” രാത്രി കാലങ്ങളില്‍ 10 മണിക്കു ശേഷമുള്ള യാത്രകള്‍ ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. കാരണം പകല്‍ ജോലികള്‍ക്കു ശേഷം ശരീരം വിശ്രമത്തിനായി തിരഞ്ഞെടുക്കുന്ന സമയമാണിത്. ആശുപത്രി കേസുകള്‍ ഒഴികെ മറ്റു യാത്രകള്‍ രാത്രികാലങ്ങളില്‍ ഒഴിവാക്കാന്‍ നമുക്ക് സാധിക്കണം ”

പൂര്‍ണ ആരോഗ്യസ്ഥിതിയില്‍ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങള്‍ എടുക്കാന്‍ ഏറ്റവും കുറവ് സമയം ലഭിക്കുന്നത് ഇവര്‍ക്കാണ്. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂ.

ഉദാഹരണത്തിന് തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എതിരെ വരുന്ന ആറു വാഹനങ്ങളെയെങ്കിലും ഒരു സെക്കറ്റില്‍ കണ്‍മുന്‍പില്‍ കാണേണ്ടിവരുന്നു. മാത്രവുമല്ല ഓടിക്കുന്ന വാഹനത്തിന്റെ മുന്‍പിലും പിന്നിലുമുള്ള വാഹനങ്ങള്‍, റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍, കാല്‍നട യാത്രകാര്‍, റോഡിന്റെ വശങ്ങള്‍ തുടങ്ങി നിരവധികാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു.

വാഹനങ്ങള്‍ നമ്മെ ഓടിക്കുമ്പോഴാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. എതിരെ വരുന്ന വാഹനം അല്ലെങ്കില്‍ യാത്രക്കാരന്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കാനുള്ള കഴിവ് ഡ്രൈവര്‍ക്ക് ഉണ്ടായിരിക്കണം. അതായത് കണ്‍മുന്‍പില്‍ കാണുന്ന ഒരു കാര്യം കണ്ണിലൂടെ സംവേദനം ചെയ്ത് തലച്ചോറില്‍ എത്തുകയും അവിടെ തീരുമാനമെടുത്ത് കൈകാലുകളില്‍ തിരിച്ചെത്തി അത് വാഹനത്തില്‍ പ്രവര്‍ത്തിച്ച് റോഡില്‍ പ്രതിഫലിക്കണം. ഇത്രയും കാര്യങ്ങള്‍ ഒരു സെക്കന്റില്‍ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ടാണ് ഡ്രൈവറിന് ശാരീരികവും മാനസികവുമായ ആരോഗ്യം ആവശ്യമാണെന്ന് പറയുന്നത്.

ശാരീരിക പ്രശ്‌നങ്ങള്‍ മൂലം അപകടങ്ങള്‍


അപകടങ്ങള്‍ ഉണ്ടാവുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ അതിലൊരു മുഖ്യ കഥാപാത്രമാണ് മനുഷ്യന്റെ ശാരീരക പ്രശ്‌നങ്ങള്‍. ഉറക്കക്കുറവ്, മരുന്ന്, രോഗാവസ്ഥ, ചില കാലാവസ്ഥ തുടങ്ങിയവ ശാരീരിക അനാരോഗ്യത്തിന് കാരണമാകുന്നു. ഇങ്ങനെയുള്ള അവസരങ്ങില്‍ വണ്ടിയോടിക്കുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ കൂടുതലാണ്.

 

 

ഉറക്കക്കുറവ്


ശാരീരിക ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ഘടകം നല്ല ഉറക്കം തന്നെയാണ്. ദിവസവും ഏറ്റവും കുറഞ്ഞത് ആറുമണിക്കൂര്‍ ഉറങ്ങണമെന്ന കാര്യം നാം കേട്ടു പഴകിയ കാര്യമാണ്. എന്നാലും ഇതിന്റെ പ്രാധാന്യം നാം മനസിലാക്കുന്നില്ലായെന്നു മാത്രം. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ നന്നായി ഉറങ്ങാത്തതാണ് പല അപകടങ്ങളും ഉടലെടുക്കുന്നതിന്റെ കാരണം. ഉറക്കമിളച്ചു വാഹനം ഓടിക്കുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലാകുന്നു.
പാതിമയക്കത്തില്‍ വണ്ടിയോടിക്കുന്ന അവസ്ഥ. ഈ അവസ്ഥയില്‍ വാഹനം മുന്നോട്ടു പോകുമ്പോള്‍ എതിര്‍ദിശയില്‍ വരുന്ന വാഹനത്തെയോ ആളുകളെയോ റോഡിന്റെ ഗട്ടറുകളോ ഒന്നും വ്യക്തമായി മനസിലാക്കാന്‍ സാധിക്കാതെ വരുന്നു. അതുകൊണ്ട് പെട്ടന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരുകയും അത് അപകടങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്യുന്നു.

