പച്ചപുതച്ച വൃക്ഷങ്ങൾ ഉദ്യാനനഗരിയ്ക്ക് പകർന്ന നൽകുന്ന സൗന്ദര്യം ചെറുതല്ല. പച്ചപ്പിനെ കാർന്നു തിന്നുകൊണ്ടാണ് നഗരവളർച്ച.ഇന്ത്യയിലെ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണത്തിന്റെ ഉയർന്ന തോത് ബെംഗളൂരുവിലെ സുഖകരമായ ജീവിതസാഹചര്യങ്ങളേയും മാറ്റിമറിച്ചിരിക്കുന്നു.

വാഹനങ്ങളിൽ നിന്നുള്ള കറുത്ത പുക മാത്രം കണ്ടു ശീലിച്ച നഗരവാസികൾക്ക് പുതുമയേറിയ യാത്രാ അനുഭവം പകർന്ന് ഇലക്ട്രിക് കാറുകൾ രംഗത്തെത്തിയിരിക്കുന്നു. ദക്ഷിണേന്ത്യയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ക്യാബ് സർവീസുമായി എത്തിയിരിക്കുകയാണ് ലിഥിയം അർബൻ ടെക്നോളജീസ്. മഹീന്ദ്രയുടെ ഇടുഒ സീരീസിലെ നൂറ് ഇലക്ട്രിക് കാറുകളാണ് ലിഥിയം സർവീസിനെത്തിച്ചിരിക്കുന്നത്. പ്രമുഖ ഐടി കമ്പനികളുടെ ക്യാംപസുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് ആദ്യം സർവീസ് ആരംഭിച്ചിരിക്കുന്നത്. ഈ വർഷാവസാനത്തോടെ കൂടുതൽ കാറുകൾ എത്തുന്നതോടെ നഗരത്തിനുള്ളിലെ വിവിധ കേന്ദ്രങ്ങളെ കൂട്ടിയിണക്കിയുള്ള സർവീസും ആരംഭിക്കും.

ക്ലൗഡ് സാങ്കേതിക വിദ്യയുപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ലിഥിയം കാബുകൾ സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. സിസിടിവിയ്ക്കൊപ്പം കാറുകളുടെ സഞ്ചാരപഥം കൃത്യമായി കണ്ടുപിടിക്കാൻ ജിപിആർഎസ്, വൈ ഫൈ, ട്രാവൽ കാർഡുപയോഗിച്ച് നിരക്ക് നൽകാനുള്ള സംവിധാനം, വിമാന-ട്രെയിൻ-ബസ് സർവീസുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാനുള്ള മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുണ്ട്. ഒരു തവണ മുഴുവനായി റീചാർജ് ചെയ്താൽ 50 കിലോമീറ്റർ സഞ്ചരിക്കാമെന്ന് ലിഥിയം ക്യാബ്സ് മാനേജിങ് ഡയറക്ടർ എം.ഡി.അശ്വിൻ മഹേഷ് പറഞ്ഞു. വിപ്രോ, ‌ഒറാക്കിൾ, മൈക്രോസോഫ്റ്റ്, ഹണിവെൽ,ഡിയാജിയോ എന്നീ ഐടി കമ്പനികളുടെ ക്യാംപസുകളെ തമ്മിൽ കൂട്ടിയിണക്കിയാണ് ഇപ്പോൾ കാറുകൾ സർവീസ് നടത്തുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ യൂറോപ്യൻ രാജ്യങ്ങളെല്ലാം ഇ ക്യാബുകളിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ്.

ഇന്ത്യയിലും ഇലക്ട്രിക് വാഹനങ്ങളെ പ്രോൽസാ ഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഇലക്ട്രിക് മൊബിലിറ്റി മിഷൻ ഈ രംഗത്തേയ്ക്ക് കൂടുതൽ പേർ കടന്നുവരാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. കാറുകൾ റീചാർജ് ചെയ്യാൻ സർവീസ് നടത്തുന്ന ഐടി സ്ഥാപനങ്ങൾക്ക് സമീപം തന്നെ റീചാർജ് പോയിന്റുകളൊരുക്കിയിട്ടുണ്ട്. രണ്ട് വർഷത്തിനകം ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ 2000 ഇലക്ട്രിക് കാറുകൾ ടാക്സി സർവീസിനായി ആരംഭിക്കാനാണ് ലിഥിയം ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here