കഴിഞ്ഞ ഡിസംബറില്‍ വിപണിയിലെത്തിച്ച ഗാലക്‌സി എ9ന്റെ പിന്‍ഗാമിയെ സാംസങ് പുറത്തിറക്കി. സാംസങ് എ9 പ്രോ എന്ന പേരില്‍ ചൈനീസ് വിപണിയിലാണ് പുതിയ ഫോണ്‍ ആദ്യമെത്തിയിരിക്കുന്നത്. മുന്‍ഗാമിയുടെ അതേ രൂപകല്‍പനയില്‍ എന്നാല്‍ മെച്ചപ്പെട്ട സവിശേഷതകളുമായാണ് എ9 പ്രോയുടെ വരവ്.

1080×1920 പിക്‌സലുള്ള എ9ന് സമാനമായ ആറിഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് പ്രോയ്ക്കുമുള്ളത്. 367 പിപിഐ ആണ് ഡിസ്‌പ്ലേയുടെ പിക്‌സല്‍ സാന്ദ്രത. എ9ന്റെ അതേ ഡിസൈനിലുള്ള മികച്ച മെറ്റാലിക് ബോഡിയാണ് പ്രോയുടേതും.

പ്രധാന സവിശേഷതകളില്‍ വരുത്തിയിരിക്കുന്ന മെച്ചപ്പെടുത്തലുകളാണ് പ്രോയെ ശ്രദ്ധേയനാക്കുന്നത്. റാം ശേഷി മുന്‍ഗാമിയുടെ 3 ജിബിയില്‍ നിന്ന് 4 ജിബി ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 64-ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 SoC (ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 620) ആണ് പ്രൊസസര്‍. ലോലിപോപ്പ് 5.1.1 ആണ് ആന്‍ഡ്രോയിഡ്‌ പതിപ്പ്.

ക്യാമറയുടെ കാര്യത്തിലും പ്രോ കൂടുതല്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. എ9ന്റെ 13 മെഗാപിക്‌സലില്‍ നിന്ന് റിയര്‍ ക്യാമറ 16 മെഗാപിക്‌സലിലേക്ക് എത്തിയിരിക്കുന്നു. എല്‍ഇഡി ഫ്‌ളാഷോടുകൂടിയ ഓട്ടോഫോക്കസ് ക്യാമറയില്‍ ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ തുടങ്ങിയ സവിശേഷതകളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. 

എന്നാല്‍ മുന്‍ ക്യാമറ എ9ന് സമാനമായി 8 മെഗാപിക്‌സലാണ്. സെല്‍ഫി എടുക്കുന്നതിനായി വൈഡ് സെല്‍ഫി, സെല്‍ഫ്-പോര്‍ട്രെയ്റ്റ്, പാം സെല്‍ഫി തുടങ്ങിയ വ്യത്യസ്ത മോഡുകള്‍ ഈ ക്യാമറ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബാറ്ററി കരുത്തില്‍ എ9ന്റെ പുതിയ പതിപ്പ് മുന്‍ഗാമിയുടെ 4000 എംഎഎച്ചില്‍ നിന്ന് 5000 എംഎഎച്ചിലേക്ക് വളര്‍ന്നിരിക്കുന്നു. രണ്ട് നാനോ സിമ്മുകള്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് ഫോണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഫിംഗര്‍ പ്രിന്റ് സെന്‍സറും ഇതിലുണ്ട്. കണക്ടിവിറ്റിയ്ക്കായി വൈഫൈ, എന്‍എഫ്‌സി, യുഎസ്ബി, ജിപിഎസ്, ബ്ലൂടൂത്ത് സംവിധാനങ്ങളെല്ലാമുണ്ട്.

ഒരു ചൈനീസ് ഇ-കൊമേഴ്‌സ് സൈറ്റ് വഴി വിപണിയില്‍ എത്തിച്ചിരിക്കുന്ന എ9 പ്രോയ്ക്ക് 3,499 ചൈനീസ്‌ യുവാനാണ് (ഏകദേശം 35,700 രൂപ) വില. എ9 3,199 യുവാനാണ് (ഏകദേശം 32,600 രൂപ) സാംസങ് വിപണിയിലെത്തിച്ചത്. ഫോണ്‍ ചൈനയ്ക്ക് പുറത്തെ വിപണികളില്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ കമ്പനി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here