ഭീകരരുടെ ഐഫോൺ തുറക്കുന്ന വിഷയത്തിൽ ആപ്പിളിനെ വീണ്ടും വെല്ലുവിളിച്ച് എഫ്ബിഐ. ഫോൺ അൺലോക്ക് ചെയ്ത് വിവരങ്ങൾ പുറത്തെടുക്കാൻ ഇസ്രായേൽ കമ്പനിയുടെ സഹായം തേടാനാണ് എഫ്ബിഐ ഇപ്പോഴത്തെ നീക്കം. ഫോണ്‍ തുറക്കണമെന്ന അമേരിക്കൻ കോടതിയുടെ ആവശ്യം ആപ്പിൾ നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് ആപ്പിളിന്റെ സഹായമില്ലാതെ ഫോണ്‍ തുറക്കുമെന്ന് എഫ്ബിഐ വെല്ലുവിളിക്കുകയായിരുന്നു.

ഭീകരരുടെയും മയക്കുമരുന്ന് വിൽപനക്കാരുടെയും ഐഫോണിലെ വിവരങ്ങൾ കണ്ടെത്താൻ ആപ്പിളിന്റെ സഹായം വേണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി എഫ്ബിഐ അറിയിക്കുകയായിരുന്നു. ‌ഐഫോൺ തുറക്കാനുള്ള സംവിധാനമൊക്കെ കണ്ടെത്തിയെന്നും ഇനി അത്തരമൊരു സേവനം ആപ്പിളിന്റെ ഭാഗത്തുനിന്നു വേണ്ടെന്നുമാണ് എഫ്ബിഐ അറിയിച്ചിരുന്നത്.
ഇതേത്തുടർന്ന് അടുത്ത് നടക്കാനിരുന്ന കേസിലെ വാദം മാറ്റിവച്ചു. ഭീകരരുടെ ഐഫോൺ തുറക്കാൻ സഹായിക്കണമെന്ന് ആപ്പിളിനോടു യുഎസ് നീതിന്യായ വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഫോണുകളിലെ വിവരങ്ങൾ കൈമാറുന്നതു സംബന്ധിച്ച് യുഎസ് സർക്കാരും – ടെക്നോ കമ്പനികളും തമ്മിലുള്ള ‘ശീതയുദ്ധം’ പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് എഫ്ബിഐയുടെ പുതിയ നീക്കം.

സ്മാർട്ഫോൺ സന്ദേശങ്ങൾ മറ്റുള്ളവർ ചോർത്താതിരിക്കാൻ മികവുറ്റ എൻക്രിപ്ഷൻ സംവിധാനങ്ങൾ വിവിധ കമ്പനികൾ ഒരു വശത്ത് ഒരുക്കുമ്പോൾ മറുവശത്ത് അത്തരം നടപടികളെ എതിർത്തുകൊണ്ടാണ് അമേരിക്ക നിലകൊള്ളുന്നത്. എന്നാൽ ഇതിന് കൂട്ടുനിൽക്കില്ലെന്ന് ആപ്പിളും വ്യക്തമാക്കിയിരുന്നു. അതും ഒരു നിയമപോരാട്ടത്തിന് സന്നദ്ധരാണെന്ന് അറിയിച്ചുകൊണ്ടു തന്നെ.

കലിഫോർണിയയിൽ ദമ്പതികൾ നടത്തിയ കൂട്ടക്കൊലയുടെ വിവരങ്ങൾ കണ്ടെത്തുന്നതിന് ആപ്പിളിന്റെ സഹായം തേടിയ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ആവശ്യത്തെ നിഷ്കരുണം തള്ളിയാണ് പോരാട്ടത്തിന് അരയും തലയും മുറുക്കിയിറങ്ങുകയാണെന്ന് ആപ്പിൾ ഉറപ്പാക്കിയത്. ഇക്കഴിഞ്ഞ ഡിസംബർ രണ്ടിനാണ് കലിഫോർണിയയിൽ 14 പേരെ അമേരിക്കൻ പൗരത്വമുള്ള സയീദ് റിസ്‌വാൻ ഫാറൂഖും ഭാര്യ പാക്കിസ്ഥാൻ സ്വദേശി തഷ്ഫീൻ മാലിക്കും വെടിവച്ചു കൊലപ്പെടുത്തിയത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇരുവരും കൊല്ലപ്പെട്ടു. കേസിൽ രണ്ടുമാസമായിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല.