 

രാത്രി കാലങ്ങളില്‍ 10 മണിക്കു ശേഷമുള്ള യാത്രകള്‍ ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതമായക്കാര്യം. കാരണം പകല്‍ ജോലികള്‍ക്കു ശേഷം ശരീരം വിശ്രമത്തിനായി തിരഞ്ഞെടുക്കുന്ന സമയമാണിത്. ആശുപത്രി കേസുകള്‍ ഒഴികെ മറ്റു യാത്രകള്‍ രാത്രികാലങ്ങളില്‍ ഒഴിവാക്കാന്‍ നമുക്ക് സാധിക്കണം. നമ്മുടെ നാട്ടില്‍ നടക്കുന്ന അപകടങ്ങളില്‍ 80 ശതമാനവും സംഭവിക്കുന്നത് രാത്രി 12നും വെളുപ്പിനു മൂന്നു മണിക്കുമിടയിലാണ്്. അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയതുമൂലവും. വിനോദയാത്രകളും എയര്‍പോട്ട് യാത്രകളും പോകേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ രാത്രി സമയങ്ങളില്‍ എവിടെയെങ്കിലും താമസിക്കുന്നതാവും ഉചിതം. പണമല്ല മനുഷ്യജീവനാണ് വലുതെന്ന് തിരിച്ചറിയുക.

 

മരുന്ന് ഉപയോഗിക്കുമ്പോള്‍


മരുന്നുകള്‍ കഴിച്ച ശേഷം ഉടന്‍ വാഹനം ഓടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മരുന്നു കഴിച്ച് 10 മിനിറ്റ് കഴിയുമ്പോഴേക്കും അത് ശരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. മരുന്നു കഴിക്കുമ്പോള്‍ അവ രക്തത്തില്‍ കലരുകയും ശാരീരിക ഊര്‍ജ്ജം രോഗാണുക്കളെ നശിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ഉറക്കത്തിലേക്ക് നയിക്കുന്നു. മരുന്നു കഴിച്ച് ആറ് മണിക്കൂറുകള്‍ക്കു ശേഷം വാഹനം ഓടിക്കുന്നതാണ് ഉചിതം. കാരണം ആറ് മണിക്കൂര്‍ കഴിയുമ്പോഴേക്കും ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവാന്‍ തുടങ്ങും. സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ വാഹനം ഓടിക്കുമ്പോള്‍ മറ്റൊരാള്‍കൂടി ഒപ്പം യാത്ര ചെയ്യുന്നത് നന്നായിരിക്കും. വാഹനം ഓടിക്കും മുമ്പ് ഒരു ഡോക്ടറുടെ നിര്‍ദേശം കൂടി സ്വീകരിക്കുന്നത് നല്ലതാണ്.

ഡ്രൈവിംഗ് ആരംഭിക്കും മുമ്പ്


വാഹനം എടുക്കും മുമ്പ് താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കാരണം രോഗാവസ്ഥയില്‍ വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ അപകടങ്ങളിലേക്ക് പോവുകയാണ് ചെയ്യുന്നത്. ചെറിയ തലവേദനയുണ്ടെങ്കില്‍ പോലും വാഹനം ഓടിച്ച് പരീക്ഷണത്തിന് തുനിയാതിരിക്കുന്നതാണ് നല്ലത്. വിശ്രമിച്ച് ആരോഗ്യസ്ഥിതി ഉറപ്പുവരുത്തിയ ശേഷം വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക. വാഹനം ഓടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വാഹനം റോഡിന്റെ വശങ്ങളില്‍ നിര്‍ത്തി മറ്റുള്ളവരുടെ സഹായം തേടുക.

