യുഎഇയില്‍ ചിലയിനം മല്‍സ്യം പിടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്കുണ്ടെങ്കിലും കരിഞ്ചന്തയില്‍ നിരോധിത മത്‌സ്യങ്ങള്‍ സുലഭമെന്ന് റിപ്പോര്‍ട്ട്. മല്‍സ്യമാര്‍ക്കറ്റുകളില്‍നിന്ന് മാറിയാണ് നിരോധിത മല്‍സ്യമായ ഷേരിയും സ്വാഫിയും വിറ്റഴിക്കുന്നതെന്ന് റാസല്‍ഖൈമയിലെ മല്‍സ്യബന്ധന തൊഴിലാളികള്‍ വെളിപ്പെടുത്തി.

ഷേരി, സാഫി തുടങ്ങിയ മല്‍സ്യങ്ങളാണ് രണ്ട് മാസത്തേക്ക് പിടിക്കുന്നത് അധികൃതര്‍ നിരോധിച്ചത്. ഇതേ തുടര്‍ന്ന് മല്‍സ്യത്തിന് വില കൂടുകയും ചെയ്തിരുന്നു. മല്‍സ്യത്തൊഴിലാളികളുമായുള്ള രഹസ്യ ധാരണയനുസരിച്ച് ഇത്തരം മീനുകള്‍ ഹോട്ടലുകളുകള്‍ക്ക് പിടിച്ചുനല്‍കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 20 കിലോ അടങ്ങിയ മല്‍സ്യത്തിന് ഒരു പെട്ടിക്ക് ആയിരം ദിര്‍ഹം നിശ്ചയിച്ചാണ് ഈ രഹസ്യ ഇടപാട്. നിരീക്ഷണ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് ഹോട്ടലുകളിലൂടെയും റസ്റ്ററന്‍റുകളിലും ഇത്തരം മല്‍സ്യവും മല്‍സ്യ വിഭവങ്ങളും വിറ്റഴിക്കുന്നു.

മല്‍സ്യങ്ങള്‍ പിടിച്ചശേഷം സാധാരണ കൊണ്ടുവരുന്ന സ്ഥലങ്ങളില്‍നിന്നുമാറിയാണ് ഇറക്കുന്നത്. പരിശോധനാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പെടാതിരിക്കാനാണിത്. റാസല്‍ഖൈമയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍നിന്നും 20 കിലോ ഷേരി പിടിച്ചെടുത്തിരുന്നു. നിരോധനം നിലവില്‍ വരുന്നതിന്‍റെ മുന്‍പാണ് മത്‌സ്യം വാങ്ങിയതെന്ന് സ്ഥാപന ഉടമയുടെ വിശദീകരിച്ചെങ്കിലും പിടിച്ചെടുത്ത മല്‍സ്യം സന്നദ്ധ സംഘടനയ്ക്ക് നല്‍കുകയായിരുന്നു. നിരോധിത മല്‍സ്യം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here