വില കുറഞ്ഞ സ്മാര്‍ട്‌ഫോണുകള്‍ ഇറക്കിയാണ് ഇന്‍ടെക്‌സ് എന്ന ഇന്ത്യന്‍ കമ്പനി ശ്രദ്ധ നേടിയത്. അക്വ എന്ന ബ്രാന്‍ഡ് നാമത്തില്‍ കമ്പനി അവതരിപ്പിച്ച സ്മാര്‍ട്‌ഫോണുകള്‍ക്ക് നാലായിരം രൂപ മുതലായിരുന്നു വില. ഫീച്ചര്‍ഫോണില്‍ നിന്ന് സ്മാര്‍ട്‌ഫോണിലേക്ക് മാറാന്‍ ആഗ്രഹിച്ച ഇടത്തരം വരുമാനക്കാരും കോളേജ് വിദ്യാര്‍ഥികളുമെല്ലാം അക്വ ഫോണുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
കേരളത്തില്‍ സര്‍വീസ് സൗകര്യം കുറവാണെങ്കിലും പ്രധാനപ്പെട്ട ഉത്തരേന്ത്യന്‍ പട്ടണങ്ങളിലെല്ലാം സര്‍വീസ് സൗകര്യം ഏര്‍പ്പെടുത്താന്‍ കമ്പനി ശ്രദ്ധിച്ചിരുന്നു. അതും വില്പനയ്ക്ക് ആക്കം കൂട്ടി. ഇപ്പോള്‍ മൈക്രോമാക്‌സിനും ലാവയ്ക്കും തൊട്ടുപുറകിലായി വില്പനയില്‍ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായി ഇന്‍ടെക്‌സ് മാറിക്കഴിഞ്ഞു.
വില്പന ഉഷാറായി നീങ്ങുന്നതിന്റെ ആത്മവിശ്വാസത്തിലാകാം ആദ്യമായി അല്പം വിലകൂടിയൊരു മോഡല്‍ ഇന്‍ടെക്‌സ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്‍ടെക്‌സ് അക്വ ജെന്‍എക്‌സ് ( Intex Aqua GenX ) എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന് 13,299 രൂപയാണ് വില. കമ്പനി ഇതുവരെ ഇറക്കിയതില്‍ ഏറ്റവും വില കൂടിയ സ്മാര്‍ട്‌ഫോണ്‍ മോഡലും ഇത് തന്നെ.
ആപ്പിള്‍ ഐഫോണിലേതുപോലെ മെറ്റാലിക് യൂണിബോഡി ഡിസൈനോടുകൂടിയാണ് അക്വ ജെന്‍എക്‌സിന്റെ വരവ്. 1080X 1920 പിക്‌സല്‍ റിസൊല്യൂഷനോടു കൂടിയ അഞ്ചരയിഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഫോണിലുള്ളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള അസാഹി ഡ്രാഗണ്‍ട്രെയില്‍ സംരക്ഷണകവചവും സ്‌ക്രീനിനുണ്ട്.
മീഡിയാടെക്കിന്റെ 1.3 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ഒക്ടാകോര്‍ പ്രൊസസര്‍, രണ്ട് ജിബി റാം, 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് ശേഷിയില്‍ 11 ജിബി വരെ ഉപയോഗിക്കാനാകും. ബാക്കിയുള്ള അഞ്ച് ജിബി ഒഎസ് ആവശ്യങ്ങള്‍ക്കായി നീക്കിവെക്കേണ്ടിവരും. 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാം.

ഫുള്‍ എച്ച്ഡി വീഡിയോ റെക്കോഡിങ് സൗകര്യവും എല്‍ഇഡി ഫ് ളാഷുമുള്ള 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന അക്വ ജെന്‍എക്‌സ് ഡ്യുവല്‍സിം മോഡലാണ്. കണക്ടിവിറ്റിക്കായി 4ജി അടക്കമുള്ള എല്ലാ സംവിധാനങ്ങളുമുള്ള ഫോണില്‍ 2850 എംഎഎച്ച് ബാറ്ററി ഉപയോഗിച്ചിരിക്കുന്നു. യുഎസ്ബി ഒടിജി സംവിധാനവും ഫോണിലുണ്ട്.
സ്‌ക്രീന്‍ തുറക്കാനും അടയ്ക്കാനുമായി ഫിംഗര്‍ പ്രിന്റര്‍ സ്‌കാനറില്ല എന്നതാണ് ഈ ഫോണിന്റെ പരാധീനതയായി ചൂണ്ടിക്കാട്ടാനുള്ളത്. ഈ വിലനിലവാരത്തിലുളള മറ്റ് കമ്പനികളുടെ ഫോണുകള്‍ക്കെല്ലാം ഫിംഗര്‍ പ്രിന്റര്‍ സ്‌കാനറുള്ളതിനാല്‍ അത് കുറവ് തന്നെയാണ്.
13,999 രൂപയാണ് ഔദ്യോഗിക വിലയെങ്കിലും ആമസോണില്‍ 12,199 രൂപയ്ക്കും ഫ് ളിപ്കാര്‍ട്ടില്‍ 12,360 രൂപയ്ക്കും ഇതേ ഫോണ്‍ വില്‍ക്കാന്‍ വച്ചിട്ടുണ്ട്.
ഏതാണ്ട് ഇതിനടുത്ത വിലയ്ക്ക് കിട്ടാനുള്ള ഷവോമിയുടെ റെഡ്മി നോട്ട് 3 (വില 9,999 രൂപ), ലെയ്‌ക്കോയുടെ ലെ വണ്‍ എസ് (വില 10,999 രൂപ) എന്നീ ഫോണുകളോടാകും അക്വ ജെന്‍എക്‌സിന് മത്സരിക്കേണ്ടിവരിക.
നോട്ട് 3യും ലെ വണ്‍ എസും ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന ഫ് ളാഷ് സെയിലൂടെ മാത്രമേ വാങ്ങാന്‍ സാധിക്കൂ. അതിനായി ആഴ്ചകള്‍ക്ക് മുമ്പേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി കാത്തിരിക്കണം. ഈ രണ്ട് ഫോണുകളും വിപണിയില്‍ ഉടന്‍ ലഭ്യമല്ല എന്നത് ജെന്‍ എക്‌സിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.image (2)

LEAVE A REPLY

Please enter your comment!
Please enter your name here