സ്വഭാവസവിശേഷതകളെന്തൊക്കെയാണെന്നോ അറിയാത്ത ഞാന്‍ ആ വെല്ലുവിളി ഏറ്റെടുത്തു. 6 മാസത്തെ നിരന്തര പരിശീലനം അവരെ മാറ്റത്തിന്റെ പുതിയൊരു പാതയിലേയ്ക്കാണ് നയിച്ചത്. അന്നത്തെ ഉപരാഷ്ട്രപതി ശ്രീ.ഹാമിദ് അന്‍സാരിയുടെ മുമ്പില്‍ എന്റെ മക്കള്‍ ഒരു തെറ്റും കൂടാതെ ഇന്ദ്രജാലം അവതരിപ്പിച്ചു. കണ്ണും മനസ്സും നിറയിച്ച അപൂര്‍വ പ്രകടനമായിരുന്നുവെന്ന് വിശിഷ്ടവ്യക്തികള്‍ ഭിന്നശേഷിക്കുട്ടികളെ മുക്തകണ്ഠം പ്രശംസിക്കുമ്പോള്‍ അന്നതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വല്ലാത്ത ആനന്ദം മനസ്സിനെ അപ്പാടെമൂടുകയായിരുന്നു. ഇന്ദ്രജാലാവതരണം പരിപൂര്‍ണതയോടെ അവതരിപ്പിച്ചുകഴിഞ്ഞു.. ഇനി എന്ത് എന്ന് ആ മക്കളുടെ അമ്മമാര്‍ വന്ന് ചോദിക്കുമ്പോള്‍ എനിക്കൊരുത്തരം കൊടുക്കുവാന്‍ കഴിയുമായിരുന്നില്ല. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ആ അമ്മമാരുടെ കണ്ണുകളില്‍ ദൈന്യത നിഴലിക്കുന്നുïായിരുന്നു. അതിനൊരുത്തരമായി മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കാര്‍ക്കായി ഇന്ദ്രജാലാവതരണത്തിന് ഒരു സ്ഥിരം വേദി എന്ന ആശയം മിഴിതുറന്നു. അങ്ങനെ അനുയാത്ര ബ്രാന്‍ഡ് അംബാസഡേഴ്സില്‍ നിന്നും തിരഞ്ഞെടുത്ത 5 പേരുമായി 2017ല്‍ എംപവര്‍ സെന്റര്‍ ആരംഭിച്ചു.

പോള്‍ കറുകപ്പള്ളില്‍:
ഭിന്നശേഷി വിഭാഗത്തിന് വലിയൊരാശ്വാസമായി മാറിയ എംപവര്‍ സെന്റര്‍ പൊതുവേ സ്വീകരിക്കപ്പെട്ടു. മാജിക് പ്ലാനറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ കുട്ടികളുടെ പ്രകടനം വേറിട്ടൊരു അനുഭവമായി തീര്‍ന്നിരുന്നു. സെന്ററില്‍ പലപ്പോഴായുള്ള സന്ദര്‍ശനങ്ങളില്‍ നിന്നും ഞാനത് മനസ്സിലാക്കിയതുമാണ്. എങ്ങനെയാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്ന ആശയം മനസ്സിലേയ്ക്ക് വരുന്നത്?
ഗോപിനാഥ് മുതുകാട്:
എംപവറിലെ കുട്ടികളുടെ ഇന്ദ്രജാല പ്രകടനത്തിലൂടെ ഈ കുട്ടികളുടെ മാനസിക ബൗദ്ധിക നിലകളില്‍ മാറ്റം വരുന്നതായി അവരുടെ രക്ഷിതാക്കള്‍ പറയുന്നുണ്ടായിരുന്നു. അവരുടെ സ്വഭാവരീതികളില്‍പ്പോലും ആരോഗ്യകരമായ മാറ്റങ്ങളാണ് വന്നതെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഈ മാറ്റങ്ങള്‍ ശാസ്ത്രീയമായി പഠിക്കുവാനായി ഗവണ്‍മെന്റ് ഏജന്‍സിയായ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിനോട് ആവശ്യപ്പെട്ടു. ശ്രീമതി. ശൈലജ ടീച്ചര്‍ ഈ കാര്യത്തിനും പൂര്‍ണ പിന്തുണയാണ് നല്‍കിയത്. സി.ഡി.സിയിലെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ എംപവര്‍ സെന്ററിലെ കുട്ടികളെ അസസ്മെന്റിന് വിധേയരാക്കി. ഈ കുട്ടികളില്‍ ഐ.ക്യു ഇ.ക്യു ലെവലുകളില്‍ വലിയൊരു മാറ്റമാണ് വന്നതെന്ന് ഡോക്ടര്‍മാര്‍ അസെസ്മെന്റിലൂടെ മനസ്സിലാക്കി. