ഹര്‍ഷിനയ്ക്ക് പിന്നാലെ, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികില്‍സ പിഴവിന് മറ്റൊരു ഇര കൂടി. ഹൃദയ ശസ്ത്രക്രിയക്കിടെ ബാഹ്യവസ്തു ശരീരത്തിനുള്ളില്‍ കുടുങ്ങിയതാണ് ചീക്കിലോട്  കോറോത്ത് അശോകന്റ ജീവിതം ദുരിതത്തിലാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പലിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

അഞ്ചുവര്‍ഷമായി അശോകന്‍ വേദന അനുഭവിക്കാന്‍ തുടങ്ങിയിട്ട്. ഹൃദയ ശസ്ത്രക്രിയയുടെ ഭാഗമായുള്ള നെഞ്ചിലെ മുറിവ്  ഇതുവരെ ഉണങ്ങിയിട്ടില്ല. 2018 ലാണ് അശോകനെ നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  ശസ്ത്രക്രിയയ്ക്ക്  വിധേയനാക്കിയത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും മുറിവുണങ്ങിയില്ല. ഇതോടെ പല ഡോക്ടര്‍മാരെയും കാണിച്ചു.  ഇക്കഴിഞ്ഞ ജനുവരിയില്‍ സ്വകാര്യാശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നേര്‍ത്ത സ്റ്റീല്‍ കമ്പി കണ്ടെത്തി പുറത്തെടുത്തത്.

അലക്ഷ്യമായി സര്‍ജറി നടത്തിയവര്‍ക്കെതിരെ നിയമനടപടിയും നഷ്ടപരിഹാരവും വേണമെന്നാണ് അശോകന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് അശോകന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് അശോകന്‍ കഴിഞ്ഞദിവസം മെഡ‍ിക്കല്‍ കോളജിലെത്തി തെളിവുകള്‍ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here