അടിവയറിന്റെ പേശികളിലെ അമിതമായ കൊഴുപ്പും വണ്ണവും കുറയ്ക്കാൻ സഹായിക്കുന്ന ചികിത്സയാണ് അബ്‌ഡോമിനോ പ്ലാസ്റ്റി. കൊഴുപ്പും തടിയും കുറച്ച് അടിവയറ്റിലെ മസിലുകളെ ദൃഢപ്പെടുത്തുന്നതിന് ഈ ശസ്ത്രക്രിയ സഹായിക്കും.

ടമ്മി ടിക് എന്ന നാമത്തിലും അറിയപ്പെടുന്ന ഈ ശസ്ത്രക്രിയ പുറത്തേക്ക് തള്ളിനിൽക്കുന്ന വയറ് കുറച്ച് ശരീരത്തിന്റെ കൃത്യമായ ആകൃതി നിലനിർത്തുന്നതിനാണ് സഹായിക്കുന്നത്.

പ്രധാനമായും സ്ത്രീകളാണ് ഈ ചികിത്സാ രീതി ഉപയോഗിക്കുന്നത്. പ്രായമേറുന്തോറും ശരീരം ശ്രദ്ധിക്കാതെ വരികയും പ്രസവാനന്തരം ശരീര ഭാരം വർധിക്കുകയും ചെയ്യും. അഭംഗി എന്നതിലുപരി ആരോഗ്യ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടായേക്കാം. കൊഴുപ്പ് അടിഞ്ഞുകൂടി വയറ്‌ ചാടുന്നതാണ് ഇതിന്റെ ആദ്യ പടി.

ചർമത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുന്നതു മൂലം അടിയവയറ് തൂങ്ങുകയും വെളുത്ത വരകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ ഘട്ടത്തിലാണ് അബ്‌ഡോമിനോ പ്ലാസ്റ്റി സഹായിക്കുന്നത്. കൂടാതെ നല്ല ശരീരപ്രകൃതി ഉണ്ടായിട്ടും ഡയറ്റിനോ, വ്യായാമത്തിനോ കുറയ്ക്കാൻ സാധിക്കാതെ ഫാറ്റ് അടിഞ്ഞുകൂടി ശരീരഭാരം തോന്നിക്കുന്നവർക്കും ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗിച്ചു വരുന്ന സൗന്ദര്യ ശസ്ത്രക്രിയകളിലൊന്നാണിത്.
അടിവയറിലെയും അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയ മേഖലയിലെയും കൊഴുപ്പ് എടുത്തുമാറ്റി ശേഷിക്കുന്ന ഭാഗം തുന്നിച്ചേർക്കുന്നു. ഇതിലൂടെ ശരീരത്തിലെ വേണ്ടാത്ത കൊഴുപ്പ് പുറത്തേക്ക് പോകുകയും അനാവശ്യമായി തൂങ്ങിനിൽക്കുന്ന അവസ്ഥ ഇല്ലാതാകുകയും ചെയ്യും. മൂന്ന്‌ മുതൽ അഞ്ച് മണിക്കൂർ വരെ ആണ് ശസ്ത്രക്രിയയുടെ സമയം. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി അനുസരിച്ചാണ് ശസ്ത്രക്രിയയുടെ രീതികളിൽ വ്യത്യാസം വരുന്നത്.

ശസ്ത്രക്രിയയ്ക്ക് മുൻപേ ഒരു വ്യക്തി മനസ്സിലാക്കിയിരിക്കേണ്ട കാര്യം, ഈ പ്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തിൽ സ്ഥിരമായ പാട് ഉണ്ടാകും എന്നതാണ്. ശസ്ത്രക്രിയയുടെ പാട് മാറ്റാൻ സാധിക്കില്ല. അടിവയറ് മുതൽ ഹിപ്പ് വരെ ഈ പാടുകൾ ഉണ്ടാകും. ഈ ശസ്ത്രക്രിയയുടെ മറ്റൊരു പരിണിത ഫലമാണ് ഇടയ്ക്ക് ഉണ്ടായേക്കാവുന്ന മരവിപ്പും തരിപ്പും. അടിവയറിനും സമീപ പ്രദേശങ്ങളിലുമായാണ് ഇത് അനുഭവപ്പെടുക. അടിവയറ്റിലെ കൊഴുപ്പ് എടുത്തു മാറ്റുമ്പോൾ അവിടെയുള്ള നാഡികളെ ബാധിക്കുന്നതിനാലാണിത് സംഭവിക്കുന്നത്. താത്‌കാലികമായുണ്ടാകുന്ന ഒരു തരിപ്പാണിത്.
അമിതമായ രക്തസ്രാവം, പകർച്ചവ്യാധി, കാലുകളിൽ നാഡീരക്ത പ്രതിബന്ധനം എന്നിവ ശസ്ത്രക്രിയക്കു ശേഷം ഉണ്ടാകാറുണ്ട്. ശസ്ത്രക്രിയയ്ക്ക് മുന്നൊരുക്കമായി രണ്ടാഴ്ച മുൻപ് മുതൽ പുകവലി, മദ്യപാനം, ആസ്പിരിൻ, ഗർഭനിരോധന മരുന്നുകൾ എന്നിവ ഒഴിവാക്കണം. ഇവ ഒഴിവാക്കുന്നതോടൊപ്പം കൃത്യമായ വ്യായാമവും ഡയറ്റും ശ്രദ്ധിക്കണം.

ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നോ നാലോ ദിവസം ആശുപത്രിയിൽ കഴിയേണ്ടതായി വരും. ശസ്ത്രക്രിയക്ക്‌ ശേഷമുള്ള ദ്രാവകം പുറത്തു പോകുന്നതിന് പ്രത്യേക ട്യൂബ് സംവിധാനം ഇതോടൊപ്പം സജ്ജീകരിച്ചിരിക്കും.

സർജറിക്കു ശേഷം രോഗിയുടെ ആരോഗ്യ സ്ഥിതിയനുസരിച്ച് രണ്ട്‌ ദിവസം മുതൽ ഒരാഴ്ച വരെ ആശുപത്രിയിൽ കഴിയേണ്ടിവരും. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ചയോളം കൃത്യമായ വിശ്രമം ആവശ്യമാണ്. അമിത ഭാരം എടുത്തുയർത്താനോ, ശരീരത്തിന് ആയാസമുള്ള ജോലികൾ ചെയ്യാനോ പാടില്ല.
വീണ്ടും ഗർഭം ധരിക്കാൻ താത്‌പര്യപ്പെടുന്നവർ അടിവയറ്റിലെ മസിലുകൾ വികസിക്കാൻ സമയം നൽകണം. ശസ്ത്രക്രിയയിലൂടെ വലിച്ചു മുറുക്കിയ മസിലുകൾ ഗർഭാവസ്ഥയിൽ വീണ്ടും അയയും എന്നതിനാലാണിത്. ശസ്ത്രക്രിയയുടെ വിജയം ഈ ചികിത്സാ രീതിക്ക്‌ ശേഷം ഓരോരുത്തരും തുടരുന്ന വ്യായാമത്തിനേയും ഡയറ്റിനേയും ആശ്രയിച്ചിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here