യുഎസിന്റെ തെക്കും മിഡ്‌വെസ്റ്റിലും മെമ്മോറിയൽ ഡേ വാരാന്ത്യത്തിൽ അതിശക്തമായ കാറ്റു കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. 19 പേരെങ്കിലും കൊല്ലപ്പെട്ടു. 

തിങ്കളാഴ്ച കാലത്തു ലഭ്യമായ കണക്കുകൾ അനുസരിച്ചു അർകാൻസൊ മുതൽ വെസ്റ്റ് വിർജീനിയ വരെ 13 സംസ്ഥാനങ്ങളിലായി 600,000 ഉപയോക്താക്കൾക്കെങ്കിലും വൈദ്യുതി നഷ്ടമായിട്ടുണ്ട്. കെന്റക്കിയിൽ മാത്രം 200,000 പേർക്കാണ് വൈദ്യുതി നഷ്ടം. 

കെന്റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ആൻഡി ബാഷെയർ അറിയിച്ചു. 

തിങ്കളാഴ്ച സൗത്ത്ഈസ്റ്റ് മുതൽ മിഡ് അറ്റ്ലാന്റിക് മേഖല വരെ അതിശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നുവെന്നു നാഷനൽ വെതർ സർവീസ് പറഞ്ഞു. മെരിലാൻഡ് മുതൽ ന്യൂ യോർക്കിലെ ക്യാറ്റ്സ്കിൽ മലനിരകൾ വരെ മിന്നൽ പ്രളയ ഭീഷണിയുണ്ട്. 
 
വടക്കൻ ടെക്സസിൽ ചുഴലി കൊടുംകാറ്റിൽ ഏഴു പേർ മരിച്ചു. രണ്ടു വയസും അഞ്ചു വയസുമുള്ള ഓരോ കുട്ടികളും അക്കൂട്ടത്തിലുണ്ട്. അര്കാൻസോയിൽ 8 പേർ കൊല്ലപ്പെട്ടു. ഒക്‌ലഹോമയിൽ രണ്ടു പേരും.

ഒക്‌ലഹോമയിൽ ഒരു ചുഴലി കാറ്റിനു മണിക്കൂറിൽ 265 കിലോമീറ്റർ വേഗത ഉണ്ടായിരുന്നുവെന്നു റിപ്പോർട്ടുണ്ട്. 

കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ കാണുന്നുണ്ടെന്നു വിദഗ്ദർ പറഞ്ഞു. അടുത്ത കാലത്തായി ചുഴലി കൊടും കാറ്റിന്റെ എണ്ണം കൂടിയിട്ടുണ്ടെന്നു നാഷനൽ വെതർ സർവീസ് പറയുന്നു.