ക്രിക്കറ്റ് ആരാധകരെ ആകെ നിരാശയിലാഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വിന്‍ഡീസ് കളിക്കില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനോടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് വിന്‍ഡീസ് ഫൈനല്‍ പോരിലേക്കുള്ള അവസരം നഷ്ടപ്പെടുത്തിയത്.

നെതര്‍ലന്‍ഡ്‌സിനോടു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ അവര്‍ വളരെ പാടുപെട്ടാണ് സൂപ്പര്‍ സിക്‌സില്‍ എത്തിയത്. സൂപ്പര്‍ സിക്‌സിലെ എല്ലാ മത്സരങ്ങളും അവര്‍ക്ക് ജയിക്കേണ്ടതായി വന്നു. എന്നാല്‍ ആദ്യ പോരില്‍ തന്നെ അവര്‍ ആയുധം വച്ച് കീഴടങ്ങി.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് വിന്‍ഡീസ് ലോകകപ്പ് കളിക്കാന്‍ എത്താതിരിക്കുന്നത്. സ്‌കോട്‌ലന്‍ഡിനോട് ഏഴ് വിക്കറ്റിന്റെ ദയനീയ പരാജയമാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 181 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിന് ഇറങ്ങിയ സ്‌കോട്‌ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്താണ് വിജയം തൊട്ടത്. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകളും സ്‌കോട്ടിഷ് പട ഉയര്‍ത്തി.

1970കളുടെ മധ്യം മുതല്‍ 1990കളുടെ തുടക്കം വരെ ലോക ക്രിക്കറ്റിലെ കിരീടം വച്ച രാജാക്കാന്‍മാരായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ അപകടകാരികളായ ടീം. തീപാറും പേസര്‍മാരും ലോകോത്തര ബാറ്റര്‍മാരും ഓള്‍റൗണ്ടര്‍മാരുമുള്ള സംഘം. 1975ലും 1979ലും ലോകകപ്പ് ഉയര്‍ത്തി വിന്‍ഡീസ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 1983ല്‍ കപിലിന്‍റെ ചെകുത്താന്‍മാരോട് കിരീടം കൈവിട്ടെങ്കിലും തുടര്‍ച്ചയായ മൂന്ന് ലോകകപ്പ് ഫൈനലുകള്‍ നാഴികക്കല്ലായി.

ഇതിനുശേഷം 1987ല്‍ ഓസ്ട്രേലിയയും 1992ല്‍ പാകിസ്ഥാനും കിരീടമുയര്‍ത്തിയതോടെ പതിയെ പ്രഹരശേഷി കുറഞ്ഞെങ്കിലും ബ്രയാന്‍ ലാറ അടക്കമുള്ള ഇതിഹാസങ്ങള്‍ വിന്‍ഡീസ് ക്രിക്കറ്റിനെ പിന്നീടും നയിച്ചു. ട്വന്‍റി 20 ക്രിക്കറ്റിന്‍റെ ഉദയത്തോടെ വെസ്റ്റ് ഇന്‍ഡീസ് മറ്റൊരു രൂപത്തില്‍ പ്രതാപത്തിലേക്ക് തിരിച്ചുവന്നു. 2012ലും 2016ലും ഡാരന്‍ സമി എന്ന നായകന്‍ വിന്‍ഡീസിന് ടി20 ലോകകപ്പുകള്‍ സമ്മാനിച്ചു. ഇതോടെ വിന്‍ഡീസ് ലോക ക്രിക്കറ്റിലെ പ്രതാപകാരികളായി മടങ്ങിവരുമെന്ന് പലരും കരുതിയെങ്കിലും ടി20 ഒഴികെയുള്ള മറ്റ് ഫോര്‍മാറ്റുകളില്‍ കരീബിയന്‍ ടീമിന്‍റെ ശക്തി ചോര്‍ന്നു. ഇതിന്‍റെ ഏറ്റവും ദയനീയ കാഴ്ചയാണ് 2023 ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here