കഴിഞ്ഞ ദിവസം ആപ്പിള്‍ പുറത്തിറക്കയ ഉപകരണങ്ങളുടെ കൂട്ടത്തില്‍ 9.7 ഇഞ്ച് വലിപ്പമുള്ള ഐപാഡ് പ്രോയും ഉള്‍പ്പെടും. ഇതെ വലിപ്പത്തിലുള്ള ആദ്യ ഐപാഡ് മുതല്‍ ഐപാഡ് എയര്‍ 2 വരെയുള്ള ശ്രേണിയുടെ പുതിയ പേരാണ് ഐപാഡ് പ്രോ 9.7. ‘ഐപാഡ് എയര്‍’ എന്ന പേര് ഇനി ഐപാഡുകള്‍ക്കു കിട്ടിയേക്കില്ല.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 12.9 ഇഞ്ച് സ്‌ക്രീന്‍ ഉള്ള ഐപാഡ് പ്രോയുടെ അനുജനായിട്ടാണ് പുതിയ ടാബ് എത്തുന്നത്. വലിയ മോഡലിന്റെ പ്രോസസര്‍ ആയ A9X തന്നെയാണ് ചെറിയ മോഡലിനും. 2048x1536p (264ppi) റെസലൂഷനുള്ള സ്‌ക്രീനാണ് പുതിയ മോഡലിന്. ഇത് ഐപാഡ് എയര്‍ 2വിനേക്കള്‍ 25 ശതമാനം മികച്ചതായിരിക്കുമെന്നാണ് അവകാശ വാദം. മറ്റൊരു പ്രധാന പ്രത്യേകത 12MP റെസലൂഷനുള്ള പിന്‍ കാമറയാണ്. ഇതിന് 4K വിഡിയോ റെക്കോഡു ചെയ്യാനും ആകും. 5MP മുന്‍ കാമറ വിഡിയോ കോളിങിനും സെല്‍ഫിക്കുമായി ഉണ്ട്. ഇതിന് റെറ്റിനാ ഫ്‌ളാഷ് ഓപ്ഷനും ഉണ്ട്.

16GB മോഡല്‍ പുറത്തിറക്കില്ല. 32GB ആണ് വൈഫൈ മാത്രമുള്ള, ഏറ്റവും കുറഞ്ഞ മോഡല്‍. ഇതിനു വില 599 ഡോളര്‍ ആണ്. 128GB മോഡലിന് 749 ഡോളറും 256GB മോഡലിന് 899 ഡോളറുമാണ് വില. 4G മോഡലുകളുടെ വില ആപ്പിള്‍ പുറത്തു വിട്ടിട്ടില്ല. ഐപാഡ് എയര്‍ 2ന്റെ വില 399 ഡോളറായി കുറച്ചിട്ടുണ്ട്. ടച്ച് ഐഡി, 10 മണിക്കൂര്‍ ബാറ്ററി ലൈഫ് തുടങ്ങിയവയും ഇതിനുണ്ട്. പുതിയ മോഡലിനൊപ്പം സ്മാര്‍ട്ട് കീബോഡ് കവറും ക്യാമറ USB അഡാപ്ഷന്‍ കിറ്റും പുറത്തിറക്കിയിട്ടുണ്ട്.

12.9 ഇഞ്ച് ഐപാഡ് പ്രോ, കൈയ്യില്‍ പിടച്ചുള്ള ഉപയോഗത്തിന് അത്ര സുഖകരമല്ല. എന്നാല്‍ പുതിയ മോഡല്‍ അതിന് അനുയോജ്യവുമാണ്. ഐപാഡ് ശ്രേണികള്‍ ആപ്പിളിന് ഒരു വിഷമസന്ധിയാണ് സൃഷ്ടിക്കുന്നത്. ഐഫോണുകളെ പോലെ ആളുകള്‍ ഇവ എല്ലാ ആണ്ടും മാറി വാങ്ങാന്‍ ആവേശം കാണിക്കുന്നില്ല എന്നതാണു കാരണം. 2011ല്‍ പുറത്തിറക്കിയ ഐപാഡ് 2 എന്ന മോഡലാണ് ഇന്നും ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്നത്. സ്‌ക്രീന്‍ ക്ലാരിറ്റിയുടെ ഒരു കുറവു സഹിക്കാമെന്നു വച്ചാല്‍ ഇന്നും മറ്റ് ഐപാഡുകള്‍ ചെയ്യുന്ന മിക്ക പണികളും ഐപാഡ് 2 ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here