വാതിൽക്കലൊരു യന്ത്രമനുഷ്യനെ കണ്ടാൽ ഞെട്ടരുത്. ഡോമിനോസിൽനിന്നു പീറ്റ്സയുമായി വന്നതാകും കക്ഷി. ട്രാഫിക് ബ്ലോക്കുകളിലൂടെ കഷ്ടപ്പെട്ട് ബൈക്കിൽ പായുന്ന ഡെലിവറി ബോയ്സിനു പകരം, ഫുട്പാത്തിലൂടെ ഓടിപ്പോയി പീറ്റ്സ ഡെലിവറി നടത്തുന്ന യന്ത്രമനുഷ്യനെ പരീക്ഷിക്കുകയാണ് പ്രമുഖ പീറ്റ്സ കമ്പനി ഡോമിനോസ്.

ഓസ്ട്രേലിയയിൽ വികസിപ്പിച്ച പീറ്റ്സ വിതരണ യന്തിരനു പിന്തുണയേകിയത് ന്യൂസീലൻഡ് സർക്കാർ. ന്യൂസിലൻഡിൽ ഏതാനും മാസങ്ങൾക്കകം ഡോമിനോസ് റോബട്ടിക് യൂണിറ്റ് (ഡിആർയു) പരീക്ഷണ ഓട്ടം തുടങ്ങും. മഴയത്തും വെയിലത്തും ആഹാരം ഭദ്രമായി സൂക്ഷിക്കാൻ സംവിധാനമുള്ള റോബട്ടാണ് കമ്പനിയുടേത്.

‘ഡോമിനോസി’ൽനിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ വരെ പോയി പീറ്റ്സ നൽകാൻ റോബട്ടിനാകും. ബാറ്ററിയാണ് ഊർജമേകുക. ഒറ്റത്തവണ ചാർജിൽ ഇത്രദൂരം പോയി തിരികെ വരാനാകും. വഴിയിലെ തടസ്സങ്ങളിൽത്തട്ടി നിൽക്കാതെ സെൻസറുകൾ റോബട്ടിനെ കാക്കും.

ആരെങ്കിലും തട്ടിക്കൊണ്ടു പോകുന്നതടക്കമുള്ള പ്രശ്നങ്ങൾ മറികടക്കാൻ അലാം പോലുള്ള സുരക്ഷാ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുമെന്ന് കമ്പനി അറിയിച്ചു. പരീക്ഷണം വിജയിച്ചാൽ മൂന്നു നാലു വർഷത്തിനകം യഥാർഥ സേവനത്തിന് റോബട്ടുകളെ നിയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here