കീടനാശിനി വിമുക്തമായ പച്ചക്കറികള്‍ ലഭിക്കണമെങ്കില്‍ സ്വയം കൃഷി ചെയ്യേണ്ട അവസ്ഥയാണ്. എന്നാല്‍ വീടുകളില്‍ സര്‍വസാധാരണമായി ചെയ്യാവുന്ന ചില പ്രാഥമിക പാചക നടപടിക്രമങ്ങള്‍ കീടനാശിനികള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനു സഹായകരമാകും.

വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത കീടനാശിനികളാകും പഴങ്ങളിലും പച്ചക്കറികളിലും തളിക്കുക. ചിലത് പൂക്കുന്നതിനു മുന്‍പ് പ്രയോഗിക്കുമെങ്കില്‍ മറ്റു ചിലത് കായ്കള്‍ വളരുന്ന ഘട്ടത്തിലാകും. ഇനി ചിലതാകട്ടെ വിളവെടുത്തതിനു ശേഷമായിരിക്കും. അതായത് ഒരേയിനം പഴമായാലും പച്ചക്കറിയായാലും എത്രത്തോളം കീടനാശിനി അടങ്ങിയിരിക്കുന്നു എന്നത് വ്യത്യസ്തമായിരിക്കും.

കഴുകി വൃത്തിയാക്കല്‍, പുറംതൊലി കളയല്‍, ചൂടുവെള്ളത്തില്‍ മുക്കിയെടുക്കല്‍, നീരെടുക്കല്‍, പുഴുങ്ങല്‍, പൊടിക്കല്‍, ചുട്ടെടുക്കല്‍, ചൂടാക്കികൊണ്ടുള്ള അണുനാശനം, ടിന്നിലടച്ച് ഭദ്രമാക്കല്‍ തുടങ്ങിയ പല പ്രക്രിയയുടെയും അനന്തരഫലമായി വലിയ തോതില്‍ കീടനാശിനി നിര്‍മാര്‍ജനം നടക്കുന്നുണ്ട്.

വെള്ളമുപയോഗിച്ച് കഴുകല്‍

പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിനു മുന്‍പ് കഴുകുന്നത് പതിവാണ്. എങ്കിലും മിക്കവാറും പച്ചക്കറികളിലും പഴങ്ങളിലും പുറംതൊലിയിലാവും കീടനാശിനി സാന്നിധ്യം ഉണ്ടാവുക. അതുകൊണ്ട് അവ നന്നായി കഴുകുന്നതിലൂടെയും പുറംതൊലി കളയുന്നതിലൂടെയും സുരക്ഷിതമാക്കാം.
1. പഴങ്ങളുടെയും പച്ചക്കറികളുടെയും ബാഹ്യഘടന, കീടനാശിനിയുടെ രാസഘടന, പരിസ്ഥിതിയുടെ സ്വഭാവം എന്നിവയാണ് വെള്ളത്തില്‍ കഴുകുന്നതിലൂടെയുള്ള കീടനാശിനി നിര്‍മാര്‍ജനം.
2. വിനാഗിരി, മഞ്ഞള്‍, സോഡിയംബൈകാര്‍ബണേറ്റ്, കറിയുപ്പ്, ആല്‍ക്കഹോള്‍ എന്നിവയുടെ ലായനികളില്‍ മുക്കിവയ്ക്കുന്നതും ഏറെക്കുറെ വിഷരഹിതമാകും. കഴുകുമ്പോള്‍ നിര്‍മാര്‍ജനം ചെയ്യപ്പെടുന്ന മിക്ക കീടനാശിനികള്‍ക്കും ജലത്തില്‍ അലിയുന്ന സ്വഭാവം ഉണ്ടായിരിക്കും.

3. മുന്തിരി പോലുള്ള പഴങ്ങളുടെ പുറം തൊലിയില്‍ നിന്നാണ് പലപ്പോഴും കീടനാശിനി വിഷം ജ്യൂസുകളില്‍ എത്തുന്നത്. പഴത്തൊലികള്‍ കൂടി ഉപയോഗിച്ച് നിര്‍മിക്കുന്ന വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളില്‍ മിക്കപ്പോഴും കീടനാശിനി കണികകള്‍ ഉണ്ടാകും.
4. പലതവണ തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ തന്നെ 75 മുതല്‍ 80 വരെ ശതമാനം കീടനാശിനികള്‍ ഒഴുകിപോകും. ഉദാഹരണത്തിന് മുന്തിരി, ആപ്പിള്‍, പേരക്ക, മാങ്ങ, തക്കാളി, വെണ്ട എന്നിവയെല്ലാം തണുത്ത വെള്ളത്തില്‍ നിരവധി തവണ കഴുകി വിഷവിമുക്തമാക്കാവുന്നതാണ്.
5. നന്നായി കഴുകുമ്പോള്‍ കീടനാശിനീകണങ്ങള്‍ വെള്ളത്തില്‍ അലിഞ്ഞു പോവുകയല്ല. മറിച്ച് കഴുകലിന്റെ ഭാഗമായി പ്രതലത്തില്‍ നിന്ന് ഇളകി ഒഴുകിപ്പോകുകയാണ് ചെയ്യുന്നതെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഉപ്പു വെള്ളത്തില്‍ മുക്കിവയ്ക്കല്‍

