ഇരുമുന്നണികളിലും ഇടം കിട്ടാതെ ഗതികെട്ട് നില്‍ക്കുന്ന ഈര്‍ക്കില്‍ പാര്‍ട്ടികളുടെ അവസ്ഥയിലാണ് രാജ്യത്തെ ഫീച്ചര്‍ ഫോണ്‍ നിര്‍മാതാക്കളുടെ കാര്യം. ഇങ്ങനെ ചില ഫോണ്‍ മോഡലുകളുണ്ടെന്ന കാര്യം തന്നെ ആര്‍ക്കുമറിയില്ല. മൂവായിരം രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍ കിട്ടാന്‍ തുടങ്ങിയതോടെ ന്യൂ-ജെന്‍ പയ്യന്‍മാരെപോലെ ഓള്‍ഡ്-ജെന്‍ ആളുകളും അതിലേക്ക് മാറി. ഫോണ്‍ വിളിക്കും മെസേജ് അയയ്ക്കലിനും മാത്രം ഉപകരിക്കുന്ന ഫീച്ചര്‍ ഫോണുകള്‍ ആര്‍ക്കും വേണ്ടാതെയുമായി.

സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന ചിലരെങ്കിലും അത്യാവശ്യ ഉപയോഗത്തിനായി ഒരു ഫീച്ചര്‍ ഫോണ്‍ കൊണ്ടുനടക്കാറുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സ്മാര്‍ട്‌ഫോണിന്റെ ചാര്‍ജ് തീര്‍ന്നാല്‍ ഉപയോഗിക്കുക, സ്മാര്‍ട്‌ഫോണ്‍ സ്വിച്ച്ഓഫ് ആക്കേണ്ടിവന്നാലും പ്രിയപ്പെട്ടവരുമായി ‘കണക്റ്റഡ്’ ആയിരിക്കുക എന്നതൊക്കെയാണ് ഈ രണ്ടാം ഫോണിന്റെ ധര്‍മം. 

‘രണ്ടാം ഫോണ്‍ ട്രെന്‍ഡ്’ വ്യാപകമാകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ ഇന്ത്യന്‍ കമ്പനിയായ ലാവ അവതരിപ്പിച്ച ഫീച്ചര്‍ ഫോണ്‍ മോഡലാണ് കെ.കെ.ടി. അള്‍ട്രാ പ്ലസ് യൂണിയന്‍ ( Lava KKT Ultra+ Union ). 1500 രൂപയാണ് കമ്പനി പ്രഖ്യാപിച്ച വിലയെങ്കിലും 1,199 രൂപയ്ക്ക് ഫ് ളിപ്കാര്‍ട്ടിലും ആമസോണിലും സാധനം വാങ്ങാന്‍ കിട്ടും.
 
വില തുച്ഛമാണെങ്കിലും കെ.കെ.ടി. അള്‍ട്ര പ്ലസിന്റെ ഗുണം മെച്ചമാണെന്ന് ആരും സമ്മതിക്കും. 320X240 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ 2.4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണില്‍ ഡ്യുവല്‍ സിം സൗകര്യം, വി.ജി.എ. ക്യാമറ, ഇന്റര്‍നെറ്റിനായി ജി.പി.ആര്‍.എസ്. സംവിധാനം, ബ്ലൂടൂത്ത്, ചാര്‍ജിങിനായി മിനി യു.എസ്.ബി. കണക്ടിവിറ്റി എന്നിവയുണ്ട്. 32 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡ് ഫോണില്‍ പ്രവര്‍ത്തിപ്പിക്കാനാകും.

3ജി.പി., എം.പി. 4 എന്നീ ഫോര്‍മാറ്റുകള്‍ പിന്തുണയ്ക്കുന്ന വീഡിയോ പ്ലെയര്‍, എം.പി.3 മ്യൂസിക് പ്ലെയര്‍, എഫ്.എം. റേഡിയോ എന്നിവയും ഫോണിന് സ്വന്തം. 0.3 മെഗാപിക്‌സല്‍ ശേഷിയുള്ള വി.ജി.എ. പിന്‍ക്യാമറയില്‍ വീഡിയോ റെക്കോഡിങും സാധ്യമാണ്. ഫീച്ചര്‍ ഫോണുകളുടെ പ്രധാന സവിശേഷതയായ ടോര്‍ച്ചും ഇതിലുണ്ട്. 

മലയാളമടക്കം 22 ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്ന മൊബൈലാണ് കെ.കെ.ടി.അള്‍ട്ര പ്ലസ്. ഇത്രയും ഭാഷകളില്‍ സന്ദേശങ്ങളയക്കാനും സ്വീകരിക്കാനും ഫോണിലൂടെ സാധിക്കും. 700 പേരുടെ കോണ്‍ടാക്റ്റ് മെമ്മറിയും 300 എസ്.എം.എസുകളും സൂക്ഷിക്കാന്‍ സാധിക്കുന്ന ഫോണില്‍ കോള്‍ റെക്കോഡ് ഓപ്ഷനുമുണ്ട്. 

1750 എം.എ.എച്ചിന്റെ ലി-അയണ്‍ ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 18 മണിക്കൂര്‍ തുര്‍ച്ചയായ ഉപയോഗമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. മിതമായ ഉപയോഗമാണെങ്കില്‍ പത്ത് ദിവസം വരെ ഫോണിന്റെ ചാര്‍ജ് നിലനില്‍ക്കുമെന്ന് ഫ് ളിപ്കാര്‍ട്ടില്‍ എഴുതിയ റിവ്യൂവില്‍ ഒരു ഉപഭോക്താവ് സാക്ഷ്യപ്പെടുത്തുന്നു.

‘കേന്ദ്രസര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായി നിര്‍മിച്ച ഫോണ്‍ ആണിതെന്ന് ലാവ കെ.കെ.ടി. അള്‍ട്ര പ്ലസിന്റെ പുറത്തിറക്കല്‍ ചടങ്ങില്‍ കമ്പനിയുടെ പ്രൊഡക്ട് ഹെഡ് ഗൗരവ് നിഗം വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ച ഫോണാണിത്. സ്വന്തം ഭാഷയില്‍ തന്നെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 22 ഇന്ത്യന്‍ ഭാഷകളില്‍ ഫോണ്‍ പ്രവര്‍ത്തിക്കും. അതുവഴി ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകും- ഗൗരവ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here