സയീദ് ജോലി ചെയ്തിരുന്ന കമ്പനി നൽകിയ ഐഫോൺ 5സി അൺലോക്ക് ചെയ്താൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എഫ്ബിഐ. എന്നാൽ പാസ്‌കോഡ് ഇന്നേവരെ കണ്ടെത്താനായിട്ടില്ല. മാത്രവുമല്ല നിശ്ചിത എണ്ണം പാസ്‌വേഡ് തകർക്കൽ ശ്രമം നടത്തിയാൽ ഫോണിലെ വിവരങ്ങളെല്ലാം മാഞ്ഞുപോകുന്ന വിധത്തിലുള്ള സെക്യൂരിറ്റി സെറ്റിങ്ങുകൾ നടന്നിരിക്കാൻ സാധ്യതയുണ്ട്. ഈ ഘട്ടത്തിൽ എഫ്ബിഐയ്ക്ക് എത്ര വേണമെങ്കിലും പാസ്കോഡ് കോംബിനേഷനുകൾ പ്രയോഗിക്കാനുള്ള സംവിധാനം ഒരുക്കണമെന്നായിരുന്നു ആപ്പിളിനോടുള്ള ആവശ്യം. ഒരുതരത്തിൽ പറഞ്ഞാൽ ‘അൺലോക്കിങ്ങിന്’ ഒരുകൈ സഹായം.

എഫ്ബിഐയുടെ അഭ്യർഥന പരിഗണിച്ച് യുഎസ് മജിസ്ട്രേറ്റ് കോടതിയാണ് മൊബൈലിലെ സെക്യൂരിറ്റി സംവിധാനങ്ങൾ നിർജീവമാക്കാനുള്ള സഹായം നൽകണമെന്ന് ആപ്പിളിനോട് ആവശ്യപ്പെട്ടത്. അതിനു വേണ്ടിവരുന്ന ചെലവ് എത്രയാകുമെന്ന് അറിയിക്കാനും കമ്പനിയോട് പറഞ്ഞിരുന്നു. ദമ്പതികളിൽ നിന്നു പിടിച്ചെടുത്ത ഐഫോണിൽ മാത്രം ഉപയോഗിക്കാനാകുന്ന സോഫ്റ്റ്‌വെയർ തയാറാക്കി നൽകാനാണ് ആവശ്യപ്പെട്ടത്. എന്നാൽ അത്തരമൊരു കാര്യം അസാധ്യമാണെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് തന്നെ കമ്പനി വെബ്സൈറ്റിൽ വ്യക്തമാക്കി. ഒരു ഫോണിനു മാത്രമായി അങ്ങനെയൊരു അൺലോക്കിങ് സോഫ്റ്റ്‌വെയർ തയാറാക്കാനാകില്ല.apple.jpg.image.784.410.jpg.image.784.410

ഐഫോണുകളിലേക്കെന്നല്ല ഏതു ഫോണിലേക്കായാലും ഇത്തരത്തിലുള്ള ‘പിൻവാതിൽ പ്രവേശനം’ ഏറെ അപകടകരവുമാണ്. അത്തരമൊരു സോഫ്റ്റ്‌വെയർ നിർമിച്ചു നൽകിയാൽത്തന്നെ അത് മറ്റ് ഐഫോണുകളിൽ ഉപയോഗിക്കില്ല എന്നതിന് എഫ്ബിഐയ്ക്കു തന്നെ വലിയ ഉറപ്പില്ല. ഹാക്കർമാരുടെ കയ്യിൽ ആ കോഡ് എത്തിപ്പെട്ടാൽ പിന്നെ ആപ്പിളിന്റെ നിലനിൽപ്പിനു വരെ അത് വൻ ഭീഷണിയാകും. നിയമവശം കേട്ട് ഈ നീക്കത്തിനു മുതിർന്നാൽ ദൂരവ്യാപകഫലങ്ങളായിരിക്കും ഉണ്ടാവുക. ഇത്രയും കാലം പല കേസുകളിലും എഫ്ബിഐയെ സഹായിച്ചു, എന്നാൽ ഇക്കാര്യത്തിലുണ്ടാകില്ലെന്നും ആപ്പിൾ സിഇഒയുടെ വാക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here