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും ചെയ്തു. ഇന്ദ്രജാല കലാപരിശീലനവും അതിലൂടെ കാണികള്‍ നല്‍കുന്ന കൈയടിയും പ്രോത്സാഹനവുമൊക്കെ കുട്ടികളുടെ മാനസിക ശാരീരിക നിലകളില്‍ പുരോഗതിയുണ്ടാക്കുന്നുവെന്ന കണ്ടെത്തല്‍ പുതിയൊരു വഴി തുറക്കുന്നതിന് കാരണമാവുകയായിരുന്നു. കലാപരിശീലനം കുട്ടികളുടെ സൈക്കോ മോട്ടോര്‍ തലങ്ങളിലെ വികാസത്തിന് കാരണമാകുന്നുവെങ്കില്‍ എന്തുകൊണ്ട് ഇന്ദ്രജാലത്തില്‍ മാത്രം ഒതുക്കുന്നുവെന്ന ചിന്തയാണ് പിന്നീടുണ്ടായത്. സര്‍ഗാത്മകമായ ഒട്ടേറെ കഴിവുകളും ഉള്ളില്‍പേറി നിരവധി ഭിന്നശേഷിക്കുട്ടികള്‍ വീടുകളുടെ അകത്തളങ്ങളില്‍ ഇന്നും തുടരുന്നുണ്ട്. കൂടുതല്‍ കുട്ടികളെ കലാലോകത്തിലേയ്ക്ക് കൊണ്ടുവരാനും അവരില്‍ മാറ്റമുണ്ടാക്കുവാനും സാധിച്ചാല്‍ അത് അവരുടെ മാതാപിതാക്കള്‍ക്കും സമൂഹത്തിനും വലിയൊരു ആശ്വാസമാകുമെന്ന് തോന്നി. അങ്ങനെയാണ് 2019ല്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്ന പദ്ധതി ആരംഭിക്കുന്നത്. ഈ പദ്ധതിയിലൂടെ കുട്ടികളില്‍ ഇന്ദ്രജാലത്തിന് പുറമെ സംഗീതം, നൃത്തം, ചിത്രരചന, അഭിനയം, സിനിമാ നിര്‍മാണം, ഉപകരണ സംഗീതം എന്നിവയില്‍ പരിശീലനം നല്‍കുന്നതിനായി വ്യത്യസ്തങ്ങളായ 7 വേദികള്‍ നിര്‍മിച്ചു. ജാലിയോ മഹല്‍, ബീഥോവന്‍ ബംഗ്ലാവ്, ഇന്ത്യാഫോര്‍ട്ട്, ആഞ്ചലോസ് ആര്‍ട് ട്രീ, കാമെല്ലേ കാസ്‌കേഡ്, ഡിഫറന്റ് തോട്ട് സെന്റര്‍ തുടങ്ങിയവയില്‍ ഇന്ന് മുന്നൂറില്‍പ്പരം കുട്ടികള്‍ വിവിധ കലകള്‍ അഭ്യസിച്ചുവരുന്നു.

പോള്‍ കറുകപ്പള്ളില്‍:
ഡിഫറന്റ് ആര്‍ട് സെന്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു വിസ്മയലോകം തന്നെയാണ്. 2014ല്‍ മാജിക് പ്ലാനറ്റ് ആരംഭിച്ചതിനുശേഷം പല ഉദ്ഘാടന പരിപാടികള്‍ക്കും എനിക്ക് പങ്കെടുക്കാന്‍ ഭാഗ്യമുണ്ടായി. പലതും യാദൃശ്ചികമായി സംഭവിച്ചതാണ്. ഒരു നിയോഗം പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തുകൊണ്ടോ അവിടെയെത്തുമ്പോള്‍ ഒരു പ്രത്യേക പോസിറ്റീവ് എനര്‍ജിയാണ് ലഭിക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്ക് ഒരോ തവണയും കടന്നുവരുമ്പോള്‍ ആ കുട്ടികള്‍ ഓടിവന്ന് കെട്ടിപ്പിടിച്ച് എന്നോട് കാണിക്കുന്ന സ്‌നേഹം ഞാന്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഭിന്നശേഷി മേഖലയ്ക്ക് ഡിഫറന്റ് ആര്‍ട് സെന്റര്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളും സംഭാവനകളും മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്തതുമാണ്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ 4 വര്‍ഷം പിന്നിടുന്നു. എന്താണ് പറയുവാനുള്ളത്?
ഗോപിനാഥ് മുതുകാട്:
ഒഴിവാക്കപ്പെടേണ്ടവരല്ല ഭിന്നശേഷിക്കാരെന്ന് ഉത്തമബോധ്യപ്പെടലുണ്ടാകേണ്ടത് നമ്മുടെയൊക്കെ മനസ്സുകളിലാണ്. അവിടെ നിന്നാണ് ഇത്തരം കുട്ടികളുടെ സാമൂഹിക പുരോഗതിക്ക് നിദാനമായ ഇടപെടലകളുണ്ടാവേണ്ടത്. നമുക്കിവരെ നമ്മോടൊപ്പം വളര്‍ത്തിയെടുക്കാന്‍, ചേര്‍ത്തുനിര്‍ത്താന്‍ സഹതാപമല്ല വേണ്ടത് മറിച്ച് സഹജീവിയാണെന്ന കരുതല്‍ മാത്രം മതി.. ആധുനിക വൈദ്യശാസ്ത്ര പ്രകാരം ഇത്തരത്തിലുള്ള കുട്ടികളെ ഗര്‍ഭാവസ്ഥയില്‍ തന്നെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ഫലപ്രദമായി വിനിയോഗിച്ച് കാണുന്നില്ല. ഇക്കാര്യത്തില്‍ ശക്തമായ ബോധവത്കരണം നടത്തി ഇതിനൊരു പരിഹാരം കാണേണ്ടതുണ്ട്. പോകുന്ന രാജ്യങ്ങളിലെല്ലാം ഭിന്നശേഷികുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് പിന്നെ പതിവാക്കി. നമ്മുടെ രാജ്യത്തും മറ്റു രാഷ്ട്രങ്ങളിലും ഇത്തരം കുട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതിലെ വൈജാത്യം മനസ്സിലാക്കിത്തുടങ്ങി. