വാട്സാപ്പിൽ എല്ലാം ഉണ്ട്; ഒന്നൊഴികെ എന്ന മുറവിളികൾക്ക് പരിഹാരമാവുന്നു. വിഡിയോ കോളിങ് സൗകര്യത്തിനായി മറ്റു ആപ്പുകൾ ഉപയോഗിക്കുന്ന വാട്സാപ്പ് ഉപയോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് വാട്സാപ്പിന്റെ പിന്നണിയിൽ നിന്നും ലഭിക്കുന്നത്. വിഡിയോ കോളിങ് സംവിധാനം ഉടൻ തന്നെ വാട്സാപ്പിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. തുടക്കത്തിൽ നിശ്ചിത ഉപയോക്താക്കൾക്ക് മാത്രം ലഭിക്കുന്ന സേവനം പതിയെ എല്ലാവർക്കും ലഭ്യമാകുമെന്ന് കരുതുന്നു.

വാട്സാപ്പിൽ വോയിസ് കോൾ സൗകര്യം ലഭ്യമാക്കിയ രീതിയിൽ ആദ്യം തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രം വിഡിയോ കോളിങ്ങും ലഭ്യമാക്കുമെന്നും, ഇൻവൈറ്റ് സമ്പ്രദായത്തിലൂടെ ഈ സേവനം വ്യാപകമാക്കുമെന്നുമാണ് പ്രാഥമിക നിഗമനം. ലിങ്കുകളുടെയും ക്വിക്ക് റെസ്പോൺസ്‌കോഡുകളുടെയും രൂപത്തിൽ ലഭ്യമാക്കുന്ന വാട്സാപ്പ് വിഡിയോ കോളിങ് ഇൻവൈറ്റുകൾ എൻഎഫ്‌സി വഴിയും ലഭ്യമാക്കാൻ ശ്രമങ്ങൾ ഈ ആപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതായാണ് അറിയുന്നത്.

എൻക്രിപ്ഷൻ സംവിധാനം, ഫയലുകൾ അയക്കാനുള്ള സംവിധാനം എന്നിവ ഉൾപ്പെടുത്തി ഈയിടെ വാട്സാപ് സേവനം പരിഷ്കരിച്ചിരുന്നു. ഇതിനു പിന്നാലെ മെച്ചപ്പെട്ടതും നൂതനവുമായ ഒരുപിടി സവിശേഷതകളും വാട്സാപ്പിന്റെ ഭാഗമായി മാറും. കാൾബാക്ക്, സിപ് ഫയലുകൾ അയക്കാനുള്ള സൗകര്യം എന്നിവയാണ് ഇനി വാട്സാപ്പിന്റെ ഭാഗമായി പുതുതായി ഉൾപ്പെടുത്തുന്നവ. ഇപ്പോൾ പിഡിഎഫ് ഫയലുകൾ അയക്കാൻ കഴിയുന്നതു പോലെ ഏത് ഫോർമാറ്റിലുള്ള ഫയലുകളും മറ്റൊരു വാട്സാപ് നമ്പരിലേക്ക് അയക്കാൻ സാധിക്കുന്ന സിപ് ഫോൾഡർ സെന്റിംഗ് സേവനമാണ് ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

ഈ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി മുഖം മിനുക്കി എത്തുമ്പോൾ ലോകമെമ്പാടും ഓരോ മാസവും ശരാശരി 100 കോടി ഉപഭോക്താക്കൾ വാട്സാപ് സേവനം പ്രയോജനപ്പെടുത്തുന്ന ഇന്നത്തെ സ്ഥിതിയിൽ നിന്നും ഉപഭോക്താക്കളുടെ സംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘കാൾബാക്ക്’ എന്ന പുതിയ സംവിധാനം വരുന്നതോടെ വാട്സാപ്  മിസ്സ്ഡ് കാളുകൾക്കൊപ്പം കാൾ ബാക്ക് ബട്ടൺ കൂടി നോട്ടിഫിക്കേഷൻ വിൻഡോയിൽ കാണാനാകും. കഴിഞ്ഞ ദിവസം ചില പോർട്ടലുകൾ പുറത്തുവിട്ട സ്ക്രീൻ ഷോട്ടുകളാണ് വാട്സപ്പിൽ ഉടൻ വിഡിയോ കോളിങ് സൗകര്യമെത്തുമെന്ന വിവരം പുറംലോകത്തെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here