വിരൽത്തുമ്പിൽ ലോകത്തോടു സംവദിച്ചാണ് ഓരോ നിമിഷവും കടന്നു പോകുന്നത്. സ്മാർട്ഫോണില്ലാത്ത മലയാളി ചുക്കില്ലാത്ത കഷായം പോലെയായി. ഫെയ്സ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാത്തതു കുറവു പോലെയാണ് യുവതലമുറ കാണുന്നത്. 10 വാട്സാപ് ഗ്രൂപ്പുകളിലെങ്കിലും അഡ്മിനായില്ലെങ്കിൽ കുറച്ചിലാണ്.

കൊച്ചി നഗരത്തിലെ മൊബൈൽ ഡേറ്റ ഉപയോഗത്തിന്റെ സാന്ദ്രത 88.90 മുതൽ 90% വരെയെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. അതായതു നൂറു പേരിൽ 90 പേരുടെ കയ്യിലും ഇന്റർനെറ്റ് ഉള്ള മൊബൽ ഫോൺ, ടാബ്‌ലറ്റ് എന്നിവയുണ്ടാകും. പ്രധാനപ്പെട്ട ടെലികോം സേവന ദാതാക്കൾക്കെല്ലാം കൊച്ചി നഗരത്തിൽ സാന്നിധ്യമുണ്ട്.

നാലാം തലമുറ നെറ്റ്‌വർക്ക് കൊച്ചിയിലേക്ക് എത്തിക്കഴിഞ്ഞു. നാലു സേവനദാതാക്കൾ 4ജി കൊച്ചിയിൽ നൽകുന്നുണ്ട്. എന്നാലും വേണ്ടത്ര വേഗം മൊബൈൽ ഇന്റർനെറ്റിനു ലഭിക്കുന്നില്ലെന്നാണു പ്രധാന പരാതി. മറ്റു മെട്രോ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നെറ്റ്‌വർക്ക് വേഗം ഇവിടെ കുറവാണത്രെ.

വിഡിയോ കോളുകൾ വേഗം മുറിഞ്ഞു പോകുന്നു, ക്വാളിറ്റി ലഭിക്കുന്നില്ല തുടങ്ങിയ പരാതികളുമുണ്ട്. വിഡിയോ ഷെയറിങ്ങും ‘കറങ്ങി നിൽക്കുന്നെ’ന്നാണു പരാതി. കോൾ ഡ്രോപ്പുകളുടെ നിരക്കും കൊച്ചിയിൽ കൂടുതലാണെന്നു പരാതിയുണ്ട്.
ടവറിനു സ്ഥലമില്ല

പുതിയ ടവർ സൈറ്റുകൾ ലഭ്യമാകുന്നില്ലെന്നാണു ടെലികോം സേവന ദാതാക്കളുടെ പരാതി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണു ടവർ സ്ഥാപിക്കുന്നതെന്നു കമ്പനികൾ അവകാശപ്പെടുന്നു. അടിസ്ഥാന സൗകര്യ വികസന കമ്പനികളെയാണു സ്വകാര്യ ടെലികോം ദാതാക്കൾ ടവർ സ്ഥാപിക്കാൻ ചുമതലപ്പെടുത്തുന്നത്. ഇതിന്റെ പരിപാലനവും ടവർ സ്ഥാപിക്കുന്ന കമ്പനിക്കാണ്.

ഒരേ ടവർ തന്നെ വിവിധ കമ്പനികൾ ഉപയോഗിക്കുന്നുണ്ട്. ബിഎസ്എൻഎൽ സ്വന്തം ടവറുകൾ വഴിയാണു സേവനം നൽകുന്നത്. ഇതു മറ്റു കമ്പനികളുമായി പങ്കിടാനുള്ള തീരുമാനം ഉണ്ടായെങ്കിലും എതിർപ്പു കാരണം പൂർണമായും നടപ്പാക്കിയിട്ടില്ല.