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയതോടെ നമ്മുടെ സംസ്ഥാനത്തുള്ള എത്രയോ കുടുംബങ്ങള്‍അനുഭവിക്കുന്ന യാതനകളും വേദനകളും കണ്ടും കേട്ടുമറിഞ്ഞു. നമ്മള്‍ ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു. ആദ്യത്തേത്, സമൂഹം അവരെ കാണുന്ന രീതിയില്‍ വരുത്തേï മാറ്റമാണ്. ഒരു കല്യാണത്തിനോപിറന്നാളാഘോഷത്തിനോ പോലും തങ്ങളുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ മടിക്കുന്ന മാതാപിതാക്കള്‍ ഇന്നുമുണ്ട്. അവിടെ ചെന്നാല്‍ കേള്‍ക്കേണ്ടി വരുന്ന നൂറായിരം ചോദ്യങ്ങള്‍. മക്കളുടെ ‘സൂക്കേടിന്’ ചികിത്സനിര്‍ദ്ദേശിക്കുന്ന സ്വന്തക്കാരുടെ ഉപദേശങ്ങള്‍. സഹതാപത്തോടെയുള്ള പലരുടെയും നോട്ടങ്ങളും പറച്ചിലുകളും. സമൂഹം ഏറ്റവും കൂടുതല്‍ അകറ്റിനിര്‍ത്തുന്നത് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറും ബുദ്ധിപരമായ വൈകല്യം നേരിടുന്ന കുട്ടികളെയാണ്. അവിടെ, പല സന്ദര്‍ഭങ്ങളിലും മക്കളോടൊപ്പം തഴയപ്പെടുന്നത് മാതാപിതാക്കള്‍കൂടിയാണ്. ഈ കാഴ്ചപ്പാടിന് ഒരു മാറ്റം അനിവാര്യമാണ്. രണ്ടാമത്തേത്, ഒരു കുട്ടിയെ ഡിസബിലിറ്റി വിഭാഗത്തിലേക്ക് ചേര്‍ത്തുവയ്ക്കുന്നതിലെ പാകപ്പിഴകളാണ്. ഗാര്‍ഡനറുടെ ബുദ്ധിവൈഭവത്തെക്കുറിച്ചുള്ള തിയറി പ്രകാരം ഒരാളുടെ അറിവുകള്‍ എട്ട് തലങ്ങളിലായാണ് വ്യാപാരിച്ചുകിടക്കുന്നത്. അതില്‍ ഗണിതപരമായ കഴിവുകളും ഭാഷാപരമായ കഴിവുകളും ലോജിക്കലായുള്ള കാഴ്ചപ്പാടുകളും മാത്രം നോക്കിയാണ് ആ കുട്ടിയ്ക്ക് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത്. അതിനപ്പുറമുള്ള സംഗീതപരമോ കായികപരമോ ഭാവനാപരമോ ആയ കഴിവുകളെ നമ്മള്‍ പരിഗണിക്കുന്നതേയില്ല. കഴിഞ്ഞ നാലുവര്‍ഷക്കാലം മാജിക് പ്ലാനറ്റിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ ലോകമായ എംപവര്‍ തിയേറ്ററിലെയും ഡിഫന്റ് ആര്‍ട് സെന്ററിലെയും കുട്ടികളോടും അവരുടെ മാതാപിതാക്കളോടുമൊപ്പമുള്ള നിരന്തര സമ്പര്‍ക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. ഇവര്‍ ഓരോരുത്തരും അനന്യരാണ്. പലകാര്യങ്ങളിലും നമ്മളെക്കാള്‍ കഴിവുള്ളവരുമാണ്. അവരുടെ ബുദ്ധിയുടെ തൊടേï സ്ഥലത്ത് തൊട്ടുകഴിഞ്ഞാല്‍ അവര്‍ അത്ഭുതം സൃഷ്ടിക്കും. ആ തിരിച്ചറിവിലൂടെയാണ് ‘ഡിസബിലിറ്റി’ക്കാരെന്ന് മുദ്രകുത്തിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും എഡിസനെയും വിന്‍സന്റ് വാന്‍ഗോഗിനെയും ഹെലന്‍ കെല്ലറെയും പോലുള്ള നിരവധി നിധികളെ ലോകത്തിന് കിട്ടിയത്. മൂന്നാമത്തെ കാര്യം ഭിന്നശേഷി മേഖലയിലുള്ളവരെയും സമൂഹത്തിന്റെ ഭാഗമാക്കുക എന്നതാണ്.
പോള്‍ കറുകപ്പള്ളില്‍:
ഡിഫറന്റ് ആര്‍ട് സെന്ററിന് ജനലക്ഷങ്ങളുടെയുള്ളില്‍ വലിയൊരു സ്ഥാനമാണുള്ളത്. ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്ന ഒരു സ്ഥാപനത്തിന്റെ അമരത്ത് നില്‍ക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ അങ്ങയുടെ ഉത്തരവാദിത്വം കൂടുകയല്ലേ?
