മൂന്ന്-ആറ് ഇഞ്ച് നീളമുള്ള ചെറിയ സഞ്ചിയാണ് പിത്താശയം. നെഞ്ചിന്റെ വലതുവശത്ത്, കരളിന് താഴെയാണ് പിത്താശയം സ്ഥിതി ചെയ്യുന്നത്. പിത്താശയം ഒരു വശത്ത് കരളും മറുവശത്ത് ചെറുകുടലുമായി ബന്ധിപ്പിച്ചു കിടക്കുന്നു. കരളില്‍ ഉണ്ടാകുന്ന പിത്തനീര് സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം ചെറുകുടലിലേക്ക് ഒഴുകുകയാണ് പിത്താശയ ധര്‍മ്മം. ആഹാരപദാര്‍ഥങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും പിത്തനീര് സഹായിക്കുന്നു.

ശരീരത്തിലെ ത്രിദോഷങ്ങളില്‍ പ്രധാനിയായ പിത്തദോഷമാണ് പിത്തനീരിന്റെ ഗുണകര്‍മ്മങ്ങളെ നിയന്ത്രിക്കുന്നത്. പിത്തനീരിന്റെ അളവ് സാധാരണ അവസ്ഥയെക്കാളും വളരെ കുറയുകയോ, കൂടുകയോ ചെയ്യുമ്പോഴാണ് രോഗാവസ്ഥയായി മാറുന്നത്. പിത്താശയക്കല്ല്, പിത്താശയത്തിലെ നീര്‍ക്കെട്ട്, ഗ്രഹണി തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥകള്‍.

 

കല്ലുകള്‍ രൂപപ്പെടുന്നു


പിത്താശയത്തില്‍ പ്രധാനമായി കണ്ടുവരുന്ന ഒരു വ്യാധിയാണ് പിത്താശയക്കല്ല്. പിത്താശയക്കല്ല് അത്ര സാധാരണ രോഗമല്ലെങ്കിലും ഇന്നത്തെ കാലത്ത് അധികരിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണിത്. പിത്തനീര്, കൊഴുപ്പ്, ബിലുറൂബിന്‍, കാത്സ്യം, എന്നിവയുടെ കൂടെ ചേര്‍ന്നാണ് സാധാരണയായി കല്ലുകള്‍ ഉണ്ടാകുന്നത്. ആയുര്‍വേദ വിധി പ്രകാരം പിത്തരോഗമായാണ് ഇതിനെ കാണുന്നത്.

 

ശരീരത്തില്‍ പല കാരണങ്ങളാല്‍ ദുഷിച്ച പിത്തം കല്ലായി പിത്താശയത്തില്‍ അടിഞ്ഞു കൂടുന്നു. ഇതിനെയാണ് പിത്താശയക്കല്ല് അഥവാ ഗാല്‍ബ്ലാഡര്‍ സ്‌റ്റോണ്‍ എന്നു പറയുന്നത്. ആയുര്‍വേദ മരുന്നുകള്‍, ചികിത്സകള്‍, പഥ്യാഹാരം തുടങ്ങിയവയിലൂടെ ഇത്തരം കല്ലുകള്‍ അലിയിച്ച് ഇല്ലാതാക്കാവുന്നതാണ്. അലോപതിയില്‍ മരുന്നു ചികിത്സകളും ശസ്ത്രക്രിയയുമാണ് സാധാരണയായി നിര്‍ദേശിക്കാറുള്ളത്.

 

രോഗകാരണം


എരിവ്, പുളി, ഉപ്പ്, മസാല തുടങ്ങിയവയുടെ അമിത ഉപയോഗം കൊണ്ട് പിത്താശയക്കല്ല് ഉണ്ടായേക്കാം. തെറ്റായ ആഹാരക്രമം പിത്താശയക്കല്ലിന് കാരണമാകാം. അതുപോലെ തന്നെ അമിത കൊഴുപ്പുള്ള ഭക്ഷണം, മത്സ്യമാംസാദികളുടെ അമിതോപയോഗം തുടങ്ങിയവയും പിത്താശയക്കല്ല് രൂപപ്പെടാന്‍ ഇടയാക്കും. മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ കൂടുന്നതും ഈ രോഗമുണ്ടാക്കും.

കൃത്രിമ ഭക്ഷണങ്ങള്‍, മൈദ, ഡാല്‍ഡ, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം രോഗം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ പ്രായഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. തെറ്റായ ഭക്ഷണശീലവും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളുമാണ് അമിതവണ്ണത്തിനു കാരണം.

അമിതവണ്ണം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഒരു പ്രായം കഴിയുമ്പോള്‍ പിത്താശയക്കല്ലുണ്ടാകാന്‍ കാരണമാകും. അമിത കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹവും അമിത കൊളസ്‌ട്രോളും പിത്താശയക്കല്ലിനുള്ള സാധ്യതാഘടകങ്ങളാണ്. മാനസിക സമ്മര്‍ദം ഏതു രോഗവും അധികരിക്കാനേ ഇടയാക്കൂ. പിത്താശക്കല്ലിനും മാനസിക സമ്മര്‍ദങ്ങള്‍ ഒരു പ്രധാന കാരണമാണ്്. ഏത് രോഗത്തിനും മാനസിക സമ്മര്‍ദം വിപരീത ഗുണമാണ് നല്‍കുക. അതുകൊണ്ട് അമിത മാനസിക സമ്മര്‍ദം ഈ രോഗത്തിനിടയാക്കും. മിക്ക രോഗങ്ങള്‍ക്കും പാരമ്പര്യം പ്രധാന ഘടകമാണ്്. പിത്താശയക്കലും പാരമ്പര്യമായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here