 

അപരിചിതമായ സ്ഥലത്തുവച്ചാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവുന്നതെങ്കില്‍ ഭയപ്പെണ്ടതില്ല. പോലീസിനെയോ ഫയര്‍ഫോഴ്‌സിനെയോ വിവരം അറിയിക്കുക. ഇവരുടെ സേവനങ്ങളെക്കുറിച്ച് മനസിലാക്കി അവ വേണ്ട സമയങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കുക.

രോഗമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് വാഹനം ഓടിക്കുന്നതാവും നല്ലത്. ചില സ്ഥലങ്ങളിലെ കാലവസ്ഥകള്‍ മനുഷ്യരുടെ രോഗങ്ങള്‍ വര്‍ധിപ്പിക്കന്‍ കാരണമാകുന്നു. ഇങ്ങനെയുള്ള സ്ഥലങ്ങളിലെക്ക് വാഹനം ഓടിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കാരണം സാധാരണ യാത്ര ചെയ്യുമ്പോള്‍ ആവശ്യമായ ഊര്‍ജ്ജത്തിന്റെ ഇരട്ടി ഊര്‍ജ്ജം ആവശ്യമാണ് ഒരു ഡ്രൈവര്‍ക്ക്.

 

മാനസിക പ്രശ്‌നങ്ങള്‍


മാനസിക ആരോഗ്യമാണ് ഡ്രൈവര്‍ക്ക് ആവശ്യമായ മറ്റോരു പ്രധാന ഘടകം. മാത്രവുമല്ല വളരെയേറെ മാനസിക സമ്മര്‍ദം നേരിടേണ്ടി വരുന്ന ജോലിക്കൂടിയാണ് ഡ്രൈവിങ്ങ്. അല്പ നേരത്തെ ശ്രദ്ധക്കുവ് വലിയ അപകടങ്ങളാവും ഉണ്ടാക്കുക. ഡ്രൈവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മറ്റുള്ളവര്‍ക്കൂടി ശ്രദ്ധിക്കണം. ഇവര്‍ പ്രശ്‌നങ്ങളെ അഭിമുഖികരിക്കുമ്പോള്‍ മാനസികമായും തളരാന്‍ കാരണമാകുന്നു. ഇവര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉള്ളിലെ വേദനകള്‍ പ്രകടമാക്കുന്നത് വാഹനത്തോടായിരിക്കും. വണ്ടി ഓവര്‍ സ്പീഡില്‍ ഓടിക്കുകയും സ്വയം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു.

 

കേരളമൊരു ഉപഭോക്തൃ സംസ്ഥാനമാണ്. അതുകൊണ്ട് ധാരാളം ചരക്കു വാഹനങ്ങള്‍ ദിവസവും വരുന്ന റോഡുകളാണ് നമ്മുടെത്. പല റോഡുകളും സംസ്ഥാങ്ങളും കടന്നു വരുന്ന വാഹനങ്ങളാണ് ഇവയില്‍ ഭൂരിഭാഗവും. ഈ ഡ്രൈവര്‍ന്മാര്‍ പല ചെക്ക് പോസ്റ്റുകള്‍ താണ്ടി വരുന്നതിനാല്‍ വളരെ ഏറെ മാനസിക സമ്മര്‍ദങ്ങള്‍ നേരിടെണ്ടി വരുന്നു. അതുകൊണ്ട് രാത്രിയിലെ യാത്രകള്‍ക്ക് കുറഞ്ഞത് രണ്ട് ഡ്രൈവര്‍മാരെങ്കിലും വാഹനത്തില്‍ ഉണ്ടായിരിക്കണം. ഇത് തുടര്‍ച്ചയായുള്ള ഡ്രൈവിങ്ങ് ഒഴിവാക്കി വിശ്രമിക്കാന്‍ ആവശ്യമായ സമയവും ലഭിക്കാന്‍ സഹായിക്കുന്നു. ഡ്രൈവര്‍മാര്‍ കുഴഞ്ഞുവീണു മരിക്കുന്നതിന്റെ പിന്നിലെ കാരണം മാനസിക സമ്മര്‍ദമാണ്.