ഗോപിനാഥ് മുതുകാട്:
തീര്‍ച്ചയായും.. ഡിഫറന്റ് ആര്‍ട് സെന്ററിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. എല്ലാവരുടെയും നിരന്തരമായ സഹകരണം ഈ കുട്ടികള്‍ക്ക് ലഭിക്കുന്ന വലിയൊരംഗീകരമായാണ് കാണുന്നത്. കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും സാമൂഹ്യനീതി വകുപ്പിന്റെയുമൊക്കെ അവാര്‍ഡുകള്‍ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ സെന്ററിന് നേടാനായിട്ടുണ്ട്. ഇന്ദ്രജാലാധിഷ്ഠിതമായ പ്രത്യേക ബോധനമാധ്യമം ഉപയോഗിച്ച് പരിശീലനം നല്‍കുന്ന ലോകത്തിലെ ആദ്യത്തെ മാതൃകയ്ക്ക് നിരവധി അംഗീകാരമാണ് ലഭിക്കുന്നത്. സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികള്‍ ഈയൊരു മാതൃക അവിടെ നടപ്പിലാക്കുന്നതിനെക്കുറിച്ച് ആഗ്രഹം അറിയിച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട് സര്‍ക്കാരും പ്രസ്തുത പദ്ധതി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന്റെ ഭാഗമായി അവിടുത്തെ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി സെന്റര്‍ സന്ദര്‍ശിച്ചതും എടുത്തുപറയേണ്ട ഒന്നാണ്. സെന്ററിനെക്കുറിച്ച് അദ്ദേഹം പറഞ്ഞുപോയ നല്ല വാക്കുകള്‍ ഒരു ശുഭസൂചനയായാണ് കാണുന്നത്. എല്ലാവരും ഈ സ്ഥാപനത്തെ ഹൃദയത്തോടു ചേര്‍ത്ത് നിര്‍ത്തുന്നു എന്നത് എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ എന്ന കൂടുതല്‍ ഉത്തരവാദിത്വത്തിലേയ്ക്കാണ് നയിക്കുന്നത്.

പോള്‍ കറുകപ്പള്ളില്‍:
ഭിന്നശേഷി മേഖലയ്ക്ക് പകരം വയ്ക്കാനില്ലാത്ത തരത്തില്‍ നിരവധി സൗകര്യങ്ങള്‍ അവിടെ ഒരുക്കുന്നുണ്ടല്ലോ.. കലാപരിശീലനത്തിനുമപ്പുറം ഏതൊക്കെ സൗകര്യങ്ങളാണ് ഈ കുട്ടികള്‍ക്കായി അവിടെ ഒരുക്കിയിരിക്കുന്നത്?
ഗോപിനാഥ് മുതുകാട്:
ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസമാണ് സെന്റര്‍ ലക്ഷ്യമിടുന്നത്. കലാപരിശീലനത്തില്‍ ആരംഭിച്ച സെന്ററില്‍ ഇന്ന് നിരവധി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളിലെ ഗവേഷണതാത്പര്യം വളര്‍ത്തുന്നതിനായി സയന്‍ഷ്യ എന്ന പേരില്‍ വിപുലമായ റിസര്‍ച്ച് ലാബ് ആരംഭിച്ചു. കാലിഫോര്‍ണിയയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഇവിടെ ഭിന്നശേഷിക്കുട്ടികള്‍ നിരവധി ശാസ്ത്ര പരീക്ഷണങ്ങള്‍, റോബോട്ടിസ് റിസര്‍ച്ച് എന്നിവ ചെയ്യുന്നത്. ദേശീയ-സംസ്ഥാന സയന്‍സ് കോണ്‍ഗ്രസുകളില്‍ സെന്ററിലെ കുട്ടികള്‍ പങ്കെടുക്കുകയും പ്രബന്ധാവതരണം നടത്തി ശാസ്ത്രജ്ഞരുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല കുട്ടികളില്‍ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഡിഫറന്റ് സ്പോര്‍ട്സ് സെന്ററും പ്രവര്‍ത്തിക്കുന്നു. ഔട്ട്ഡോര്‍ ഗെയിമുകള്‍ പരിശീലിപ്പിക്കുന്നതിനായി വിപുലമായ ടര്‍ഫ് തയ്യാറാക്കിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ സെന്ററില്‍ നിന്നും ഒരു കുട്ടിയെ എങ്കിലും പാരാലിംപിക്സില്‍ പങ്കെടുപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളും നടക്കുന്നു. തൊഴില്‍ പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി, യോഗ എന്നിവയും ദൈനംദിന ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കുട്ടികള്‍ക്ക് തൊഴില്‍ ശാക്തീകരണം ലക്ഷ്യമിട്ട് യൂണിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍ എന്ന വലിയൊരു പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദപരമായി നിര്‍മിച്ചിട്ടുള്ള ഈ സെന്ററില്‍ മാജിക് ഓഫ് സൈലന്‍സ്, മാജിക് ഓഫ് ഡാര്‍ക്നെസ്സ്, മാജിക് ഓഫ് മിറാക്കില്‍, ഗ്രാന്‍ഡ് തീയേറ്റര്‍, ആര്‍ട്ടീരിയ, സിംഫോണിയ തുടങ്ങിയ തീയേറ്ററുകളും ഭിന്നശേഷിക്കുട്ടികള്‍ക്ക് പേടി അകറ്റുന്നതിനായി ട്രയിന്‍ യാത്രയും ക്രമീകരിച്ചിരിക്കുന്നു. ഇതിനുപുറമെ കുട്ടികള്‍ക്ക് കണ്‍വെന്‍ഷണല്‍ തെറാപ്പി നല്‍കുന്നതിനായി അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഏഴോളം തെറാപ്പി യൂണിറ്റുകളും പ്രവര്‍ത്തിച്ചുവരികയാണ്. ഒക്കുപേഷണല്‍ തെറാപ്പി, സെന്‍സറി തെറാപ്പി, സ്പീച്ച് ആന്റ് ഓഡിയോ തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സേവനം, ദന്തല്‍ ക്ലിനിക്, ഫിസിയോ തെറാപ്പി, വിര്‍ച്വല്‍ റിയാലിറ്റി, ലിംഗ്വിസ്റ്റിക് തുടങ്ങിയവയാണ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. അതത് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരും ഗവണ്‍മെന്റ് മേഖലയില്‍ നിന്നും റിട്ടയേര്‍ഡ് ആയിട്ടുള്ള പ്രഗത്ഭരുമാണ് പ്രസ്തുത തെറാപ്പി വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സെന്ററിലെ കുട്ടികള്‍ക്ക് അവര്‍ക്കുവേï തെറാപ്പികള്‍ ഏതൊക്കെയാണെന്ന് നിശ്ചയിച്ച ശേഷമാണ് നല്‍കുന്നത്. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നതിനായി മുഴുവന്‍ സമയ ഹെല്‍ത്ത് ക്ലിനിക്കും ഇവിടെ പ്രവര്‍ത്തിക്കുന്നു. നാഷണല്‍ ഹെല്‍ത്ത്മിഷന്റെ ആഭിമുഖ്യത്തില്‍ പകല്‍ സമയം മുഴുവന്‍ ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ഇവിടെ ലഭ്യമാണ്. സെന്ററിലെ കുട്ടികള്‍ക്ക് മാത്രമല്ല, ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്കും സൗജന്യമായി തെറാപ്പി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും യഥാവിധി നടക്കുന്നുണ്ട്. സെന്റര്‍ പ്രവര്‍ത്തിക്കുന്ന തിങ്കള്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡയറ്റീഷ്യന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോദിവസത്തെയും മെനു തയ്യാറാക്കിയിരിക്കുന്നത്. സെന്ററിലേയ്ക്ക് വരുന്നതിനും പോകുന്നതിനുമായി വാഹന സൗകര്യം, എല്ലാ കുട്ടികള്‍ക്കും മാസം തോറും സ്‌റ്റൈഫന്റ്, യൂണിഫോം എന്നിവയും നല്‍കി വരുന്നു. ഇവിടുത്തെ എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ്. അതിന് ഏറെ സഹായിക്കുന്നത് ഈ ലോകത്തുള്ള, സെന്ററിനെ ഏറെ സ്നേഹിക്കുന്ന നിരവധി സുമനസ്സുകളുടെ സഹായം കൊണ്ടുമാത്രമാണ്.. അതില്‍ എടുത്തു പറയേണ്ടത് അമേരിക്കയില്‍ നിന്നുള്ള സഹായം തന്നെയാണ്. അമേരിക്കയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന് പോളേട്ടന്‍ വഹിച്ച പങ്ക് ചെറുതല്ല. നൂറിലധികം കുട്ടികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതിന് പോളേട്ടന്റെ അകമഴിഞ്ഞ പ്രയത്‌നം തന്നെയാണ്. പോളേട്ടന്റെ ഇത്തരത്തിലുള്ള പ്രവൃത്തി ഈ കുട്ടികള്‍ക്കുമേലുള്ള ഒരു പുണ്യമായാണ് ഞാന്‍ കരുതുന്നത്.
സെന്ററിലെ കുട്ടികളുടെ കലാപ്രകടനങ്ങള്‍ കടല്‍ കടന്ന് വിദേശങ്ങളില്‍ അവതരിപ്പിച്ചതും ശ്രദ്ധേയമായ ഒന്നാണ്. സിംഗപ്പൂര്‍, ദുബായ്, അബുദാബി എന്നിവിടങ്ങള്‍ക്ക് പുറമെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കുട്ടികള്‍ക്ക് പരിപാടി അവതരിപ്പിക്കാനായത് സെന്ററിന്റെ മികച്ച നേട്ടങ്ങളാണ്. രാഷ്ട്രപതി ശ്രീമതി.ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച ആദ്യ മലയാളി സംഘം എന്ന ഖ്യാതി നേടാനായതും ഡി.എ.സിക്കാണ്. സിംഗപ്പൂര്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി എറിക് ചുവയുടെ മുന്നിലും നമ്മുടെ കുട്ടികള്‍ക്ക് പരിപാടി അവതരിപ്പിക്കുവാനായി. യു.എസ് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ തങ്ങളുടെ കലാപ്രകടനം അവതരിപ്പിക്കുവാന്‍ കഴിയുമെന്ന വിശ്വാസത്തിലാണിന്നവര്‍. റിയാദില്‍ നടന്ന അന്താരാഷ്ട്ര ഓട്ടിസം കോണ്‍ഫറന്‍സിലും ലോകാരോഗ്യസംഘടനയുടെ പ്രത്യേക ശുപാര്‍ശപ്രകാരം ജി20 ഉച്ചകോടിയിലും ഡി.എ.സിയുടെ സാന്നിദ്ധ്യം അറിയിക്കുവാനായി. ഇവിടൊക്കെ നമ്മുടെ കുട്ടികള്‍ ഏവരുടെയും മനം കവര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച് കാണികളുടെ പ്രശംസ നേടി. രാഷ്ട്രപതിക്ക് പുറമെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി, കേരളാ ഗവര്‍ണര്‍മാരായ ശ്രീ.ആരിഫ് മുഹമ്മദ് ഖാന്‍, ശ്രീ.പി.സതാശിവം, മുഖ്യമന്ത്രിമാരായ ശ്രീ.പിണറായി വിജയന്‍, ശ്രീ.എം.കെ സ്റ്റാലിന്‍, കേന്ദ്രമന്ത്രി ശ്രീ.വി.മുരളീധരന്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള രാഷ്ട്രീയ-സാംസ്‌കാരിക സാമൂഹിക പ്രമുഖര്‍ ഡി.എ.സിയിലെത്തി ഈ മക്കളെ അഭിനന്ദിച്ചിട്ടുണ്ട്. ഇന്ത്യാ ബുക് ഓഫ് റിക്കോര്‍ഡ്സിലും, ഐന്‍സ്റ്റീന്‍ വേള്‍ഡ് റിക്കോര്‍ഡ്സിലും ഈ കുട്ടികളുടെ പ്രകടനം ഇടംനേടി. ഒരുപാട് ചാരിതാര്‍ത്ഥ്യം തോന്നിയ നിമിഷങ്ങളാണ് അവയൊക്കെയും. ഓരോരുത്തരും ഈ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുമ്പോള്‍ വലിയൊരു ഉത്തരവാദിത്വത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആശ്വാസമാണ് തോന്നുക.
