തിരുവനന്തപുരം∙ കേരളവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ബിജെപി ദേശീയ നേതാക്കളുടെ പ്രസ്താവനകൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഭരണ കക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം ബിജെപി കാണിക്കണം. കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡൽഹിയിലും അക്രമത്തിന്റെ മാർഗത്തിലേക്ക് ബിജെപി തിരിഞ്ഞതെന്നും പിണറായി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആരോപിച്ചു.

ധർമ്മടം മണ്ഡലത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തിയ കുട്ടികളടക്കമുള്ളവർക്കുനേരെ ആർഎസ്എസ് വോട്ടെണ്ണൽ നാളിൽ നടത്തിയ ആക്രമണത്തിൽ രവീന്ദ്രൻ എന്ന എൽഡിഎഫ്‌ പ്രവർത്തകൻ കൊല്ലപ്പെട്ടതാണ്. അന്നു മുതൽ സംസ്ഥാനത്തിന്റെ പല മേഖലകളിലും ആർഎസ്എസ് അക്രമം അഴിച്ചു വിടുന്നു. അത് മറച്ചു വെച്ചാണ് “സിപിഎം അക്രമം” എന്ന വ്യാജ ആരോപണവുമായി കേന്ദ്ര മന്ത്രി രംഗത്ത് വന്നത്. ഇന്ന് സിപിഎം ആസ്ഥാനത്തിനു മുന്നിൽ നടത്തിയ അതിക്രമങ്ങൾ ജനാധിപത്യ സമൂഹത്തിനു അംഗീകരിക്കാനാവാത്ത അസഹിഷ്ണുതാ പ്രകടനമാണെന്നും കുറിപ്പിൽ പിണറായി ആരോപിച്ചു.

കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തിൽ നിന്ന് പിന്മാറാനും ജനാധിപത്യ വിരുദ്ധ മാർഗങ്ങൾ വെടിയാനും ബിജെപി നേതൃത്വം തയാറാകണമെന്നും പിണറായി ആരോപിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ലഭിച്ച ജനവിധിയെ അംഗീകരിച്ചുകൊണ്ട് പരസ്പര ബഹുമാനത്തോടെയുള്ള ആരോഗ്യകരമായ ചർച്ചകളിലൂടെ സമാധാനവും പൊതുജനക്ഷേമവും ഉറപ്പുവരുത്താം എന്ന ആഹ്വാനത്തോടെയാണ് പിണറായിയുടെ കുറിപ്പ് അവസാനിക്കുന്നത്. 

 

LEAVE A REPLY

Please enter your comment!
Please enter your name here