ന്യൂഡൽഹി ∙ നികുതി ഒഴിവുള്ള കടപ്പത്രങ്ങളിലൂടെ 40000 കോടി രൂപ മൂലധനം സമാഹരിക്കാൻ അടിസ്ഥാന സൗകര്യ വികസന രംഗത്തെ ആറു പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുമതി.

നാഷനൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) 24000 കോടി രൂപ, ഇന്ത്യൻ റയിൽവേസ് ഫിനാൻസ് കോർപറേഷൻ 6000 കോടി രൂപ, ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് കോർപറേഷൻ (ഹഡ്കോ) – 5000 കോടി, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവലപ്മെന്റ് ഏജൻസി – 2000 കോടി, താപ വൈദ്യുതി കോർപറേഷൻ (എൻടിപിസി) – 1000 കോടി, പവർ ഫിനാൻസ് കോർപറേഷൻ – 1000 കോടി, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ – 1000 കോടി എന്നിങ്ങനെയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അനുമതി നൽകിയിരിക്കുന്നത്.

ഹിന്ദു അവിഭക്ത കുടുംബങ്ങളും എൻആർഐകളും ഉൾപ്പെടെ സാധാരണ (റീട്ടെയിൽ) നിക്ഷേപകർക്ക് 10 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ബോണ്ടുകളാണ് ഈ കമ്പനികൾ പുറപ്പെടുവിക്കുക. 10 ലക്ഷത്തിലേറെ നിക്ഷേപിക്കുന്നവരെ ഹൈ–നെറ്റ്‌വർക്ക് ഇൻഡിവിജ്വൽസ് (എച്ച്എൻഐ) ആയി കണക്കാക്കും. 10, 15, 20 വർഷം കാലാവധിയുള്ള ബോണ്ടുകൾ ഉണ്ടായിരിക്കും.

സർക്കാർ കടപ്പത്രങ്ങളുടെ പലിശനിരക്കുമായി ബന്ധപ്പെടുത്തിയായിരിക്കും ഈ ബോണ്ടുകളുടെ ആദായ നിരക്ക് നിർണയിക്കുക.

റീട്ടെയിൽ നിക്ഷേപകർക്ക് ‘എഎഎ’ റേറ്റിങ് (ഏറ്റവും സുരക്ഷിതമെന്ന റേറ്റിങ്) ഉള്ള ബോണ്ടിന് സർക്കാർ ബോണ്ടിന്റെ റഫറൻസ് പലിശനിരക്കിനേക്കാൾ 0.55% കുറഞ്ഞ നിരക്കായിരിക്കും. മറ്റു നിക്ഷേപ വിഭാഗങ്ങൾക്ക് 0.80% കുറഞ്ഞ നിരക്കും. ‘എഎഎ’യിൽ താഴ്ന്ന റേറ്റിങ്ങുള്ള ബോണ്ടുകൾക്ക് സർക്കാർ നിരക്കിനേക്കാൾ 0.20% ഉയർന്ന നിരക്ക് ലഭിക്കും.

കമ്പനികൾ ആകെത്തുകയുടെ 70% പബ്ലിക് ഓഫറിലൂടെ സമാഹരിക്കണം; ഇതിൽ 40% റീട്ടെയിൽ നിക്ഷേപകർക്കായിരിക്കണം.

ഈ കടപ്പത്രങ്ങൾക്കു ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധകമല്ല. അടിസ്ഥാന സൗകര്യ വികസന രംഗത്തേക്കു നിക്ഷേപമെത്തിക്കാൻ നികുതിയൊഴിവുള്ള കടപ്പത്രങ്ങൾ പുറപ്പെടുവിക്കുമെന്നു കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here