 

മൊബൈല്‍ ഫോണും ലഹരിയും


മൊബൈല്‍ ഫോണുകളുടെയും ലഹരിവസ്തുക്കളുടെയും ഉപയോഗം മൊബൈല്‍ ഫോണുകളും മദ്യവും മറ്റു ലഹരിവസ്തുക്കളും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. പ്രത്യേകിച്ച് വാഹനം ഓടിക്കുമ്പോള്‍. ഇവയുടെ ഉപയോഗം വഴിയുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്.

 

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. അത്യാവശ്യ കോളുകളാണെങ്കില്‍ വാഹനം റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയതിനു ശേഷം മാത്രം ഫോണില്‍ സംസാരിക്കാവൂ.
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും വന്നട്ടില്ല. പല റോഡപകടങ്ങളുടെയും കാരണം ഡ്രൈവറുടെ മദ്യപാനം തന്നെയാണ്. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുമ്പോള്‍ ഇതില്‍ അടങ്ങിയിക്കുന്ന ആല്‍ക്കഹോള്‍ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തുകയും അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇവയുടെ ഉപയോഗം വഴി സ്വന്തം ആരോഗ്യത്തെ നശിപ്പിക്കുന്നതിനൊപ്പം പല കുടുംബങ്ങളുടെയും ജീവിതം നശിപ്പിക്കുയാണ് ചെയ്യുന്നത്.

സ്ത്രീകള്‍ വാഹനം ഓടിക്കുമ്പോള്‍


ആധുനികയുഗത്തില്‍ പുരുഷന്‍മാര്‍ക്കൊപ്പം തന്നെ സ്ത്രീകളും ഡ്രൈവിംഗ് രംഗത്ത് എത്തിയിരിക്കുന്നു. ഗര്‍ഭിണിയായ സ്ത്രീ വാഹനം ഓടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഈ അവസ്ഥയില്‍ രണ്ടു വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍ണം. ഡ്രൈവ് ചെയ്യുമ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളും മാനസിക സമ്മര്‍ദങ്ങളും ഉണ്ടാവുന്നു. ഇത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ ബാധിക്കുന്നു. ഗര്‍ഭകാലത്ത് ഫോര്‍ വീലറുകള്‍ ഓടിക്കുന്നത് അബോഷന്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. പ്രസവശേഷം കുറഞ്ഞത് ഒന്നര മാസങ്ങള്‍ക്കു ശേഷമേ വാഹനം ഓടിക്കാവൂ.

 

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷമോ ഭക്ഷണം കഴിക്കാതെയോ വാഹനം ഓടിക്കാന്‍ പാടില്ല.
2. തുടര്‍ച്ചയായി നാലു മണിക്കൂര്‍ ഡ്രൈവ് ചെയ്ത ശേഷം നിര്‍ബന്ധമായും 10 മിനിറ്റ് വിശ്രമിക്കുക.
3. നടുവേദനയുള്ളപ്പോള്‍ വാഹനം ഓടിക്കാതിരിക്കുക.
4. യാത്രക്കിടെ വെള്ളം കുടിക്കുക. ഇത് ക്ഷീണം അകറ്റാന്‍ സഹായിക്കും.
5. പൂര്‍ണ ആരോഗ്യവാണെങ്കില്‍ മാത്രം വാഹനം ഓടിക്കാവു.
6. രാത്രി പത്തു മണിക്കു ശേഷമുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
7. മരുന്നുക്കഴിച്ച് ആറ് മണിക്കൂറുകള്‍ക്കു ശേഷമേ വാഹനം ഓടിക്കാവൂ.
8. ട്രാഫിക്ക് നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക.
9. യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ ഒപ്പമിരിക്കുന്ന വ്യക്തി ശ്രദ്ധിക്കേണ്ടതാണ്.
10. വാഹനം ഓടിക്കുമ്പോള്‍ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ മറ്റുള്ളവരുടെ സഹായം തേടുക.
11. ഗര്‍ഭിണികള്‍ വാഹനം ഓടിക്കാതിരിക്കുക.
12. ക്ഷമയോടു കൂടി വാഹനം ഓടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
13. ദിവസവും അരമണിക്കൂറെങ്കിലും വ്യയാമം ചെയ്യാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here