മിക്ക മിഡ്‌റേഞ്ച് സ്മാര്‍ട്‌ഫോണുകളിലെയും റാം (RAM – റാന്‍ഡം ആക്‌സസ് മെമ്മറി) ശേഷി 512 എംബി മാത്രമായിരുന്ന കാലമുണ്ടായിരുന്നു. പിന്നീടത് ഒരു ജിബിയായി. കഴിഞ്ഞ ഒരു വര്‍ഷമായി ഇറങ്ങുന്ന സ്മാര്‍ട്‌ഫോണുകളെല്ലാം രണ്ട് ജിബി റാം ഉള്ളവയാണ്. ചില കമ്പനികളാകട്ടെ അധികതുക ഈടാക്കിക്കൊണ്ട് മൂന്ന് ജിബി റാമുള്ള മോഡലുകളും വില്പനയ്‌ക്കെത്തിക്കുന്നു. സ്മാര്‍ട്‌ഫോണുകളുടെ പ്രവര്‍ത്തനവേഗം കൂടും എന്നതാണ് റാം ശേഷി കൂടുന്നതുകൊണ്ടുള്ള പ്രയോജനം.
രണ്ടും മൂന്നും ജിബി റാമുള്ള ഫോണുകളെ നാണിപ്പിച്ചുകൊണ്ട് വിവോ എന്ന ചൈനീസ് കമ്പനി 6 ജിബി റാമുള്ള സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു. വിവോയുടെ എക്‌സ്‌പ്ലേ 5 എലൈറ്റ് എന്ന മോഡലിലായിരുന്നു ആറ് ജിബി റാമുമായി ഇറങ്ങിയത്.
ഇപ്പോഴിതാ മറ്റൊരു ചൈനീസ് കമ്പനിയായ മെയ്‌സുവും ആറ് ജിബി റാമുള്ള സ്മാര്‍ട്‌ഫോണുമായി രംഗത്തെത്തുന്നു. കമ്പനിയുടെ ഉടനിറങ്ങാന്‍ പോകുന്ന മെയ്‌സു പ്രോ 6 എന്ന ഫോണില്‍ ആറ് ജിബി റാമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയിലെ മുന്‍നിര ടെക്‌നോളജി വെബ്‌സൈറ്റായ ഗിസ്‌ചൈനയാണ് ഇതുസംബന്ധിച്ച സ്‌കൂപ്പ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. രണ്ട് വെര്‍ഷനുകളുമായാണ് തങ്ങളുടെ മുന്‍നിര മോഡലായ പ്രോ6 നെ മെയ്‌സു അവതരിപ്പിക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആറ് ജിബി റാമും 128 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജുമുളള ഒരു വെര്‍ഷനും നാല് ജിബി റാമും 64 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജുമുളള മറ്റൊരു വെര്‍ഷനും.
1080X1920 പിക്‌സല്‍ റിസൊല്യൂഷനുള്ള ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാകും മെയ്‌സു പ്രോ 6ലുണ്ടാകുക. ത്രിഡി ടച്ച് സംവിധാനം ഫോണിലുണ്ടാകുമെന്നും സൂചനയുണ്ട്.
മീഡിയടെക് എക്‌സ്25 ( MediaTek X25 ) ചിപ്പ്‌സെറ്റാകും ഫോണിന് കരുത്തുപകരുകയെന്നതാണ് പുതിയ വിവരം.
ഹൈ-ഫൈ 3.0 ശബ്ദസംവിധാനം, ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യ എന്നിവയും ഫോണിലുണ്ടാകും. മെയ്‌സുവിന്റെ സ്വന്തം ഫ്‌ളെയിം ഒ.എസ്. 6.0 വെര്‍ഷനിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക.
നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമുളള മെയ്‌സു പ്രോ 5 എന്ന മോഡലിന് 32,100 രൂപയായിരുന്നു വില. അതിനേക്കാള്‍ കൂടിയ റാം ശേഷിയും സ്‌റ്റോറേജുമായി ഇറങ്ങുന്ന പ്രോ 6 ന് എന്തുവില വരുമെന്ന് അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here