തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനം പൊതുജനങ്ങളുടെ നിക്ഷേപം കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അവരസമൊരുക്കാന്‍. ലോകത്തെ വന്‍കിട ബാങ്കുകളുടെ പട്ടികയിലേക്ക് എസ്ബിഐയെ ഉയര്‍ത്തുകയെന്ന ലക്ഷ്യം സമീപഭാവിയിലൊന്നും കൈവരിക്കാനാവില്ലെന്ന് വസ്തുതകള്‍ വ്യക്തമാക്കുന്നു. വന്‍കിട ബാങ്കുകളുടെ പട്ടികയില്‍ ഇപ്പോള്‍ തന്നെ 52ാ ം സ്ഥാനത്തുള്ള എസ്ബിഐ ലയനം പൂര്‍ത്തിയായാലും ഏഴുപടികൂടി ഉയര്‍ന്ന് 45ാ ം സ്ഥാനത്തെ എത്തുകയുള്ളൂ.
ലയനം കേരളത്തിലെ ഏറ്റവും വലിയ ജനകീയ ബാങ്കിനെ കേന്ദ്രസര്‍ക്കാരിന്‍റെയും അവരുടെ കോര്‍പറേറ്റ് പ്രീണന നയങ്ങളുടെയും നിയന്ത്രണത്തിലാക്കും. അതോടെ കേരളത്തിലെ നാലിലൊന്ന് ബാങ്കിങ് ബിസിനസ് നടത്തുന്ന പൊതുമേഖലാ ബാങ്ക് കൃഷിക്കാര്‍ക്കും സ്വയം തൊഴില്‍ സ്ഥാപനങ്ങളടക്കം ചെറുകിട സംരംഭകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും അപ്രാപ്യമാകും. ലയനത്തെ തുടര്‍ന്നുള്ള പുനഃസംഘടന ഡസന്‍കണക്കിന് ബാങ്ക് ശാഖകളും എടിഎമ്മുകളുമടക്കം ഇന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമായ പല സൗകര്യങ്ങളും ഇല്ലാതാക്കും.

ഇനിയും മറികടക്കാന്‍ കഴിയാത്ത ലോകസാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് യുഎസ് അടക്കം ലോക രാഷ്ട്രങ്ങള്‍ വമ്പന്‍ ബാങ്കുകളുടെ നിയന്ത്രണത്തില്‍ നിന്നും സമ്പദ്ഘടനകളെ വികേന്ദ്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വിരുദ്ധമാണ് ലയന നീക്കം. താരതമ്യേന വികേന്ദ്രീകരണവും സുതാര്യവുമായ ബാങ്ക് കണ്‍സോര്‍ഷ്യങ്ങള്‍ക്കുപോലും നിയന്ത്രിക്കാന്‍ കഴിയാത്ത കോര്‍പറേറ്റ് കൊള്ളകളുടെയും നിഷ്ക്രിയ ആസ്തികള്‍ എഴുതിത്തള്ളേണ്ടിവരുന്ന സ്ഥിതിവിശേഷത്തിന്‍റെയും പശ്ചാത്തലത്തില്‍ ബാങ്കിങ് ബിസിനസ് കേന്ദ്രീകരണം ലക്ഷ്യംവച്ചുള്ള ലയന നീക്കം നിരീക്ഷകരെ അമ്പരപ്പിക്കുന്നതാണ്. കൂടുതല്‍ മല്യമാരെ സൃഷ്ടിക്കാനേ ഈ നീക്കം സഹായകമാകുവെന്ന് അവര്‍ ഭയപ്പെടുന്നു.

അഡാനിമാരുടെ ഓസ്ട്രേലിയന്‍ കല്‍ക്കരി ഖാനന സംരംഭത്തിന് ലോകത്തെ ഒരു ഡസനിലേറെ മുന്‍നിര ബാങ്കുകള്‍ വായ്പ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടിടപെട്ട് അഡാനിമാര്‍ക്ക് ആറായിരത്തില്‍പരം കോടി രൂപ വായ്പയ്ക്ക് എസ്ബിഐയുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. സമാനരീതിയില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ രാജ്യത്തിനകത്തും പുറത്തും അവസരമൊരുക്കാനാണ് ലയനനീക്കമെന്ന് വിലയിരുത്തപ്പെടുന്നു. നിക്ഷേപകരുടെ അഭാവത്തില്‍ വഴിമുട്ടിനില്‍ക്കുന്ന ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പോലുള്ള മോഡിയുടെ സ്വപ്നപദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ വമ്പന്‍ ബാങ്കിങ് കോര്‍പറേറ്റുകള്‍ കൂടിയേതീരൂ എന്നതും ലയനനീക്കത്തിന് ആക്കം കൂട്ടാന്‍ കാരണമായിട്ടുണ്ട്.

ജനാധിപത്യപരമായ സമ്പദ്ഘടനയുടെ സൃഷ്ടിക്ക് ജനകീയ ബാങ്കുകള്‍ എന്ന ബാങ്കിങ് ദേശസാല്‍ക്കരണ ലക്ഷ്യം തന്നെ ലയന നീക്കം അട്ടിമറിക്കും. അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ ഒരു വമ്പന്‍ കേന്ദ്രീകൃത കോര്‍പറേറ്റ് ബാങ്ക് എന്നത് തുടക്കം മാത്രമാണ്. രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളെ പരസ്പരം ലയിപ്പിച്ച് വിരലിലെണ്ണാവുന്ന ഏതാനും ബാങ്കുകള്‍ എന്ന കോര്‍പറേറ്റ് വല്‍ക്കരണ ലക്ഷ്യത്തിലേക്കാണ് നീക്കം എന്ന സൂചനകളും ശക്തമാണ്.
ബാങ്കുകളുടെ സ്ഥാപനചെലവുകള്‍ കുറയ്ക്കുന്നതിന്‍റെ പേരില്‍ ശാഖകളുടെയും ജീവനക്കാരുടെയും എണ്ണം കുറയ്ക്കാനും ബാങ്കിങ് സേവനങ്ങള്‍ പുറംകരാറുകാര്‍ക്ക് നല്‍കി ഈ രംഗത്തെ തൊഴിലവസരങ്ങളും ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ അട്ടിമറിക്കാനും ലയനനീക്കം വഴി തെളിക്കും. പൊതുമേഖലാ ബാങ്കുകള്‍ക്ക് പകരം കഴുത്തറുപ്പന്‍ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ക്കും ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കി കൊള്ളപ്പലിശയും ഹുണ്ടിക വ്യാപാരവും സാര്‍വത്രികമാകും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here