വെര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതി യാഥാര്‍ഥ്യം സാധ്യമാക്കുന്ന ഹെഡ്‌സെറ്റുകളെക്കുറിച്ച് കുറേക്കാലമായി കേട്ടുതുടങ്ങിയിട്ട്. പരീക്ഷണശാലകളില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) ഉപയോക്താവിന്റെ കൈകളിലേക്കെത്തുന്ന വര്‍ഷമാകുമോ 2016.
അങ്ങനെ കരുതാന്‍ ന്യായങ്ങളേറെ. നാലുവര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒക്യുലസ് റിഫ്റ്റ് എന്ന വിആര്‍ ഹെഡ്‌സെറ്റ് മാര്‍ച്ച് 28ന് അവതരിപ്പിക്കപ്പെടുകയാണ്. പ്ലേസ്റ്റേഷന്‍ വി ആറിനെക്കുറിച്ചും ധാരാളം വാര്‍ത്തകള്‍ കേട്ടുതുടങ്ങിയിരിക്കുന്നു. എച്ച്ടിസിയുടെ വിആര്‍ ഹെഡ്‌സെറ്റായ ‘വൈവ്’ ഉടന്‍ വില്പനയാരംഭിക്കും. ‘ഗിയര്‍’ എന്ന പേരില്‍ സാംസങും വിആര്‍ ഹെഡ്‌സെറ്റ് ഇറക്കിക്കഴിഞ്ഞു.
വിആര്‍ വിപ്ലവത്തിന് വമ്പന്‍കുതിപ്പ് പകരുന്ന മറ്റൊരു വാര്‍ത്ത കൂടിയുണ്ട്. അതാണ് ‘പ്രോജക്ട് ടാങ്കോ’. ഗൂഗിളിന്റെ പണിശാലകളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ പരീക്ഷണപദ്ധതി പ്രാവര്‍ത്തികമായാല്‍ സ്മാര്‍ട്‌ഫോണ്‍ പോലെ വി ആര്‍ ഹെഡ്‌സെറ്റുകളും സാര്‍വത്രികമാകും.
മെയ് 18ന് നടക്കുന്ന ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്‌മെന്റ് കോണ്‍ഫ്രന്‍സിലെ പ്രധാന ചര്‍ച്ചാവിഷയം വെര്‍ച്വല്‍ റിയാലിറ്റി ആയിരിക്കുമെന്ന് സൂചനകളുണ്ട്.
‘കാര്‍ഡ്‌ബോര്‍ഡ്’ എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളെ വിആര്‍ ഹെഡ്‌സെറ്റാക്കി മാറ്റുന്ന പ്രോജക്ട് നേരത്തെ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. കാര്‍ഡ്‌ബോര്‍ഡില്‍ നിന്ന് വി ആറിന്റെ അടുത്തഘട്ടത്തിലേക്ക് നീങ്ങാനാണ് ഗൂഗിളിന്റെ പരിപാടി.
അതെന്തായിരിക്കും എന്ന കാര്യം ഗൂഗിളിന് മാത്രമേ ഇപ്പോഴറിയൂ. ഒന്നുകില്‍ താങ്ങാവുന്ന വിലയ്ക്ക് എല്ലാവര്‍ക്കുപയോഗിക്കാവുന്ന ഒരു വിആര്‍ ഹെഡ്‌സെറ്റ്, അല്ലെങ്കില്‍ സ്മാര്‍ട്‌ഫോണുകളെ വി ആര്‍ ഹെഡ്‌സെറ്റാക്കാനുള്ള സാങ്കേതികവിദ്യ-രണ്ടില്‍ ഏതെങ്കിലും ഒന്നായിരിക്കാം ‘പ്രോജക്ട് ടാങ്കോ’ എന്ന രഹസ്യപദ്ധതിയില്‍ രൂപം കൊള്ളുന്നത്.
സ്മാര്‍ട്‌ഫോണുകളെ വിആര്‍ ഹെഡ്‌സെറ്റാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും മുമ്പേ എന്താണീ വിആര്‍ ഹെഡ്‌സെറ്റ് എന്ന് ആദ്യം മനസിലാക്കാം.
തലയിലണിയാവുന്നൊരു ഗാഡ്ജറ്റാണിത്. രണ്ട് കണ്ണുകള്‍ക്കും മുന്നില്‍ തെളിയുന്ന ദൃശ്യങ്ങള്‍ പ്രതീതി യാഥാര്‍ഥ്യത്തിലേക്ക് കാഴ്ചക്കാരനെ നയിക്കും. ഒരു പുല്‍മേടിന്റെ ദൃശ്യമാണ് മുന്നില്‍ തെളിയുന്നതെങ്കില്‍ നമ്മളും ആ പുല്‍മേടിന്റെ മുന്നിലാണെന്ന തോന്നലുണ്ടാകും. തലയൊന്നിളക്കുമ്പോഴും നടക്കുമ്പോഴും മുന്നിലെ ദൃശ്യവും അതിനനുസരിച്ച് മാറും.