പോള്‍ കറുകപ്പള്ളില്‍: കുട്ടികള്‍ക്ക് അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കുക എന്നത് ഞാനടക്കമുള്ള ഇവിടുത്തെ മലയാളി സമൂഹം ഏറെ ആഗ്രഹിക്കുന്നുണ്ട്. അമല്‍ അജയകുമാറിന്റെ പാട്ടും കാശിനാഥിന്റെ താളബോധവും കരിഷ്മയുടെ നൃത്തവുമൊക്കെ എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അവിടെയുള്ള ഓരോ കുഞ്ഞുങ്ങളും അനന്യരാണ്. അവരെ ഇവിടെ കൊണ്ടുവരുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുക എന്നത് നമ്മുടെ ലക്ഷ്യമാണ്. അതിന്റെ ആദ്യപടിയായാണല്ലോ 2022ലെ ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ ഡി.എ.സിയില്‍ നടത്തിയതും ഭിന്നശേഷിക്കാര്‍ക്കായി സമര്‍പ്പിച്ചതും.
പോള്‍ കറുകപ്പള്ളില്‍:
ഇനിയും അമേരിക്കന്‍ മലയാളി കൂട്ടായ്മയുടെ എല്ലാവിധ സഹായങ്ങളും സഹകരണവും അങ്ങേയ്ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഇനിയുള്ള ജീവിതം പൂര്‍ണമായും ഭിന്നശേഷിക്കാര്‍ക്കൊപ്പമാണെന്ന് അങ്ങ് പ്രഖ്യാപിച്ചുവല്ലോ.. എന്തെല്ലാമാണ് ഈ മേഖലയില്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍, സ്വപ്നങ്ങള്‍…
ഗോപിനാഥ് മുതുകാട്:
ഭിന്നശേഷിക്കാര്‍ക്കും സമൂഹത്തില്‍ ഒരു തുല്യതാ ബോധം ഉറപ്പുവരുത്തേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. സ്വാഭിമാനത്തോടെ തലയുയര്‍ത്തി ജീവിക്കുവാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് നമ്മുടെയെല്ലാം വലിയൊരു ദൗത്യം. സര്‍ക്കാര്‍ തലത്തില്‍ നിരവധി പദ്ധതികളും ആനൂകൂല്യങ്ങളുമൊക്കെ ഇവര്‍ക്ക് ലഭ്യമാകുന്നുവെങ്കിലും അതൊക്കെ എത്രത്തോളം അവരുടെ സാമൂഹ്യപരമായ വളര്‍ച്ചയെ സ്വാധീനിക്കുന്നുവെന്ന് പറയുവാന്‍ കഴിയില്ല. 2015ലെ സര്‍വേ പ്രകാരം കേരളത്തില്‍ 8 ലക്ഷം ഭിന്നശേഷിക്കാരുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ലോകാരോഗ്യം സംഘടനയുടെ കണക്ക് പ്രകാരം 52 ലക്ഷം പേരും. അതായത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം ഭിന്നശേഷിക്കാരാണെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. അതായത് നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് ഇത്തരം കുട്ടികള്‍ ആരെങ്കിലുമൊക്കെയുണ്ടെന്നര്‍ത്ഥം. എല്ലാ പഞ്ചായത്തുകളിലും ഭിന്നശേഷിക്കുട്ടികളുടെ കാര്യം മാത്രം നോക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും അദ്ദേഹം നിരന്തരമായി ആ കുട്ടികളുടെ സംരക്ഷണ കാര്യത്തില്‍ ഇടപെടുകയും ചെയ്യുക എന്നത് മാതൃകാപരമായ ഒരു പ്രവര്‍ത്തനമായി വളര്‍ത്തിയെടുക്കണം. വിദേശ രാജ്യങ്ങളിലുള്‍പ്പടെ ഇത്തരം സംവിധാനങ്ങള്‍ നിലവിലുണ്ട്. സര്‍ക്കാര്‍ മേഖലയിലടക്കം ഈ കുട്ടികള്‍ക്ക് അനുയോജ്യമായ തൊഴില്‍ കൊടുക്കുവാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. പല കുട്ടികള്‍ക്കും അവരുടെ കഴിവുകള്‍ക്കനുസരിച്ചുള്ള സ്വയം തൊഴില്‍ സംവിധാനങ്ങള്‍ സൃഷ്ടിക്കുവാനും കഴിയണം. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടെയൊക്കെ ഇത്തരം കുട്ടികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ കണ്ട് മനസ്സിലാക്കണം, പഠിക്കണം. അവിടെ നടപ്പിലാക്കുവാന്‍ കഴിയുന്നവയാണെങ്കില്‍ അതിനുവേണ്ടി ശ്രമിക്കണം. പോളേട്ടനെപ്പോലുള്ളവര്‍ ഒപ്പമുണ്ടെങ്കില്‍ തീര്‍ച്ചയായും അത്തരം സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയും.
