നിയമസഭാ തിരഞ്ഞെ‌ടുപ്പിൽ സംസ്ഥാനത്ത് എട്ടു മണ്ഡലങ്ങളിലാണ് നാൽപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് സ്ഥാനാർത്ഥികൾ വിജയിച്ചത്. ഇതിൽ നാലും കണ്ണൂർ ജില്ലയിലാണ് – മട്ടന്നൂർ, കല്ല്യാശേരി, തളിപ്പറമ്പ്, പയ്യന്നൂർ എന്നീ മണ്ഡലങ്ങളിൽ. ഇടുക്കി ജില്ലയിലെ തൊടുപുഴ, കൊല്ലത്തെ കൊട്ടാരക്കര, കോട്ടയത്തെ കടുത്തുരുത്തി, തിരുവനന്തപുരത്തെ ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലെ വിജയികളും നാൽപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയികളായി. ഇതിൽ ആറു പേരും സി.പി.എം സ്ഥാനാർഥികളാണ്.

തൊടുപുഴ, മട്ടന്നൂർ, കൊട്ടാരക്കര, കല്ല്യാശേരി, കടുത്തുരുത്തി, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് എതിർ സ്ഥാനാർഥിക്ക് ആകെ ലഭിച്ച വോട്ടുകളെക്കാൾ കൂടുതൽ ഭൂരിപക്ഷം ലഭിച്ചു. സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി ജയിച്ചത് മുൻ മന്ത്രി പി.ജെ.ജോസഫാണ്. തൊഴുപുഴയിൽ നിന്ന് കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി ജനവിധി തേടിയ പി.ജെ‌.ജോസഫ് ഇടതു സ്വതന്ത്രൻ റോയി വാരിക്കാട്ടിനെ 45,587 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. പി.ജെ. ജോസഫിന് ആകെ 76,564 വോട്ടുകൾ ലഭിച്ചപ്പോൾ റോയി വാരിക്കാട്ടിന് 30,977 വോട്ടുകൾ മാത്രമാണ് നേടാനായത്.

ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനം മട്ടന്നൂരിൽ ജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനാണ്. 43,381 വോട്ടുകൾക്കാണ് ജയരാജൻ യുഡിഎഫ് സ്ഥാനാർഥി കെ.പി. പ്രശാന്തിനെ തോൽപ്പിച്ചത്. കല്ല്യാശേരിയിൽ നിലവിൽ എംഎൽഎയായ എൽഡിഎഫ് സ്ഥാനാർഥി ടി.വി. രാജേഷ് 42,891 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. രാജേഷിന് 83006 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി അമൃതാ രാമകൃഷ്ണന് 40,115 വോട്ടുകളുമാണ് ലഭിച്ചത്. കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഐഷാ പോറ്റി ജയിച്ചത് 42,632 വോട്ടുകൾക്കാണ്. ഐഷാ പോറ്റി 83,443 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി സവീൻ സത്യന് 40811 വോട്ടുകളാണ് ലഭിച്ചത്.

കടുത്തുരുത്തിയിൽ മുൻ മന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ മോൻസ് ജോസഫ് 42,256 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മുൻ എം.പി സ്‌കറിയ തോമസിനെ തോൽപ്പിച്ചു. മോൻസിന് 73,793 വോട്ടുകളും സ്‌കറിയാ തോമസിന് 31,537 വോട്ടുകളുമാണ് ലഭിച്ചത്. തളിപ്പറമ്പിൽ സിറ്റിംഗ് എം.എൽ.എയായ സി.പി.എമ്മിലെ ജെയിംസ് മാത്യു വീണ്ടും ജയിച്ചത് 40,617 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ജെയിംസ് മാത്യുവിന് 91,106 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർഥിയായ കേരള കോൺഗ്രസ് (എം)ന്റെ രാജേഷ് നമ്പ്യാർക്ക് 50,489 വോട്ടുകളും ലഭിച്ചു.

ആറ്റിങ്ങലിൽ 40,383 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ബി. സത്യൻ ജയിച്ചത്. സത്യന് ആകെ 72,808 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി കെ.ചന്ദ്രബാബുവിന് 32425 വോട്ടുകൾ മാത്രമാണ് കിട്ടിയത്. പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സി. കൃഷ്‌ണൻ 40,263 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മണ്ഡലം പിടിച്ചത്. കൃഷ്‌ണന് 83,226 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥി സാജിത് മവ്വലിന് 42,963 വോട്ടുകളുമാണ് ലഭിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here