ഏറ്റവും വിലകുറഞ്ഞ ഫോണ്‍ പുറത്തിറക്കി ലോകത്തെ വിസ്മയിപ്പിച്ച റിങ്ങിങ് ബെല്‍സ് സ്മാര്‍ട്ട് ഫോണ്‍ ബുക്കിങ് തല്‍ക്കാലം നിര്‍ത്തി.
ഫോണ്‍ ബുക്ക് ചെയ്യുന്നതിന് ആദ്യമണിക്കൂറില്‍തന്നെ ജനങ്ങള്‍ ഇരച്ചുകയറിയതോടെ സൈറ്റ് ഡൗണായി. പലര്‍ക്കും ഹോം പേജ് ലഭിച്ചെങ്കിലും പണമടയ്ക്കാനുള്ള പേജിലേയ്ക്ക് പോകാനായില്ല.
ഏറെക്കഴിഞ്ഞ് കമ്പനി ഓദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി.
സെക്കന്‍ഡില്‍ ആറ് ലക്ഷത്തോളം പേര്‍ സന്ദര്‍ശിക്കുന്നതിനാല്‍ സര്‍വര്‍ ഓവര്‍ ലോഡായതാണ് പ്രശ്‌നമായതെന്ന വിശദീകരണമാണ് കമ്പനി നടത്തിയത്. ഒപ്പം ബുക്കിങ് സ്വീകരിക്കാന്‍ തല്‍ക്കാലം കഴിയില്ലെന്ന ക്ഷമാപണവും.
സര്‍വര്‍ ശക്തിവര്‍ധിപ്പിച്ച് 24 മണിക്കൂറിനകം തിരിച്ചുവരുമെന്നും കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്.
രാവിലെ ആറിനുതന്നെ സൈറ്റിലെത്തി ഫോണ്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചവരാണ് നിരാശരായത്. 251 രൂപയുടെ ഫോണിന് 40 രൂപ ഷിപ്പിങ് ചാര്‍ജ് അടക്കം 291 രൂപയാണ് അടയ്‌ക്കേണ്ടത്. നാല് മാസത്തിനുശേഷമായിരിക്കും വിതരണം നടത്തുകയെന്നും കമ്പനി വിശദീകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here