വീടുകളില്‍ നമുക്ക് എളുപ്പത്തില്‍ പാലിക്കാവുന്ന ഒരു പ്രക്രിയയാണ് ഉപ്പ് വെള്ളത്തില്‍ മുക്കി വയ്ക്കല്‍. ഉപ്പുവെള്ളത്തിന്റെ ശക്തി ഇക്കാര്യത്തില്‍ തെളിയിക്കുന്ന നിരവധി പരീക്ഷണനിരീക്ഷണങ്ങള്‍ ലോകമെമ്പാടും നടന്നിട്ടുണ്ട്. ഒരു ശതമാനം വീര്യമുള്ള കറിയുപ്പ് ലായനിയില്‍ കാബേജ് 10 മിനിട്ട് മുക്കിവച്ചപ്പോള്‍ കാബേജിലുണ്ടായിരുന്ന ക്ലോറോതലോണില്‍ എന്ന വിഷവസ്തു ഏറെക്കുറെ ഇല്ലാതായെന്ന് ചൈനയില്‍ നിന്നുള്ള പഠനം വെളിപ്പെടുത്തി.
ഉപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുന്നതിനൊപ്പം നന്നായി കഴുകി വേവിക്കുന്നതും കാബേജിലെ കീടനാശിനി കണങ്ങളെ ഇല്ലായ്മ ചെയ്യും. പച്ചമുളകിന്റെ കാര്യത്തില്‍ ഉപ്പുവെള്ളത്തിന്റെ കരുത്ത് സംശയാതീതമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് മരുന്ന് തളിയുടെ അന്നും അഞ്ച് ദിവസങ്ങള്‍ക്ക് ശേഷവും ശേഖരിച്ച പച്ചമുളകിനെ 2 ശതമാനം വീര്യമുള്ള കറിയുപ്പ് ലായനിയില്‍ 10 മിനിട്ട് നേരം മുക്കിവച്ചപ്പോള്‍ യഥാക്രമം 90 ശതമാനവും 66 ശതമാനവും കീടനാശിനീ അവശിഷ്ടം കളയാനായി.

ലായനികള്‍ ഉപയോഗിച്ചുള്ള കഴുകല്‍

പഴങ്ങളും പച്ചക്കറികളും കീടനാശിനിമുക്തവും രോഗാണുവിമുക്തവുമാക്കുന്നതിനു ഓസോണ്‍ ലായനിയും ക്ലോറിന്‍ ലായനിയും മറ്റ് രാസലായനികളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആപ്പിള്‍, ഉരുളക്കിഴങ്ങ്, വഴുതന, കുരുമുളക്, പയറിനങ്ങള്‍ എന്നിവയ്‌ക്കൊക്കെ ലായനികള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

തൊലി കളയല്‍

ഫലവര്‍ഗങ്ങളുടെ പുറമേ പറ്റിയിരിക്കുന്ന കീടനാശിനി കണങ്ങളെ തൊലി കളയുന്നതിലൂടെ നിര്‍മാര്‍ജനം ചെയ്യാം. കറികളുണ്ടാക്കുന്നതിനായി തൊലി കളഞ്ഞ ശേഷം വറക്കുന്നതാണ് കീടനാശിനി കീടനാശിനി കളയുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം. തൊലിയിലാണ്് കീടനാശിനി വിഷത്തില്‍ ഭൂരിഭാഗവും തങ്ങിയിരിക്കുകയെന്നതിനാല്‍ ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്നതിലൂടെ തന്നെ നല്ലൊരു ഭാഗം കീടനാശിനി നിര്‍മാര്‍ജനം ചെയ്യപ്പെടുന്നു.
ഇക്കാരണത്താല്‍ പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും പുറംതൊലി കളയുന്നത് കീടനാശിനി നിര്‍മാര്‍ജനത്തിന് അത്യന്താപേക്ഷിതമാണ്. തിളപ്പിക്കുന്നതിലൂടെയും കീടനാശിനി നിര്‍മാര്‍ജനം സാധ്യമാകും. ജലത്തില്‍ അലിയുന്ന സ്വഭാവമുള്ള കീടനാശിനികളെ കളയുന്നതിനു അല്‍പനേരം തിളപ്പിക്കുക. ഇവ കൂടാതെ അടുക്കളയില്‍ സാധാരണ ചെയ്യാറുള്ള കഴുകല്‍, തൊലി കളയല്‍, വേവിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ സംയുക്തമായി ചെയ്യുന്നതിലൂടെ ഭക്ഷണസാധനങ്ങളെ വിഷമുക്തമാക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here