യാഥാര്‍ഥ്യമാണോ മായയാണോ എന്ന് വേര്‍തിരിച്ച് പറയാന്‍ സാധിക്കാത്ത തരത്തിലുളള അദ്ഭുതക്കാഴ്ചകളാണ് വി ആര്‍ ഹെഡ്‌സെറ്റ് സമ്മാനിക്കുക. ഹെഡ്‌സെറ്റിനുള്ളിലെ ഗൈറോസ്‌കോപ്പും കോംപസുമാണ് പ്രതീതി യാഥാര്‍ഥ്യ ദൃശ്യങ്ങളുണ്ടാക്കാന്‍ വി ആര്‍ ഹെഡ്‌സെറ്റുകളെ സഹായിക്കുന്നത്.
വെറുതെയൊരു സ്‌ക്രീനില്‍ ത്രിമാനദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക മാത്രമല്ല വിആര്‍ ഹെഡ്‌സെറ്റുകള്‍ ചെയ്യുക. തലയുടെ ചെറുചലനങ്ങള്‍ പോലും തിരിച്ചറിഞ്ഞ് അതിനനുസരിച്ച് സ്‌ക്രീനിലെ ദൃശ്യങ്ങളില്‍ മാറ്റം വരുത്തും. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ഥമായ നിങ്ങളുടെ നീക്കങ്ങളും പ്രതീതിയാഥാര്‍ഥ്യവും തമ്മില്‍ ചേര്‍ന്നുപോകൂ. വി ആര്‍ ഹെഡ്‌സെറ്റിന്റെ പുറത്തുളള ക്യാമറയുടെയും ലേസര്‍ രശ്മികളുടെയും സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ‘ഔട്ട്‌സൈഡ്-ഇന്‍’ ട്രാക്കിങ് എന്നാണിതിന്റെ സാങ്കേതികനാമം.
സ്മാര്‍ട്‌ഫോണുകളെ വി ആര്‍ ഹെഡ്‌സെറ്റാക്കി മാറ്റുന്നതിനുള്ള പ്രധാന തടസ്സം ഫോണില്‍ ഔട്ട്‌സൈഡ് ഇന്‍ ട്രാക്കിങ് എങ്ങിനെ നടത്തും എന്നതാണ്. ക്യാമറകളുടെയും ലേസര്‍ തരംഗങ്ങളുടെയും സഹായമില്ലാതെ ഹെഡ്‌സെറ്റുകള്‍ക്ക് തന്നെ ഈ ട്രാക്കിങ് നടത്താനായാല്‍? ഈയൊരു സാധ്യത വികസിപ്പിച്ചെടുക്കുകയാണ് ‘ടാങ്കോ’യുടെ ലക്ഷ്യമെന്ന് ആ പ്രോജക്ടിന്റെ സംഘത്തലവനായ ജോണി ലീ മുമ്പ് സൂചിപ്പിച്ചിരുന്നു.
ജിപിഎസും കോംപസും പോലെ എല്ലാ സ്മാര്‍ട്‌ഫോണുകളിലും ഔട്ട്‌സൈഡ്-ഇന്‍ ട്രാക്കിങ് സംവിധാനം നിലവില്‍ വന്നാല്‍ വി ആര്‍ ഹെഡ്‌സെറ്റുകളെ പോലെ അതിനെ പ്രവര്‍ത്തിപ്പിക്കാനാകും. വരുംനാളുകളില്‍ പുറത്തിറങ്ങുന്ന ആന്‍ഡ്രോയ്ഡ് ഒഎസില്‍ ഒരുപക്ഷേ ഇയൊരു സംവിധാനവുമുണ്ടാകും.
അങ്ങനെയെങ്കില്‍ പോക്കറ്റിലിരിക്കുന്ന ഫോണ്‍ ഒരു പെട്ടിയിലാക്കി കണ്ണട പോലെ ധരിച്ചാല്‍ വെര്‍ച്വല്‍ റിയാലിറ്റി ദൃശ്യങ്ങള്‍ നമ്മുടെ മുമ്പിലും തെളിയും.
എല്ലാവരെയും സ്മാര്‍ട്‌ഫോണ്‍ കുടക്കീഴിലാക്കിയ ആന്‍ഡ്രോയ്ഡ് വിപ്ലവം പോലെ എല്ലാവരെയും വിആര്‍ ലോകത്തേക്ക് നയിക്കുന്ന മറ്റൊരു വിപ്ലവമാണോ ടാങ്കോയിലൂടെ ഗൂഗിളിന്റെ ലക്ഷ്യം? അതറിയണമെങ്കില്‍ അല്പം കൂടി കാത്തിരുന്നേ പറ്റൂ

LEAVE A REPLY

Please enter your comment!
Please enter your name here