‘ഡിസയര്‍’ എന്ന പേരില്‍ തായ്‌വാന്‍ കമ്പനിയായ എച്ച്ടിസി സ്മാര്‍ട്‌ഫോണുകളിറക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. മികച്ച സ്‌പെസിഫിക്കേഷനും സ്‌ക്രീന്‍ വലിപ്പവുമൊക്കെയുള്ള ഡിസയര്‍ ഫോണുകള്‍ക്ക് 15,000 രൂപയ്ക്ക് താഴെയാണ് വില.
ഇപ്പോഴിതാ ഡിസയര്‍ നിരയിലേക്ക് മൂന്ന് പുതിയ ഫോണുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് എച്ച്ടിസി ഡിസയര്‍ 825, ഡിസയര്‍ 630, ഡിസയര്‍ 530 എന്നിവയാണീ ഫോണുകള്‍. ഇവയുടെ വിശദാംശങ്ങള്‍ പരിശോധിക്കാം.
എച്ച്ടിസി ഡിസയര്‍ 825: പുതിയ ഫോണുകളില്‍ മുന്നില്‍ ഡിസയര്‍ 825 തന്നെ. 720പി റിസൊല്യൂഷനോടുകൂടിയ അഞ്ചരയിഞ്ച് സൂപ്പര്‍ എല്‍സിഡി സ്‌ക്രീനാണ് ഫോണിലുളളത്.
1.4 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള സ്‌നാപ്ഡ്രാഗന്റെ ക്വാഡ്‌കോര്‍ ചിപ്‌സെറ്റ്, രണ്ട് ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഇതിന്റെ ഉള്ളിലുള്ളത്. സ്റ്റോറേജ് കൂട്ടാനായി മൈക്രോ എസ്ഡി സ്ലോട്ടുമുണ്ട്.
ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. 13 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമുണ്ടിതില്‍. 2,700 എംഎഎച്ച് ബാറ്ററി ഫോണിന് ഊര്‍ജം പകരുന്നു.
മികച്ച ശബ്ദസുഖം സമ്മാനിക്കുന്ന ഹൈ-റെസ് ഓഡിയോ സര്‍ട്ടിഫിക്കേഷനോടു കൂടിയ ഫോണാണിത്. ഫോണിനൊപ്പം ഹൈ-റെസ് ഹെഡ്‌സെറ്റും ലഭിക്കും.

എച്ച്ടിസി ഡിസയര്‍ 630: ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനിലും പെര്‍ഫോര്‍മന്‍സിലുമൊക്കെ ഡിസയര്‍ 825ല്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഡിസയര്‍ 630ലില്ല. അതേ 1.4 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജിബി റാം, 16 ജിബി റാം… ക്യാമറാ മികവിലും വ്യത്യസമില്ല.
സ്‌ക്രീന്‍ വലിപ്പം മാത്രം അഞ്ചിഞ്ചായി കുറഞ്ഞിട്ടുണ്ട്. ബാറ്ററിശേഷിയും അല്പം കുറവാണിതിന്-2200 എംഎഎച്ച്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

എച്ച്ടിസി ഡിസയര്‍ 530: ഡിസയര്‍ 630ന്റെ ലോ-എന്‍ഡ് എഡീഷനാണീ ഫോണ്‍.
630ന്റെ അതേ സ്‌ക്രീന്‍ വലിപ്പവും ബാറ്ററിശേഷിയുമുളള ഡിസയര്‍ 530ല്‍ 1.1 ഗിഗാഹെര്‍ട്‌സിന്റെ സ്‌നാപ്ഡ്രാഗന്‍ 210 പ്രൊസസറാണുള്ളത്. റാം 1.5 ജിബിയിലേക്ക് ചുരുങ്ങുന്നു. ഇന്റേണല്‍ സ്‌റ്റോറേജ് ശേഷി മാത്രം മറ്റ് രണ്ട് ഫോണുകളെ പോലെ 16 ജിബി തന്നെയുണ്ടിതിലും.
എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. റാം ശേഷിയിലും ക്യാമറ മികവിലുമൊക്കെയുളള കുറവ് വിലയിലും പ്രതിഫലിച്ചേക്കാം. മൂന്ന് ഫോണുകളും മാര്‍ച്ച് പകുതിയോടെ വില്പനയ്‌ക്കെത്തിക്കാനാണ് എച്ച്ടിസിയുടെ പദ്ധതി.image (13)image (11)

LEAVE A REPLY

Please enter your comment!
Please enter your name here