കൂടുതൽ ടവറുകൾ സ്ഥാപിക്കുകയല്ലാതെ വോയിസ്, ഡേറ്റ ക്ലാരിറ്റി വർധിപ്പിക്കാനാകില്ല എന്നാണു മൊബൈൽ സേവന ദാതാക്കൾ പറയുന്നത്. മൊബൈൽ ടവറുകളുടെ എണ്ണം കൂട്ടാൻ സർക്കാർ കെട്ടിടങ്ങളിൽ‌ ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകുമെന്നു തീരുമാനമുണ്ടായിരുന്നു. ഇതിനുള്ള നടപടി നടന്നു വരുന്നു. വിവിധ കമ്പനികൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും അനുമതി നൽകുന്നതടക്കമുള്ള നടപടി ആയിട്ടില്ല.
കുതിക്കുന്ന നെറ്റ്‌വർക്ക് മാർക്കറ്റ്

ഇന്റർനെറ്റ് അനുദിനം കുതിക്കുന്ന വ്യവസായമാണ്. കേരളത്തിലും വളർച്ചാ നിരക്ക് കൂടുകയാണ്. ഫോൺ വിളിക്കാൻ ഒരു കണക്‌ഷൻ‌, നെറ്റ്‌വർക്ക് ഉപയോഗത്തിനു വൈഫൈ ഹോട് സ്പോട്ട് എന്ന രീതിയിൽ രണ്ടോ മൂന്നോ കണക്‌ഷനുകൾ ഒരാൾക്കുണ്ടാകും. സർഫിങ്ങിനപ്പുറത്തേക്കു വിഡിയോ ചാറ്റ് അടക്കമുള്ള മൾട്ടി മീഡിയ ഉപയോഗങ്ങളുടെ പ്ലാറ്റ്ഫോമായി മൊബൈൽ ഫോണും ടാബ്‌ലെറ്റും മാറി. ബഫറിങ്ങില്ലാതെ വിഡിയോ ചാറ്റുകൾ വേണമെന്നാണ് ആവശ്യം.

വിദേശത്തുള്ള മക്കളെ നാട്ടിലിരുന്നു മാതാപിതാക്കൾക്കു കണ്ടു സംസാരിക്കാനുള്ള അവസരവും ലഭിക്കുന്നുണ്ട്. എന്നാൽ നെറ്റ്‌വർക്കിന്റെ വേഗം വില്ലനാകുന്നെന്നാണു പരാതി. അത്യാവശ്യവേഗമുള്ള 3ജി കണക്‌ഷൽ ലഭിച്ചാൽ വിഡിയോ കോൾ ചെയ്യാവുന്നതേയുള്ളൂ. പലപ്പോഴും വേഗം കുറയുന്നതു മൂലം കണക്‌ഷൻ ലഭിക്കുന്നില്ല. ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലാണ് ഇത്തരം പരാതി കൂടുതൽ. നഗരത്തിൽ 4ജി കിട്ടുന്നുണ്ടെങ്കിലും നഗരപരിധിക്കു പുറത്തേക്ക് ഇപ്പോഴും എത്തിയിട്ടില്ല. 2ജി കണക്‌ഷനുകളാണ് ഇപ്പോഴും ഇവിടെ ലഭിക്കുന്നത്.

വിഡിയോ കോളിങ് ആപ്ലിക്കേഷനുകൾ സാധാരണക്കാർക്കു പോലും പരിചിതമായതോടെ അവയുടെ ഉപയോഗവും വൻതോതിൽ വർധിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇടമുറിയാത്ത നെറ്റ്‌വർക്ക് നൽകേണ്ടി വരുന്നതാണു കേരളത്തിൽ മൊബൈൽ ഫോൺ സേവന ദാതാക്കൾ നേരിടുന്ന വെല്ലുവിളി. മറ്റു സംസ്ഥാനങ്ങളിൽ ഒരു പ്രധാന ടൗൺ അല്ലെങ്കിൽ പ്രദേശം കഴിഞ്ഞാൽ പിന്നീടു ജനസാന്ദ്രതയില്ലാത്ത സ്ഥലമായിരിക്കും. പ്രധാന ടൗണിനു ശേഷം ചെറിയ ടൗൺ എന്നിങ്ങനെയാണു കേരളത്തിന്റെ ഘടന. എല്ലാ പ്രദേശങ്ങളിലും മൊബൈൽ ഡേറ്റ ഉപയോഗവും ഉണ്ട്. ‌24 മണിക്കൂറും ഇന്റർനെറ്റുമായി ബന്ധപ്പെട്ടിരിക്കുന്ന മൊബൈൽ ഫോണുകളുടെ സാന്ദ്രത കേരളത്തിൽ വർധിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here