അയല്‍വാസിയോടുള്ള പകതീര്‍ക്കാന്‍ വീടുകള്‍ക്ക് മുന്നില്‍ പോപ്പുലര്‍ ഫ്രണ്ട് അനുകൂല പോസ്റ്ററുകള്‍ പതിച്ച കേസില്‍ മുംബൈയില്‍ 68 വയസുകാരന്‍ പിടിയില്‍. ന്യൂ പന്‍വേലിലെ നില്‍ അംഗണ്‍ കോ ഓപറേറ്റീവ് ഹൗസിങ് കോളനിയിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുന്നിലാണ് 68 വയസുകാരന്‍ പിഎഫ്‌ഐ സിന്ദാബാദ് എന്നെഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ചത്. മുസ്ലീം വിഭാഗത്തില്‍പ്പെട്ട അയല്‍വാസിയോട് പകതീര്‍ക്കാനാണ് വീടുകളില്‍ ഇയാള്‍ പോസ്റ്റര്‍ പതിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫഌറ്റുകളുടെ വാതിലുകള്‍ക്കടുത്ത് പിഎഫ്‌ഐ അനുകൂല പോസ്റ്ററുകളും ചില പടക്കങ്ങളുമാണ് ജൂണ്‍ 23ന് പ്രത്യക്ഷപ്പെട്ടത്. ഫഌറ്റുടമകളുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഹൗസിങ് സൊസൈറ്റി സെക്രട്ടറി ഏക്‌നാഥ് കാവ്‌ഡെ എന്നയാളാണ് പോസ്റ്ററുകള്‍ പതിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. ഫഌറ്റ് ഉടമ ഒരു മുസ്ലീമിന് വീട് വാടകയ്ക്ക് കൊടുത്തിരുന്നു. ഇതിന്റെ പക തീര്‍ക്കാനായി അവരെ കേസില്‍പ്പെടുത്താനാണ് ഇയാള്‍ പോസ്റ്ററുകള്‍ പതിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഫഌറ്റില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരാണ്.

ഖണ്ഡേശ്വര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രകാന്ത് ലാന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തിയത്. ഐപിസി 153 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here