ജനപ്രിയ സോഷ്യൽമീഡിയ മെസഞ്ചർ ആപ്ലിക്കേഷനുകകളെല്ലാം ചാറ്റിലൂടെ എന്തും അയക്കാൻ അവസരം നൽകിയിരുന്നപ്പോൾ വാട്സാപ്പിനു ചില നിയന്ത്രങ്ങളുണ്ടായിരുന്നു. വിഡിയോ, ഫോട്ടോ, വോയ്സ് ഫയലുകൾ മാത്രമാണ് നേരത്തെ ചാറ്റ് വഴി അയക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇനി മുതൽ ഡോക്യുമെന്റുകളും അയക്കാമെന്ന് വാട്സാപ്പ് അധികൃതർ അറിയിച്ചു.

വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് വി 2.12.453, ഐഒഎസ് വി2.12.2.4 വാട്സാപ്പ് എഡിഷനുകൾ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഒരു കൂട്ടം ഫീച്ചറുകളും വാട്സാപ്പ് അവതരിപ്പിച്ചു.

ഗൂഗിൾ പ്ലെയിലും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പുതിയ വെർഷൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ചാറ്റിങ് സ്ക്രീനിൽ ഡോക്യുമെന്റ് ഫയലുകൾ അയക്കാനുള്ള ഓപ്ഷൻ കാണാൻ സാധിക്കും. നിലവിൽ പിഡിഎഫ് ഫയലുകൾ അയക്കാൻ കഴിയും. ഭാവിയിൽ കൂടുതൽ ഫയലുകൾ അയക്കാൻ സാധിച്ചേക്കും.

നേരത്തെ ചാറ്റിൽ ആറ് അറ്റാച്മെന്റ് ഓപ്ഷൻസ് ആണു ഉണ്ടായിരുന്നത്. ഡോക്യുമെന്റ് വന്നതോടെ ഈ ഓപ്ഷൻ ഒന്നാക്കിയിട്ടുണ്ട്. അതേസമയം, അയക്കുന്ന, സ്വീകരിക്കുന്ന വ്യക്തികൾ പുതിയ വാട്സാപ്പ് പതിപ്പ് ഇൻസ്റ്റാൾ ചെയ്താൽ മാത്രമെ ഡോക്യുമെന്റ് ഫയൽ കൈമാറ്റം സാധിക്കൂ. പിഡിഎഫ് ഫയലുകൾ അയക്കാൻ സാധിക്കുന്നുണ്ടെന്ന് നിരവധി ഉപയോക്താക്കൾ ട്വിറ്ററിൽ പ്രതികരിച്ചു.

ഇതിനു പുറമെ 100 ഇമോജികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ ഡ്രൈവ് ബാക്ക്അപ്, അഞ്ചു ഭാഷകളിലുള്ള സപ്പോർട്ട് എന്നിവ ലഭിക്കും. ആൻഡ്രോയ്ഡ് 6.0 മാഷ്മല്ലോയിലേക്ക് മാറുന്നതിന്റെ ഭാഗമായും മാറ്റങ്ങളുണ്ട്.

പുതിയ വാട്സാപ്പ് പതിപ്പിൽ വിഡിയോ സൂം ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പതിപ്പിൽ ഫോട്ടോകളും വിഡിയോകളും ഷെയർ ചെയ്യാനുള്ള മറ്റൊരു ഫീച്ചർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ ഡ്രൈവ്, ഡ്രോപ്ബോക്സ്, ഓൺഡ്രൈവ് തുടങ്ങി തേർഡ് പാർട്ടി സേവനങ്ങൾ ഉപയോഗപ്പെടുത്തി പെട്ടെന്ന് ചിത്രങ്ങളും വിഡിയോകളും ഷെയർ ചെയ്യാനാകും.

വാട്സാപ്പിന്റെ ഡിസൈനിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചാറ്റിങ് ബോക്സും പുതിയ ഡിസൈനിലാണ്. വിഡിയോ, ചിത്രങ്ങൾ തേർഡ് പാർട്ടി ഡ്രൈവുകളിലേക്ക് മാറ്റാൻ വാട്സാപ്പ് സ്ക്രീനിന്റെ താഴെ ഇടത്തു ഭാഗത്തുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘Photo/Video Library’ ഓപ്ഷൻ തിരഞ്ഞെടുക്കുക. പിന്നീട് ഇഷ്ടപ്പെട്ട ആപ്പ് തിരഞ്ഞെടുത്ത് വിഡിയോ, ഫോട്ടോ ഷെയർ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here