ടെലികോം സേവന മേഖലയിലെ ഏറ്റവും വലിയ ഓഫറുകളുമായാണ് റിലയൻസിനു കീഴിലുള്ള ജിയോ 4ജി വരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ റിലയൻസ് ഗ്രൂപ്പ് തൊഴിലാളികൾക്ക് നേരത്തെ തന്നെ 4ജി സേവനം നൽകിയിരുന്നു. മൂന്നു മാസം മുൻപാണ് റിലയൻസ് ജിയോ 4ജി തുടങ്ങിയത്.

ജിയോ 4ജി പൊതുജനങ്ങൾക്കായി ഉടനെ അവതരിപ്പിക്കും. ഇതിന്റെ പ്രാരംഭ നടപടികൾ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നടക്കുന്നുവരികയാണ്. 4ജി സേവനം പരിചയപ്പെടുത്താനും വരിക്കാരെ ചേർക്കാനും മിക്ക സ്റ്റോറുകളിലും പ്രത്യേകം സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്.

ജിയോ സിം കാർഡുകൾ സ്റ്റോറുകളിൽ എത്തി. എന്നാൽ വിൽപ്പനയ്ക്കുള്ള ഓർഡർ വന്നിട്ടില്ലെന്നാണ് അറിയുന്നത്. 200 രൂപയ്ക്ക് ലഭ്യമാകുന്ന ജിയോ സിം വൻ ഓഫറുകളാണ് വരുന്നത്. മൂന്നു മാസത്തേക്ക് 75 ജിബി ഫ്രീ ഡാറ്റയും 4500 മിനിറ്റ് കോളുകളും ലഭിക്കും. മൊബൈൽ വരിക്കാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറായിക്കും ഇത്. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ ജിയോ 4ജി റിലയൻസ് തൊഴിലാളികൾക്കും ഈ ഓഫർ നൽകിയിരുന്നു.

എന്നാൽ താരീഫുകളെ കുറിച്ച് വ്യക്തത ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, വൻ ഓഫറുകളുമായി ജിയോ 4ജി വിപണിയിൽ എത്തിയാൽ എയർടെല്ലിനും ഐഡിയക്കും കുറഞ്ഞ നിരക്കിൽ പുതിയ ഓഫറുകൾ പ്രഖ്യാപിക്കേണ്ടിവരുമെന്നാണ് നിരീക്ഷണം. മൂന്നു മാസത്തേക്ക് 200 രൂപയ്ക്ക് 4ജി സിം കിട്ടാൻ തുടങ്ങിയാൽ മിക്കവരും റിലയൻസിലേക്ക് മാറും. ഇത് മറ്റു കമ്പനികൾക്ക് വലിയ ക്ഷീണമുണ്ടാക്കും.

1.50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റിലയൻസ് ജിയോ ഇറക്കുന്നത്. ‍ജിയോ 4ജി പ്രവർത്തനം തുടങ്ങുമ്പോൾ ഇന്ത്യയുടെ 70 ശതമാനം പ്രദേശത്തും സാന്നിധ്യമുണ്ടാകുമെന്ന് മുകേഷ് അംബാനി പറഞ്ഞു. നിലവിലെ ഇന്റർനെറ്റിനേക്കാൾ 80 ഇരട്ടിവരെ അധികം വേഗം റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് നൽകുമെന്നും വാഗ്ദാനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here