രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില രണ്ടുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. യുഎസിലെ കടപ്പത്ര ആദായത്തില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടാകുന്നതും ഡോളര്‍ കരുത്താര്‍ജിക്കുന്നതുമാണ് സ്വര്‍ണത്തെ ബാധിച്ചത്.

 

നിലവില്‍ സ്‌പോട് ഗോള്‍ഡ് വില രണ്ടുവര്‍ഷത്തെ താഴ്ന്ന നിലവാരമായ ഔണ്‍സിന് 1,664.48 ഡോളറിലെത്തിയിരിക്കുന്നു. ഈയാഴ്ചമാത്രം മൂന്നുശതമാനമാണ് വിലയില്‍ ഇടിവുണ്ടായത്.

 

പണപ്പെരുപ്പത്തിനെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ സ്വര്‍ണത്തിന് കഴിയുമെങ്കിലും പലിശ നിരക്ക് ഉയരുന്നത് സ്വര്‍ണ നിക്ഷേപത്തെ അനാകര്‍ഷകമാക്കുന്നുണ്ട്.

 

ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വിലകുറയുന്നുണ്ടെങ്കിലും ഡോളറിന്റെ മൂല്യംകൂടുന്നത് മറ്റ് കറന്‍സികളുപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കാര്യമായ നേട്ടംലഭിക്കാതിരിക്കുന്നതിന് കാരണമാകുന്നു.

ഇന്ത്യയിലെ വില
രാജ്യത്ത കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് (10 ഗ്രാം 24 കാരറ്റ്) 49,231 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച മാത്രം വിലയില്‍ 1.4ശതമാനം ഇടിവുണ്ടായി. ഒരാഴ്ചക്കിടെ 10 ഗ്രാമിന്റെ വിലയില്‍ 1,500 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലെ വില്പ സമ്മര്‍ദമാണ് രാജ്യത്തെ വിലയെയും ബാധിച്ചത്.

ആഗോളതലത്തില്‍ വ്യാപാരം നടക്കുന്ന കമ്മോഡിറ്റയാണ് സ്വര്‍ണം. അതുകൊണ്ടുതന്നെ വിലനിലവാരം ഡോളറിലുമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതും ഇറക്കുമതി തീരുവയുമാണ് ആഗോളതലത്തിലെ വിലയിടിവിന് അനുസൃതമായി രാജ്യത്തെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകാതെ വരുന്നത്.

അതുകൊണ്ടാണ് രാജ്യാന്തര വിപണിയില്‍ രണ്ടുവര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണമെത്തിയിട്ടും അത്രതന്നെ രാജ്യത്തെ വിലയില്‍ കുറവുണ്ടാകാത്തത്. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെയും ഭക്ഷ്യ എണ്ണയുടെയും അടിസ്ഥാന ഇറക്കുമതി വിലയില്‍ കുറവുവരുത്തിയിരുന്നു.

ഗോള്‍ഡ് ഇടിഎഫ്
വിലയില്‍ ഇടിവുണ്ടായിട്ടും ഗോള്‍ഡ് ഇടിഎഫിലെ നിക്ഷേപത്തില്‍ കാര്യമായ വര്‍ധനവുണ്ടായില്ല. ലോകത്തെ ഏറ്റവും വലിയ ഗോള്‍ഡ് ഇടിഎഫ് ആയ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ശേഖരം 962.01 ടണ്ണാണ്. കഴിഞ്ഞ ദിവസത്തെ 960.56 ടണ്ണില്‍നിന്ന് 0.15ശതമാനംമാത്രമാണ് വര്‍ധനവുണ്ടായത്.

വിലയിടിവ് തുടരുമോ?
പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ അടുത്തയാഴ്ചയിലെ ഫെഡ് യോഗത്തില്‍ കുറഞ്ഞത് മുക്കാല്‍ ശതമാനമെങ്കിലും നിരക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശ വരുമാനത്തിലെ വര്‍ധനവിനെ ഭീതിയോടെയാണ് സ്വര്‍ണവിപണി ഉറ്റുനോക്കുന്നത്.

യുഎസ് ഡോറളിന്റെ നീക്കം, കടപ്പത്ര ആദായം എന്നിവയൊക്കെയാണ് സ്വര്‍ണത്തിന്റെ നീക്കത്തെ സ്വാധീനിക്കുക. സാമ്പത്തിക സൂചകകങ്ങള്‍, യുഎസ് കേന്ദ്ര ബാങ്കിന്റെ നിലപാട്, യൂറോപ്പിലെ ഊര്‍ജ പ്രതിസന്ധി, ചൈനിയിലെ കോവിഡ് വ്യാപനം എന്നിവയുമൊക്കെയായിരിക്കും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില നിര്‍ണയിക്കുക.

കേരളത്തിലെ വില
സംസ്ഥാനത്തെ സ്വര്‍ണവില ഏഴ് മാസത്തെ താഴ്ന്ന നിലവാരത്തിലാണിപ്പോള്‍. പവന് 36,640 രൂപ. മാര്‍ച്ച് ഒമ്പതിന് 40,560 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നെങ്കിലും പിന്നീട് ഘട്ടംഘട്ടമായി താഴേയ്ക്കിറങ്ങുകയാണുണ്ടായത്. ആഗോള വിപണിക്ക് ആനുപാതികമായല്ലെങ്കിലും വരുംദിവസങ്ങളില്‍ കേരളത്തിലെ സ്വര്‍ണ വിലയിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here