ശരീരത്തിൽ ദഹന പചന പ്രവർത്തനങ്ങളാൽ ഉണ്ടാകുന്നവയും എന്നാൽ, പുറത്തേക്ക് കളയേണ്ടതുമായ ഒരു ഉപോൽപ്പന്നമാണ് യൂറിക് ആസിഡ്. മിക്കവാറും ഇത് ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകാറുണ്ട്. മൂത്രത്തിലൂടെയും ഒരുപരിധിവരെ മലത്തിലൂടെയുമാണ് യൂറിക് ആസിഡ് പുറത്തേക്ക് പോകുന്നത്. പുറത്തേക്ക് പോകാതെ ശരീരത്തിൽ ഇവ സംഭരിക്കപ്പെട്ടാൽ സന്ധികളെ ആശ്രയിച്ച് ഗൗട്ട് എന്ന വാതരോഗം ഉണ്ടാകും.രക്തത്തിൽ യൂറിക്കാസിഡിന്റെ അളവ് സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമാണ്. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് യൂറിക് ആസിഡിന്റെ വർദ്ധന കാരണമുള്ള രോഗങ്ങൾ കണ്ടുവരുന്നത്. പ്രായക്കൂടുതൽ അനുസരിച്ച് യൂറിക് ആസിഡിന്റെ അളവ് വർദ്ധിച്ചെന്ന് വരാം. സ്ത്രീകളിൽ 1.5 മുതൽ 6 മില്ലിഗ്രാം പെർ ഡെസിലിറ്ററും പുരുഷനിൽ 2.5 മുതൽ 7 വരെയും നോർമലാണ്.ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം ആവശ്യത്തിലധികമുള്ളവയെ പുറത്തേക്ക് കളയാൻ വൃക്കകൾക്ക് സാധിക്കുന്നില്ലെന്നാണ്.ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ യൂറിക് ആസിഡ് വർദ്ധന വളരെ സാധാരണയായി കാണുന്നു.

ഭക്ഷണത്തിന്റെ കുഴപ്പം, ശുദ്ധജലത്തിന്റെ ദൗർലഭ്യം, പുറത്ത് ജോലി ചെയ്യുന്നവ‌ർ അധികമായി വിയർക്കുന്നതുകാരണം മൂത്രം വഴി യൂറിക് ആസിഡ് പുറന്തള്ളാൻ സാധിക്കാത്തത് എന്നിവയാകാം ഇവരിൽ രോഗം വർദ്ധിക്കാൻ കാരണം.കടൽ വിഭവങ്ങൾ പ്രത്യേകിച്ച് ചൂര, കൊഞ്ച്, ഞണ്ട് തുടങ്ങിയവ, മട്ടൻ, ബീഫ് പോർക്ക്, ടർക്കിക്കോഴി തുടങ്ങിയ റെഡ് മീറ്റ് പ്രത്യേകിച്ചും അവയുടെ കരളും,കിഡ്‌നിയും മറ്റ് ഗ്രന്ഥികളും, കുമിൽ, ശതാവരിക്കിഴങ്ങ്,ചീര, പയർ, ക്വാളിഫ്ലവർ, മുളപ്പിച്ച ഗോതമ്പ്, പയർ, ഗ്രീൻപീസ് തുടങ്ങിയ സസ്യാഹാരങ്ങൾ, ഈസ്റ്റ് എന്നിങ്ങനെ യൂറിക് ആസിഡ് ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള ആഹാരപദാർത്ഥങ്ങൾ, വണ്ണക്കൂടുതൽ, പ്രമേഹം, ചില മൂത്രവർദ്ധകങ്ങളായ മരുന്നുകൾ, ബിയർ, മദ്യം എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവ അധികമായ യൂറിക് ആസിഡ് ശരിയായി പുറത്തേക്ക് കളയുന്നതിന് തടസമായി നിൽക്കുന്ന കാര്യങ്ങളാണ്.

എന്താണ് ഗൗട്ട്?​
യൂറിക് ആസിഡ് അധികരിക്കുന്നത് കാരണം സന്ധികളെ ആശ്രയിച്ചുണ്ടാകുന്ന രോഗമാണ് ഗൗട്ട് അഥവാ ഗൗട്ടീ ആർത്രൈറ്റിസ്. ഇതിൽ അമിതമായ സന്ധിവേദന, പിടുത്തം, സന്ധികൾ അനക്കാൻ കഴിയായ്മ, സന്ധികളിൽ ചുവപ്പ് നിറവും വീക്കവും തുടങ്ങിയവയാണ് കാണുന്നത്. ആഴ്ചകളോ, മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെയോ നീണ്ടു നില്ക്കുന്ന രോഗമാണിത്.കാൻസർ രോഗമുള്ളവരിലും,കാൻസർ രോഗത്തിന് ചികിത്സയിലിരിക്കുന്നവർക്കും യൂറിക് ആസിഡ് അളവ് കൂടുതലാകാം.ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരിലും പ്രമേഹം,​ വൃക്കരോഗമുള്ളവരിലും വൃക്കകളിൽ കല്ലുള്ളവരിലും യൂറിക് ആസിഡ് വർദ്ധിച്ചു കാണാറുണ്ട്.