പോള്‍ കറുകപ്പള്ളില്‍: ഭിന്നശേഷിക്കുട്ടികള്‍ക്ക് മാത്രമല്ല, അവരുടെ അമ്മമാര്‍ക്കും ഇന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ വലിയൊരത്താണിയാണ്. അമ്മമാര്‍ക്കായി തുടങ്ങിയ സംരംഭത്തെക്കുറിച്ച് എന്താണ് പറയുവാനുള്ളത്?
ഗോപിനാഥ് മുതുകാട്: അതിന് ഏറ്റവും കുടൂതല്‍ നന്ദി പറയേണ്ടത് പോളേട്ടനോടാണ്. പോളേട്ടനില്ലെങ്കില്‍ കരിസ്മ എന്ന പദ്ധതി ഒരുപക്ഷെ സാക്ഷാത്കരിക്കുവാന്‍ കഴിയുമായിരുന്നില്ല. കരിസ്മ എന്ന ആശയം വരുന്നതിങ്ങനെയാണ്. സെന്ററിലേയ്ക്ക് വരുന്ന അമ്മമാര്‍ കുട്ടികളെ ക്ലാസുകളിലേയ്ക്ക് പറഞ്ഞയച്ചിട്ട് വലിയൊരു ഹാളില്‍ ഒത്തുകൂടിയിരിക്കുമായിരുന്നു. അവിടിരുന്ന് തങ്ങള്‍ക്ക് വന്നുചേര്‍ന്ന ദുരിതങ്ങളെക്കുറിച്ച് പറഞ്ഞവര്‍ കണ്ണീര്‍ പൊഴിക്കും… ഭിന്നശേഷിക്കുട്ടികള്‍ കലാലോകത്ത് വിസ്മയം തീര്‍ക്കുമ്പോള്‍ അമ്മമാര്‍ തോരാത്ത കണ്ണീരുമായി ദിനങ്ങള്‍ തള്ളി നീക്കും. ഇത് മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഒരു പകല്‍ മുഴുവന്‍ അവരിങ്ങനെ വേദനയില്‍ തളര്‍ന്നിരിക്കേണ്ടവരല്ല. അവരുടെ ഉള്ളിലും ഉറങ്ങിക്കിടക്കുന്ന കഴിവുകളുണ്ടാവും. പിന്നൊന്നും ആലോചിക്കുവാന്‍ നിന്നില്ല, അവര്‍ക്കായി ഒരു സ്വയം തൊഴില്‍ യൂണിറ്റ് ആരംഭിക്കണമെന്ന് തോന്നി. പോളേട്ടനോട് ഈ ആശയം അവതരിപ്പിച്ചു. പോളേട്ടന്‍ തന്നെ നേതൃത്വമെടുത്ത് ഫൊക്കാനയുടെ സഹകരണത്തോടെ കരിസ്മ എന്ന പേരില്‍ ഒരു യൂണിറ്റ് ആരംഭിക്കുവാനായി. നബാര്‍ഡിന്റെ സഹായത്തോടെ അവര്‍ക്ക് വിവിധ തൊഴില്‍ പരിശീലനങ്ങള്‍ നല്‍കി. ഒരു സൊസൈറ്റിയായി അതിനെ രജിസ്റ്റര്‍ ചെയ്തു. ഇന്ന് ഡി.എ.സിയിലെ കുട്ടികളുടെ അമ്മമാര്‍ തയ്യല്‍, കരകൗശല നിര്‍മാണം, ഗാര്‍മെന്റ്സ് യൂണിറ്റ്, എല്‍.ഇ.ഡി ലൈറ്റുകളുടെ നിര്‍മാണം, കുട നിര്‍മാണം, കോസ്മെറ്റിക്സ്, ക്ലീനിംഗ് വസ്തുക്കള്‍ തുടങ്ങിയവയൊക്കെ നിര്‍മിച്ച് വില്‍ക്കുകയാണ്. മാജിക് പ്ലാനറ്റ് സന്ദര്‍ശകര്‍ അവരുണ്ടാക്കിയ ഉത്പന്നങ്ങള്‍ വാങ്ങുന്നു. അവര്‍ക്ക് ലഭിക്കുന്ന വരുമാനം അവര്‍ തന്നെ വീതിച്ചെടുക്കുന്നു. ഇന്നവര്‍ക്ക് ദുരിതങ്ങള്‍ പറഞ്ഞിരിക്കാന്‍ സമയമില്ല, എല്ലാവരും മാസാവസാനം ഒരു തുക സമ്പാദിക്കുന്നു. കണ്ണീരുകള്‍ നിറഞ്ഞു നിന്ന കണ്ണുകളില്‍ ഇന്ന് പ്രതീക്ഷയുടെ സംതൃപ്തിയുടെ പ്രകാശമാണ് കാണുന്നത്.
പോള്‍ കറുകപ്പള്ളില്‍: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു ഭാഗമാകാന്‍ കഴിയുന്നുവെന്നത് തീര്‍ച്ചയായും ഒരു പുണ്യമായാണ് ഞാനും കാണുന്നത്. അത് എന്റെ ജീവിതത്തില്‍ നല്‍കുന്ന സംതൃപ്തി ചെറുതല്ല. സെന്ററിന്റെ പുരോഗതിക്ക് ഞാനും ഞാനുള്‍പ്പെടുന്ന ഇവിടുള്ള കൂട്ടായ്മയും എപ്പോഴും കൂട്ടായുണ്ട്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ വിപുലമായ ഒരു മാതൃകയ്ക്ക് കാസര്‍ഗോഡ് തുടക്കമാകുന്നുവെന്നറിഞ്ഞു. എന്താണ് ഇതേപ്പറ്റി അങ്ങേയ്ക്ക് പറയുവാനുള്ളത്.
