വാഷിംഗ്ടണ്‍: ബഹിരാകാശ സാങ്കേതിക വിദ്യയില്‍ കുതിച്ചു ചാട്ടംനടത്തിയ ഇന്ത്യയ്‌ക്കൊപ്പം ചൊവ്വ പര്യവേഷണത്തിന് അമേരിക്ക തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഐ.എസ്.ആര്‍.ഒയ്ക്ക് ക്ഷണം അയച്ചു. ഐ.എസ്.ആര്‍.ഒയുമൊന്നിച്ച് ചൊവ്വയില്‍ റോബോട്ടിക് പര്യവേഷണം നടത്താനാണ് നാസയുടെ ശ്രമം. ഭാവിയില്‍ ഇന്ത്യക്കാരനെ ചൊവ്വയില്‍ എത്തിക്കാനും നാസയ്ക്ക് ഉദ്ദേശമുണ്ട്.
നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഡയറക്ടര്‍ ചാള്‍സ് എലാഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 മുതല്‍ 2030 വരെ ആറ് ചൊവ്വാ പര്യവേഷണങ്ങളാണ് നാസ പദ്ധതിയിടുന്നത്. ഇതിലേക്കാണ് ഇന്ത്യയെ സഹകരിപ്പിക്കാന്‍ നാസ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ യുറോപ്യന്‍ സ്പേസ് ഏജന്‍സിയും പദ്ധതിയുടെ ഭാഗമാകും. ഇന്ത്യ ഇതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എലാഷി പറയുന്നു.
ചൊവ്വയിലേക്കുള്ള മനുഷ്യ പര്യവേഷണത്തില്‍ മറ്റ് ബഹിരാകശ ഏജന്‍സികളെക്കൂടി പങ്കെടുപ്പിച്ച് അതൊരു അന്താരാഷ്ട്ര സംരംഭമാക്കി മാറ്റാനാണ് നാസ പരിശ്രമിക്കുന്നത്. ഗ്രഹാന്തര പര്യവേഷണങ്ങള്‍ക്ക് ഐ.എസ്.ആര്‍.ഓയ്ക്ക് ശേഷിയുണ്ടെന്ന് തെളിഞ്ഞതിനെതുടര്‍ന്നാണ് ഇതില്‍ ഇന്ത്യയേയും പങ്കെടുപ്പിക്കാന്‍ നാസ തീരുമാനിച്ചത്. ഇതിന് പിന്നില്‍ ഇന്ത്യയുടെ അഭിമാനമായ ചൊവ്വ പര്യവേഷണം മാര്‍സ് ഓര്‍ബിറ്റല്‍ മിഷനാണ്. നിലവില്‍ മാര്‍സ് ഓര്‍ബിറ്റല്‍ മിഷനും സമാനമായ അമേരിക്കയുടെ മാവെനും ചൊവ്വയില്‍ നിന്നുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here