ഇന്ത്യയിലെയും ചൈനയിലെയും ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആപ്പിൾ പുറത്തിറക്കിയ പുതിയ ഐഫോൺ എസ്ഇ ഇന്ത്യയിൽ പരാജയമാകുമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. ഇതിന്റെ വലിപ്പത്തിലുള്ള കുറവുതന്നെയാണ് പ്രധാന കാരണം. ആദ്യമായി സ്മാർട്ഫോൺ സ്വന്തമാക്കുന്നവർക്കിടയിൽ നിലവിൽ ചൈനയിൽ നാലിഞ്ചു ഫോണിന് ആവശ്യക്കാരുണ്ടെന്നതാണ് ആപ്പിളിന്റെ കണക്കു കൂട്ടൽ. അതുകൊണ്ടുതന്നെ ഇവർക്ക് ഐഫോൺ എസ്ഇ പ്രധാന തിരഞ്ഞെടുപ്പാകുമെന്നാണ് ആപ്പിളിന്റെ വാദം.

വരുന്ന രണ്ടു വർഷത്തിനുള്ളിൽ സ്മാർട്ഫോൺ ഉപയോഗം രണ്ടിരട്ടിയാകുമെന്നു പ്രതീക്ഷിക്കുന്ന ഇന്ത്യൻ വിപണിയിൽ ആപ്പിളിന് വൻ പ്രതീക്ഷയാണുള്ളത്. അതേ സമയം വലിയ സ്ക്രീനോടു കൂടിയ ഫോണുകൾക്കായിരിക്കും താൽപര്യം എന്നത് ആപ്പിളിന്റെ പുതിയ മോഡലിനു തിരിച്ചടിയാകുമെന്ന കണക്കു കൂട്ടലിലാണ് വിദഗ്ധർ. നിലവിൽ ഇന്ത്യയിൽ താഴ്ന നിലയിലുള്ള സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് ആറായിരം രൂപയ്ക്കു മുതൽ അഞ്ച് ഇഞ്ച് ഡിസ്പ്ലേ മൊബൈൽഫോൺ ലഭ്യമാണ്. ഒരു ടാബ്ലറ്റൊ, ലാപ്ടോപ്പോ പോലുമില്ലാത്തവരായിരിക്കും സ്മാർട്ഫോൺ ഉപയോഗിക്കാനൊരുങ്ങുന്നത്. അതുകൊണ്ടു തന്നെ ഇവർ അൽപം വലിപ്പമുള്ള സ്ക്രീനോടു കൂടിയ ഫോണിനായിരിക്കും പ്രാധാന്യം നൽകുക. കഴിഞ്ഞ ഡിസംബറിലെ കണക്കു പ്രകാരം സ്മാർട്ഫോൺ ആവശ്യക്കാരിൽ വെറും പത്തു ശതമാനം മാത്രമായിരുന്നു നാലിഞ്ചു ഡിസ്പ്ലേ ഫോണിന് ആവശ്യക്കാരായി എത്തിയത്. ഇന്ത്യയിൽ ആകെ സ്മാർട്ഫോൺ വിൽപനയുടെ രണ്ടു ശതമാനം മാത്രമാണ് ആപ്പിളിന്റെ കച്ചവടം എന്നും ഓർക്കണം.

അതേ സമയം തന്നെ സ്മാർട്ഫോൺ വിപണിയുടെ 70 ശതമാനം സ്വന്തമാക്കിയത് 150 ഡോളറിൽ താഴെ മാത്രം വിലയുള്ള സ്മാർട്ഫോണുകൾ. ആപ്പിളിന്റെ പുതിയ വിലകുറഞ്ഞ ഫോണിന്റെ വില 400 ഡോളറും. ഈ വില എന്തായാലും ഇന്ത്യയിലെ ഉപയോക്താക്കൾക്ക് എത്തിപ്പിടിക്കാവുന്നതല്ല എന്നതു തന്നെ കച്ചവടം പൊളിയാൻ മുഖ്യകാരണമാകും. ഇനി ഇത്രയും വിലകൊടുത്തു വാങ്ങാമെന്നു തീരുമാനിച്ചാലും ഇത്ര ചെറിയ ഡിസ്പ്ലേയുള്ള ഫോൺ തിരഞ്ഞെടുക്കണമോ എന്ന് ഇന്ത്യക്കാർ രണ്ടുപ്രാവശ്യം ആലോചിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here