ന്യൂഡൽഹി ∙ ആപ്പിളിന്റെ ഉൽപന്നങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ കമ്പനിക്കു താൽ‍പര്യം. ചെറുപ്പക്കാരുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താനും ആപ്പിൾ ശ്രമിക്കും. ഇന്ത്യയിലെത്തിയ ആപ്പിൾ സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ആപ്പിൾ ഉൽപന്നങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിന്റെ സാധ്യതകൾ കമ്പനി പരിശോധിക്കും. കമ്പനി ഇന്ത്യയിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളെക്കുറിച്ചും കുക്ക് മോദിയുമായി ചർച്ച ചെയ്തു. ഉൽപന്നങ്ങൾ ആഭ്യന്തരമായി നിർമിക്കുന്നതോടൊപ്പം വിപണന ശൃംഖല വ്യാപിപ്പിക്കാനും ആപ്പിളിനു പദ്ധതിയുണ്ട്. കുക്കിന്റെ ആശയങ്ങളും താൽപര്യങ്ങളും ഏറെ ഫലപ്രാപ്തി നേടാൻ സാധ്യതയുള്ളതാണെന്നു മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ മൊബൈൽ ആപ്പിന്റെ പരിഷ്കരിച്ച പതിപ്പും കുക്ക് പുറത്തിറക്കി.

ഏറെ കഴിവുള്ളവരാണ് ഇന്ത്യയിലെ യുവാക്കൾ. ഇതു പ്രയോജനപ്പെടുത്താനാണ് ആപ്പിൾ ശ്രമിക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. ആപ്പിളിന്റെ വിതരണ ശൃംഖല പുനരുപയോഗിക്കാവുന്ന ഊർജത്തിലേക്ക് മാറ്റാൻ പദ്ധതിയുണ്ടെന്നും കുക്ക് അറിയിച്ചു.

ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിൽ സാന്നിധ്യം ഉറപ്പിക്കാൻ സാധ്യതകൾ ഏറെയാണെന്നും കുക്ക് അഭിപ്രായപ്പെട്ടു. ടെലികോം കമ്പനികൾ ഫോർ ജി സേവനങ്ങൾ ലഭ്യമാക്കിയതോടെ ആപ്പിളിന് ഇന്ത്യയിലെത്താനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്.

ആഗോളതലത്തിൽ ആപ്പിൾ ഉൽപന്നങ്ങൾക്ക് വിൽപന കുറയുമ്പോഴും ഇന്ത്യയിൽ ജനുവരി – മാർച്ച് കാലയളവിൽ 56% വളർച്ചയാണ് നേടിയത്. വിതരണ ശൃംഖല വിപുലീകരിക്കുന്നതിന് ആപ്പിളിനെ പ്രേരിപ്പിക്കുന്ന ഘടകവും ഇതുതന്നെ. ആരോഗ്യം, വിദ്യാഭ്യാസം, കർഷകരുടെ വരുമാനത്തിൽ വർധന എന്നിവയിൽ ആപ്പിളിന്റെ സഹകരണവും മോദി അഭ്യർഥിച്ചു.

നാലു ദിവസത്തെ സന്ദർശനത്തിനെത്തിയ കുക്ക്, ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സൈറസ് മിസ്ട്രി, ടിസിഎസ് സിഇഒ എൻ.ചന്ദ്രശേഖരൻ, ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാർ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവരുമായി ചർച്ചകൾ നടത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here