ഇന്ന് സാധാരണമായ പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ പലതും ഭക്ഷണ നിയന്ത്രണവുമായി ബന്ധപ്പെടതാണല്ലോ. പൊണ്ണത്തടി പോലുള്ള രോഗങ്ങൾക്ക് പ്രധാനകാരണം അമിത അളവിലെ ഭക്ഷണമാണ്. ശരീരത്തിനാവശ്യമായ പോഷകങ്ങളെ ആവശ്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പോഷകങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് വിവിധ രോഗങ്ങൾക്ക് കാരണമാകുന്നത്. ഓരോ വിഭവവും എങ്ങിനെ അളന്ന് കഴിക്കാനാകും?, നിത്യജീവിതത്തിൽ എല്ലാ പോഷകങ്ങളും ആവശ്യമായ അളവിൽ ശരീരത്തിന് ലഭിക്കാൻ എന്തു ചെയ്യണം എന്നൊക്കെയാണ് ചിന്തയെങ്കിൽ വിഷമിക്കേണ്ട. മാർഗമുണ്ട്.

പ്ലേറ്റ് മെത്തേഡിനെക്കുറിച്ചാണ് പരിചയപ്പെടുത്തുന്നത്. പോഷകങ്ങളെ ആവശ്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സഹായിക്കുന്ന ഒരു ഭക്ഷണാസൂത്രണ രീതിയാണ് പ്ലേറ്റ് മെത്തേഡ്. സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാനും പിന്തുടരാനും സാധിക്കുന്ന മാർഗമാണിത്.

പ്ലേറ്റ് മെത്തേഡ് കഴിക്കുന്ന കാർബോ ഹൈഡ്രേറ്റിന്‍റെ അളവിനെയും മൊത്തം ഭക്ഷണത്തിലൂടെയുള്ള ഊർജത്തിന്‍റെ അളവിനെയുമെല്ലാം കുറയ്ക്കാൻ സഹായിക്കുന്നു. എല്ലാ പോഷകങ്ങളെയും കൃത്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും മധുര പാനീയങ്ങളെ ഒഴിവാക്കാനും ഈ രീതി ഉപകാരപ്പെടും.

പ്ലേറ്റിന്‍റെ വലിപ്പത്തിലുമുണ്ട് കാര്യം
പേര് പോലെ തന്നെ നിങ്ങൾ ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് വിഭജിച്ച് ഒരോ ഭാഗത്തും വ്യത്യസ്ത പോഷകങ്ങളടങ്ങിയ ഭക്ഷണം വിളമ്പുകയെന്നതാണ് പ്ലേറ്റ് മെത്തേഡ്. ഈ രീതി പിന്തുടരാൻ 9 ഇഞ്ച് വ്യാസമുള്ള പ്ലേറ്റാണ് തെരഞ്ഞെടുക്കേണ്ടത്. കൂടുതൽ വലിപ്പമുള്ള പ്ലേറ്റാണെങ്കിൽ നിങ്ങൾ കൂടുതൽ ഭക്ഷണം വിളമ്പും. പ്ലേറ്റ് തെരഞ്ഞെടുത്താൽ ഇതിനെ നാല് തുല്യ ഭാഗങ്ങളാക്കാം.

നാലു ഭാഗങ്ങൾ, എല്ലാം നിറച്ച പ്ലേറ്റ്
പ്ലേറ്റ് നാലു ഭാഗങ്ങളാക്കിയ ശേഷം ഓരോ ഭാഗത്തും എന്തെല്ലാം ഭക്ഷ്യ വിഭവങ്ങൾ വിളമ്പാമെന്ന് നോക്കാം.
1. ധാന്യങ്ങൾ
പ്ലേറ്റിന്‍റെ ഒന്നാം ഭാഗത്ത് ധാന്യങ്ങളാവാം. അരി, ഗോതമ്പ്, രാഗി, ചോളം, ബാർലി എന്നിവയെല്ലാം ആവാം. ധാന്യങ്ങളാണ് ഊർജനത്തിന്‍റെ പ്രധാന സ്രോതസ്. ധാന്യങ്ങൾ തെരഞ്ഞെടുക്കുമ്പോൾ തവിടോട് കൂടിയവ ഉൾപ്പെടുത്തുകയും സംസ്കരിച്ചവ ഒഴിവാക്കുകയും ചെയ്താൽ കൂടുതൽ ആരോഗ്യകരമായി.