ഗോപിനാഥ് മുതുകാട്: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്ക് പ്രവേശനം നേടുന്നതിനായി മൂവായിരത്തില്‍പ്പരം അപേക്ഷകളാണ് നിലവിലുള്ളത്. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി കേരളത്തിനകത്തും പുറത്തുനിന്നും ലഭിക്കുന്ന നിരവധി അപേക്ഷകളെ പരിഗണിക്കുവാനുള്ള ഭൗതിക സാഹചര്യങ്ങള്‍ സെന്ററില്‍ നിലവിലില്ല. ഈയൊരു സാഹചര്യത്തിലാണ് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ജില്ലയില്‍കൂടി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. അമേരിക്കന്‍ മലയായിയായ എം.കെ ലൂക്ക എന്ന മാന്യവ്യക്തി ഡിഫറന്റ് ആര്‍ട് സെന്റര്‍ കാസര്‍ഗോഡ് തുടങ്ങുന്നതിന് ലാന്‍ഡ് വാങ്ങുന്നതിനായി കഴിയുന്നത്ര സഹായിക്കാമെന്നേറ്റിട്ടുണ്ട്. 20 ഏക്കറില്‍ 100 കോടി രൂപയുടെ വലിയൊരു പദ്ധതിയാണ് അവിടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവും അടങ്ങുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് – എ യൂണിറ്റ് ഓഫ് ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്ന പദ്ധതിയാണിത്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്പോര്‍ട്സ് സെന്റര്‍, വൊക്കേഷണല്‍, കമ്പ്യൂട്ടര്‍ പരിശീലനങ്ങള്‍, ടോയ്ലെറ്റുകള്‍ തുടങ്ങിയവ ഇവിടെ ഉണ്ടാകും. ഒരുപാട് സുമനസ്സുകളുടെ അകമഴിഞ്ഞ സഹായം കൊണ്ടുമാത്രമേ ഇതു പൂര്‍ത്തിയാക്കുവാന്‍ സാധിക്കൂ.. ഒരുപക്ഷെ ഈയൊരു പദ്ധതിയുടെ പൂര്‍ത്തീകരണം ലോകത്തിന് തന്നെ അഭിമാനമായി മാറിയേക്കാം..

പോള്‍ കറുകപ്പള്ളില്‍:
ഭിന്നശേഷി മേഖലയ്ക്ക് വലിയൊരു മാറ്റമുണ്ടാക്കാനുള്ള വലിയൊരു ശ്രമമാണ് അങ്ങയുടെ ഈ പ്രവര്‍ത്തനങ്ങളില്‍ നിഴലിക്കുന്നത്. 2017ല്‍ ആരംഭിച്ച് 2023ല്‍ എത്തി നില്‍ക്കുമ്പോള്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് അങ്ങയുടെ നേതൃത്വത്തില്‍ നടന്നത്. ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ സമ്മോഹന്‍ ദേശീയ കലാമേള, സൗത്ത് സോണ്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഇവയുടെയൊക്കം സംഘാടന വിജയം ഡി.എ.സിയുടെ പൊതുസ്വീകാര്യതയെയാണ് വരച്ചുകാട്ടുന്നത്. ഇരുപതോളം രാജ്യങ്ങളില്‍ നിന്നും ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെ ഉള്‍പ്പെടുത്തി ജൂലായില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര കണ്‍വെന്‍ഷന്‍ അടക്കം ഒരുപാടൊരുപാട് സ്വപ്നങ്ങള്‍ക്ക് പിറകിലാണ് താങ്കള്‍. ഭിന്നശേഷിക്കാര്‍ക്കായി തിരക്കില്‍ നിന്നും തിരക്കിലേയ്ക്ക് കുതിക്കുന്ന, അധരവ്യായാമങ്ങള്‍ക്കുമപ്പുറം പ്രവൃത്തികളില്‍ വിശ്വസിച്ചുകൊണ്ട് മുന്നേറുന്ന അങ്ങേയ്ക്ക് വായനക്കാരോട് എന്താണ് പറയുവാനുള്ളത്?
ഗോപിനാഥ് മുതുകാട്:
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള സാമൂഹ്യനീതി വകുപ്പിന്റെ സഹകരണം കൊണ്ടുകൂടി മാത്രമാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഏറ്റെടുക്കുന്ന ഏതൊരു പ്രവര്‍ത്തനങ്ങള്‍ക്കും ഗവണ്‍മെന്റുകളുടെ നിസ്തുലമായ സഹകരണം ഉണ്ടാകുന്നത് വലിയൊരു ധൈര്യമാണ്. വി.ആര്‍ ഫിറോസിന്റെ ഇന്‍വിസിബിള്‍ മെജോറിറ്റി എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ ഇനിയും അറിയപ്പെടാതെ, പരിമിതികളില്‍ തളര്‍ന്നിരിക്കുന്ന, ദുര്‍വിധിയെക്കുറിച്ചോര്‍ത്ത് ഉള്ളറകളില്‍ അകപ്പെട്ടുപോയ വലിയൊരു മെജോറിറ്റിയുണ്ട്. കഴിയുന്നത്ര അവരെക്കൂടി സമൂഹത്തിന്റെ പകല്‍വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരണം. ആകാശമാണ് അവരുടെ പരിധിയെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഇനിയും ഇനിയും അവര്‍ക്കൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് പ്രവര്‍ത്തിക്കണം. ഇനിയുള്ള എല്ലാ ഇന്ദ്രജാലങ്ങളും അവര്‍ക്കായി മാത്രമാണ്… അവരും വിസ്മത്തിന്റെ പുതിയ ആകാശങ്ങള്‍ തീര്‍ക്കട്ടെ..
