image (2)കോഴിക്കോട്: നൂറ്റാണ്ടു മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളുടെ കണ്ടുപിടിത്തത്തോടെ പ്രപഞ്ചരഹസ്യങ്ങളിലേക്ക് പുതിയ വാതിലുകള്‍ തുറന്ന ലിഗോ കൂട്ടായ്മയില്‍ എടുത്തുപറയേണ്ട ഒരു മലയാളിയുണ്ട്. പന്ത്രണ്ടു വര്‍ഷമായി പഠനത്തില്‍ സജീവസാന്നിധ്യമായ ആസ്‌ട്രോഫിസിസിസ്റ്റ് പെരിന്തല്‍മണ്ണ സ്വദേശിയായ അജിത് പരമേശ്വരന്‍.

ലിഗോ ഗവേഷകകൂട്ടായ്മയിലെ പ്രമുഖ ഇന്ത്യന്‍ പങ്കാളിമയായ ബെംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ആസ്‌ട്രോഫിസിക്കല്‍ റിലേറ്റിവിറ്റി വിഭാഗത്തിന്റെ തലവനാണ് അജിത്.

ആയിരത്തോളം ഗവേഷകരടങ്ങിയ ലിഗോ പഠനസംഘം വ്യാഴാഴ്ചയാണ് ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയകാര്യം പ്രഖ്യാപിച്ചത്.

സപ്തംബര്‍ 14-ന് അമേരിക്കയിലെ ലിഗോ നിരീക്ഷണശാലയില്‍ ഗുരുത്വതരംഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതുമുതല്‍ അതിന്റെ സ്വഭാവം സ്ഥിരീകരിക്കാനുള്ള തിരക്കിട്ട പഠനങ്ങളിലായിരുന്നു അജിത്തും സംഘവും.

130 കോടി പ്രകാശവര്‍ഷമകലെ രണ്ടു തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടിയില്‍നിന്ന് ഉദ്ഭവിച്ച ഗുരുത്വതരംഗങ്ങളാണ് ഗവേഷകസംഘം തിരിച്ചറിഞ്ഞത്. അതിനുശേഷം ആ ഗുരുത്വതരംഗങ്ങളും തമോഗര്‍ത്തങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെടുത്തി നടത്തിയ പ്രധാന പരീക്ഷണങ്ങളിലൊന്നു നടത്തിയത് അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് ഐന്‍സ്‌റ്റൈന്‍ അവതരിപ്പിച്ച സമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലെ പ്രവചനം ശരിയാണോയെന്നു പരിശോധിക്കാന്‍ പറ്റിയ ‘പരീക്ഷണശാല’കളാണ് തമോഗര്‍ത്തങ്ങളെന്ന് അജിത് പറയുന്നു.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദമെടുത്ത ശേഷം ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്രാവിറ്റേഷണല്‍ ഫിസിക്‌സില്‍നിന്ന് ഗവേഷണബിരുദമെടുത്തു. അന്നുമുതല്‍ ലിഗോ (ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) പരീക്ഷണക്കൂട്ടായ്മയില്‍ അംഗമാണ് അജിത്.

പിന്നീട് ലിഗോ നിരീക്ഷണശാലയുടെ ആസ്ഥാനമായ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍(കാല്‍ടെക്) പോസ്റ്റ് ഡോക്ടറല്‍ സ്‌കോളറായി.

2013 ല്‍ ഇന്ത്യയിലെത്തിയ അജിത് ഇന്ത്യയില്‍ ഒരു ലിഗോ കൂട്ടായ്മ നിരീക്ഷണശാല രൂപവത്കരിക്കാനുള്ള ശ്രമങ്ങളിലും മുന്നില്‍ത്തന്നെയുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാറില്‍ സമര്‍പ്പിച്ച പ്രോജക്ടില്‍ ഇപ്പോള്‍ പ്രതീക്ഷ കൈവന്നിട്ടുണ്ടെന്ന് അജിത് പറയുന്നു.

ഗുരുത്വതരംഗങ്ങളുടെ കണ്ടുപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റില്‍ ഈ പ്രോജക്ടുമായി മുന്നോട്ടുപോകാമെന്ന ധ്വനിയുണ്ടായിരുന്നു. പ്രതീക്ഷയിലാണ് ഇന്ത്യന്‍ ശാസ്ത്രലോകം.

60 ഇന്ത്യന്‍ ഗവേഷകര്‍
നൂറ്റാണ്ട് മുമ്പ് ഐന്‍സ്റ്റൈന്‍ നടത്തിയ പ്രവചനം ശരിയാണോ എന്ന് പരിശോധിക്കാന്‍ നടന്ന ലിഗോ പരീക്ഷണത്തില്‍ അജിത് ഉള്‍പ്പടെ 60 ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഉണ്ടായിരുന്നു.

ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയത് സംബന്ധിച്ച പഠനപ്രബന്ധം’ഫിസിക്കല്‍ റിവ്യൂ ലറ്റേഴ്‌സ്’ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. അതെഴുതിയത് ആയിരത്തിലേറെ ഗവേഷകര്‍ ചേര്‍ന്നാണ്. പ്രബന്ധത്തിന്റെ രചയിതാക്കളില്‍ 37 ഇന്ത്യന്‍ ഗവേഷകരുണ്ട്.
അജിത് പരമേശ്വരനെ കൂടാതെ, പൂണെയില്‍ ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസികിസിലെ (ഐ.യു.സി.എ.എ) എമിറൈറ്റ്‌സ് പ്രൊഫസര്‍ സഞ്ജീവ് ഥുരന്‍ധര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി-ഗാന്ധിനഗറിലെ ഫാക്കല്‍റ്റി അംഗം ആനന്ദ് സെന്‍ഗുപ്ത, തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷനിലെ ഫാക്കല്‍റ്റി അംഗം അര്‍ച്ചന പൈ എന്നിവരും ഇന്ത്യന്‍ ഗവേഷകരില്‍ പെടുന്നു.image (3)

LEAVE A REPLY

Please enter your comment!
Please enter your name here