സാദ്ധ്യത ആർക്കൊക്കെ?
മദ്യപാനശീലമുള്ളവർ, ഹൃദ്രോഗത്തിനുള്ള മരുന്നുപയോഗിക്കുന്നവർ, ലെഡ്, കീടനാശിനി തുടങ്ങിയവയുമായി കൂടുതൽ സമ്പർക്കമുള്ളവർ, വൃക്കരോഗികൾ, രക്തസമ്മർദ്ദമുള്ളവർ, പ്രമേഹം, തൈറോയിഡ്, പൊണ്ണത്തടി, അമിതമായ അദ്ധ്വാനം എന്നിവയുള്ളവർക്ക് യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കാവുന്നതാണ്.

എങ്ങനെ നിയന്ത്രിക്കാം
യൂറിക് ആസിഡ് ലെവൽ നിയന്ത്രിച്ച് നിറുത്തിയില്ലെങ്കിൽ ദീർഘകാലം ചികിത്സിക്കേണ്ട ഗൗട്ട്, വൃക്കരോഗങ്ങൾ, രക്തസമ്മർദ്ദം, പ്രമേഹം, മെറ്റബോളിക് ഡിസോർഡറുകൾ എന്നിവ ഉണ്ടാകാം. അതിനായി പ്യൂരിൻ കൂടുതൽ അടങ്ങിയിട്ടുള്ള മേൽ വിവരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക.

മധുരം നിയന്ത്രിക്കുക. കോഫി ,സോഡ, മധുരം ചേർത്ത ജ്യൂസുകൾ ഒഴിവാക്കുക. മദ്യത്തിന്റെ ഉപയോഗം പരമാവധി വേണ്ടെന്ന് വെയ്ക്കുക.

ശരീരഭാരം കുറയ്ക്കുക. പ്രമേഹരോഗം നിയന്ത്രണ വിധേയമാക്കുക.പഴുത്തതും ഉണക്കിയതുമായ പഴങ്ങൾ, പച്ചക്കറികൾ, ഓട്സ്, നട്ട്സ്, ബാർളി തുടങ്ങിയ നാരുകൾ ധാരാള മടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക.

ബ്രോക്കോളി, ഗ്രേപ്സ് (മുന്തിരി ) എന്നിവ ഉപയോഗിക്കണം. ടെൻഷൻ കുറയ്ക്കുക.

ആസ്പിരിൻ, നയാസിൻ(വൈറ്റമിൻ ബി-3),മൂത്രം അധികമായി പുറത്തേക്ക് കളയുന്ന മരുന്നുകൾ,ചികിത്സയുടെ ഭാഗമായി പ്രതിരോധശേഷി കുറയ്ക്കുവാൻ ഉപയോഗിക്കുന്ന മരുന്നുകൾ, കീമോതെറാപ്പിക്കുള്ള മരുന്നുകൾ എന്നിവയുടേയും ഫുഡ് സപ്ലിമെന്റുകളുടെയും ഉപയോഗം പരിമിതപ്പെടുത്തുക.

ചികിത്സ ആയുർവേദത്തിൽ
യൂറിക് ആസിഡ് കൂടുതലുള്ള എല്ലാവർക്കും ഒരേ ചികിത്സയല്ല ആയുർവേദത്തിൽ ചെയ്യുന്നത്. അതുകൊണ്ടാണ് ചികിത്സ കൊണ്ട് ലഭിക്കുന്ന ഫലം ദീർഘകാലം നിലനിൽക്കുന്നത്. വാതം,പിത്തം,കഫം എന്നിവയിൽ വർദ്ധിച്ചത് ഏത് ദോഷം എന്ന് മനസ്സിലാക്കാനായി വേദന,സന്ധികളിലെ ചുവപ്പ് നിറം, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ കൂടി പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.സന്ധികളിൽ പരൽ അഥവാ ക്രിസ്റ്റൽ രൂപത്തിൽ അടിഞ്ഞു കൂടുന്ന യൂറിക് ആസിഡിനെ പുറന്തള്ളാൻ ആയുർവേദ ചികിത്സ ഫലപ്രദമാണ്. ഒരിക്കൽ രോഗശമനം ലഭിച്ചവർ വീണ്ടും രോഗ കാരണങ്ങൾ ശീലിക്കുന്നത് ഒഴിവാക്കേണ്ടതാണ്. വാത സംബന്ധമായ വേദനയാണെന്ന് തെറ്റിദ്ധരിച്ച് ഏതെങ്കിലും തൈലമിട്ട് തേച്ചാൽ സന്ധികൾക്കുണ്ടാകുന്ന നാശം പരിഹരിക്കാൻ അത്ര എളുപ്പമല്ലെന്ന് തിരിച്ചറിയുക.

LEAVE A REPLY

Please enter your comment!
Please enter your name here