2. പ്രോട്ടീൻ
പ്ലേറ്റിന്‍റെ രണ്ടാം ഭാഗത്ത് പ്രോട്ടീൻ മുഖ്യസ്രോതസ്സുകളായ ഭക്ഷണങ്ങൾ വിളമ്പാം. മാംസം (മത്സ്യം അടക്കം), മുട്ട, പയർ വർഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുക. ഒഴിവാക്കേണ്ടത് സംസ്കരിച്ച മാംസവും റെഡ് മീറ്റുമാണ്.

3. പച്ചക്കറികൾ
അടുത്ത ഭാഗത്ത് പച്ചക്കറികൾ ഉൾപ്പെടുത്താം. ഇല വർഗങ്ങൾ, കിഴങ്ങ് വർഗങ്ങൾ, മറ്റുള്ളവ എന്നിങ്ങനെ മൂന്നായി പച്ചക്കറികളെ തരംതിരിക്കാം. ഇലക്കറികൾ ധാരാളമായി ഉൾപ്പെടുത്തുന്നതാണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും നല്ലത്. പൊട്ടാറ്റോ, കപ്പ, ചേന തുടങ്ങിയ കിഴങ്ങ് വർഗങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് ഊർജത്തിന്‍റെ അളവ് കുറയ്ക്കാൻ സഹായകമാകും.

4. പഴങ്ങൾ
പ്ലേറ്റിൽ ബാക്കിയുള്ള നാലാമത്തെ ഭാഗത്ത് പഴങ്ങൾ എടുക്കാം. പല നിറത്തിലുള്ള പഴങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഒാറഞ്ച്, മഞ്ഞ നിറത്തിലുള്ള പഴങ്ങളിൽ ബീറ്റാകരോട്ടിൻ, വൈറ്റമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. പഴങ്ങൾ നാരോടുകൂടി ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. ജ്യൂസ് ആക്കി കഴിക്കുന്നത് ഒഴിവാക്കുക. പഴങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ പകരം പച്ചക്കറികൾ തന്നെ ഉൾപ്പെടുത്തുക. അതാത് കാലത്തുള്ള പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്.

പൊണ്ണത്തടി കുറയ്ക്കാനും മെലിഞ്ഞവർക്ക് ആരോഗ്യകരമായ തൂക്കത്തിലേക്ക് എത്താനും പ്രമേഹ നിയന്ത്രണത്തിനുമെല്ലാം ഈ പ്ലേറ്റ് മെത്തേഡ് ഉപകാരപ്പെടും. ഇതോടൊപ്പം ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ:

ഇതോടൊപ്പം പാലുൽപന്നങ്ങൾ ഏതെങ്കിലും ഉൾപ്പെടുത്തുക. കൊഴുപ്പില്ലാത്ത പാൽ, തൈര്, മോര്, അല്ലെങ്കിൽ സോയാ പാൽ ഇവ ഏതെങ്കിലും ഉപയോഗിക്കാം. പാൽ, തൈര്, തുടങ്ങിയവ ദിവസത്തിൽ ഒരു ഗ്ലാസ് മതി.

ആരോഗ്യകരമായ വെജിറ്റബിൾ ഓയിൽ നിയന്ത്രിത അളവിൽ ഉപയോഗിക്കാം. എണ്ണയിൽ പൊരിച്ചെടുത്തവ ഒഴിവാക്കുക.

ആവശ്യത്തിന് വെള്ളം കുടിക്കുക. മധുര പാനീയങ്ങൾ ഒഴിവാക്കുക.

​കൃത്യമായ വ്യായാമം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷികമാണ്. അതുകൊണ്ട് ഈ ഭക്ഷണ രീതിക്കൊപ്പം വ്യായാമം കൂടി ശീലമാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here