ജനപ്രിയ സ്മാർട്ഫോൺ ഐഫോണിന്റെ വിൽപന ഇടിഞ്ഞതോടെ ലോകത്തെ മുൻനിര കമ്പനിയായ ആപ്പിളിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു. 13 വർഷത്തിനിടെ ഇത് ആദ്യമായാണ് ആപ്പിളിന്റെ വരുമാനം കുത്തനെ ഇടിയുന്നത്. ആഗോള സ്മാർട് ഫോൺ വിപണിയിൽ ഐഫോണിനു പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് പുതിയ കണക്കുകൾ കാണിക്കുന്നത്.

ആപ്പിൾ പുറത്തിറക്കുന്ന എല്ലാ ഉൽപന്നങ്ങളും ചൂടോടെ വാങ്ങിയിരുന്ന ചൈനക്കാർ ഐഫോണിനെ കൈവിട്ടു. അമേരിക്ക കഴി‍ഞ്ഞാൽ ഐഫോൺ ഏറ്റവും വിൽക്കുന്ന വിപണിയാണ് ചൈന. ചൈനയിൽ നിന്നുള്ള വരുമാനം ഇടിഞ്ഞതോടെ ആപ്പിളിന്റെ ആഗോള വിപണിയും ഇടിഞ്ഞു.

ആപ്പിള്‍ ഓഹരികൾ എട്ട് ശതമാനം ഇടിഞ്ഞ് 100 ഡോളറിലെത്തി. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 5.12 കോടി യൂണിറ്റ് ഐഫോണുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 6.12 കോടിയായിരുന്നു. സ്മാർട്ഫോൺ വിപണി താഴോട്ടാണെന്നാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞത്.

ഐഫോൺ 6എസ് വലിയൊരു പരാജയമായിരുന്നു. നേരത്തെ പുറത്തിറങ്ങിയ ഐഫോണുകൾ വാങ്ങാനുള്ള ആവേശം എവിടെയും കണ്ടില്ല. അതേസമയം, ആപ്പിൾ സ്റ്റോർ, ആപ്പിൾ മ്യൂസിക് വരുമാനം 20 ശതമാനം വർധിച്ചു ആറു ബില്യൻ ഡോളറിലെത്തി. ഐമാക്, ഐപാഡ് വിൽപനയും മുകളിലേക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here