തിരുവനന്തപുരം : വിനോദസഞ്ചാരത്തിനെത്തുന്ന കുടുംബങ്ങളുടെ പറുദീസയായി കേരളം മാറുന്നു. കുടുംബങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഇത്തവണ തിരഞ്ഞെടുത്തത് കേരളത്തെയാണ് . ഒരു ടൂറിസം മാഗസിൻ നടത്തിയ സർവേയിലാണ് ഇന്ത്യയിലെ മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രം എന്ന പദവി ദൈവത്തിന്റെ സ്വന്തം നാട് ഉറപ്പിച്ചത്.

മുംബൈയിൽ തിങ്കളാഴ്ച്ച നടന്ന പുരസ്‌കാരദാനച്ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ യു. വി. ജോസ് പുരസ്‌കാരം ഏറ്റുവാങ്ങി. ടൂറിസം വ്യവസായത്തിലെ പ്രമുഖർ ഉൾപ്പെടുന്ന വാർഷിക പുരസ്‌കാരത്തിൽ ഏറ്റവും മികച്ച യാത്രാനുഭവങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട താമസസ്ഥലങ്ങൾ, ഇന്ത്യക്കാർ സന്ദർശിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കേന്ദ്രങ്ങൾ എന്നിവ ശ്രദ്ധാകേന്ദ്രമാകാറുണ്ട്.

ട്രോപ്പിക്കൽ സിംഫണി എന്ന് വിവരിച്ചിരിക്കുന്ന കേരളത്തിലെ യാത്രാനുഭവം കായലിൽ തെന്നിനീങ്ങുംപോലെ ക്ലേശരഹിതയും അനുഭവസമ്പന്നവുമാണെന്ന് മാസികയുടെ വായനക്കാർ പറയുന്നു. നിരവധി ആകർഷകമായ വിനോദോപാധികളും തൃപ്തികരമായ വിലയിലെ താമസ, ഭക്ഷണ സൗകര്യങ്ങളും കുട്ടികളോടും മുതിർന്ന പൗരൻമാരോടും സൗഹാർദ്ദപരവും കരുതലോടെയുമുള്ള സമീപനം സ്വീകരിക്കുന്ന പ്രാദേശിക സംസ്‌കൃതിയുമുള്ള കേരളം കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്ക് ഏളുപ്പവും സൗകര്യപ്രദവുമായ കേന്ദ്രമാണെന്നും വിലയിരുത്തലുണ്ട്.

യാത്രാ വിദഗ്ധരുടെയും പ്രൊഫഷനലുകളുടെയും പാനൽ തെരഞ്ഞെടുക്കുന്ന നാമനിർദേശപ്പട്ടികയിൽനിന്ന് ഓൺലൈൻ വഴിയും മാസികയിലൂടെയും വായനക്കാർ വോട്ട് ചെയ്താണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഏറ്റവും മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രം എന്ന വിഭാഗത്തിലെ പുരസ്‌കാരം കൂടാതെ സാംസ്‌കാരിക, വിശ്രമാധിഷ്‌ഠിത കേന്ദ്ര വിഭാഗങ്ങളിലും കേരളത്തിനു നാമനിർദേശം ലഭിച്ചിരുന്നു. ആകെ 20 വിഭാഗങ്ങളിലായാണു മത്സരം നടന്നത്.

അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ സഞ്ചാരികൾക്കായുള്ള മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രത്തിനുള്ള പുരസ്‌കാരം ലഭിച്ചതും സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര വിപണിയുമായ ബ്രിട്ടനൊപ്പം സ്ഥാനം ലഭിച്ച കേരളത്തെ പുറംലോകത്തിന്റെ തിരക്കുകളിൽനിന്നൊഴിഞ്ഞ ലോകമായാണ് സർവേ സംഘടിപ്പിച്ച ലോൺലി പ്ലാനെറ്റ് മാഗസിൻ വിവരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ അപരനാമം ഇപ്പോൾ ഉചിതമായിരിക്കുകയാണെന്നും മാസിക ചൂണ്ടിക്കാട്ടി.

കേരള ടൂറിസത്തിന്റെ തലപ്പാവിലെ ഏറ്റവും ഒടുവിലത്തെ പൊൻതൂവലാണ് ലോൺലി പ്ലാനെറ്റ് പുരസ്‌കാരം. ടൂറിസം ആശയവിനിമയരംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്‌കാരം ഉത്തരവാദിത്ത ടൂറിസത്തിനായുള്ള മൾട്ടീമീഡിയ ക്യാംപെയിനായ ന്യൂ വേൾഡ്സിന് കഴിഞ്ഞ മാസം ലോകത്തെ പ്രമുഖ ട്രാവൽ, ട്രേഡ് ഷോ ആയ ഐറ്റിബി ബെർലിൻ 2016ൽ കേരള ടൂറിസത്തിന് ലഭിച്ചിരുന്നു. ഐക്യരാഷ്ട്രസഭ ലോക വിനോദസഞ്ചാര സംഘടനയുടെ യുളീസസ് പുരസ്‌കാരവും സുസ്ഥിര വിനോദസഞ്ചാരത്തിലെ ആഗോളനേതാവ് എന്ന നിലയിലെ സംഭാവനകൾക്കായി കേരള ടൂറിസത്തിന് ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here