2014–15 സാമ്പത്തിക വർഷത്തെ അതായത് 2015–16 നികുതി നിർണയ വർഷത്തെ (അസസ്മെന്റ് ഇയർ) ആദായ നികുതി റിട്ടേൺ ഫോമുകൾ സമൂലം പരിഷ്കരിച്ചു. ഏറ്റവും ലളിതമായ ഫോം വ്യക്തികൾക്കു മാത്രമായുള്ള ഐടിആർ–1 ലുള്ള സഹജിന് 5 പേജും, കമ്പനികൾക്കുള്ള റിട്ടേണിന് 33 പേജുമാണ് ഉള്ളത്. നികുതി വരുമാനം തിട്ടപ്പെടുത്തുന്നതിനൊപ്പംതന്നെ നികുതിദായകനെ സംബന്ധിക്കുന്ന പരമാവധി വിവരങ്ങൾ കൂടി ശേഖരിക്കുക എന്ന ലക്ഷ്യംകൂടിയാണ് ദൈർഘ്യമുള്ള റിട്ടേണുകളിലുള്ളത്.

റിട്ടേണിനുള്ള ഫോമുകൾ

ആദായ നികുതി റിട്ടേൺ കൊടുക്കാനുള്ള വിവിധ റിട്ടേൺ ഫോമുകൾ ഐടിആർ–1 സഹജ്, ഐടിആർ–2, ഐടിആർ–2എ, ഐടിആർ–3, ഐടിആർ–4, ഐടിആർ–4എസി ലുള്ള സുഗം, ഐടിആർ–5, ഐടിആർ–6, ഐടിആർ–7 എന്നിവയാണ്. നികുതിദായകൻ തന്നെ വരുമാന സ്രോതസുകൾ അനുസരിച്ചുള്ള റിട്ടേൺ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. ഐടിആർ–1 ലുള്ള സഹജ്, ഐടിആർ–2, ഐടിആർ–2എ ഐടിആർ–4 എസിലുള്ള സുഗം തുടങ്ങിയവയിൽ പൂരിപ്പിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

റിട്ടേൺ–ആർക്ക്, ഏത് ഫോം?

ഐടിആർ–1 സഹജ് താരതമ്യേന ലളിതമായ ഈ ഫോം വ്യക്തികളെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. റിട്ടേൺ പരിഷ്കരിച്ചപ്പോൾ മുൻ വർഷത്തെ 2 പേജ് ഇപ്പോൾ 5 പേജ് ആയി. ശമ്പളം അഥവാ പെൻഷൻ, ഒരു വീടിന്റെ മാത്രം വാടക, മറ്റു വരുമാനങ്ങൾ ഇവയിൽ ഏതെങ്കിലുമോ ഒന്നിലധികമോ വരുമാനമുള്ളവർ മാത്രമേ ഈ ഫോം ഉപയോഗിക്കാവൂ. എന്നാൽ വാടകയിനത്തിൽ മുൻ വർഷത്തെ നഷ്ടം തട്ടിക്കിഴിക്കേണ്ടവർ, ലോട്ടറി, കുതിരപ്പന്തയം തുടങ്ങിയ മറ്റു വരുമാനമുള്ളവരും ഈ ഫോം ഉപയോഗിക്കുവാൻ പാടില്ല. അതുപോലെ തന്റെ വരുമാനത്തോടു ചേർത്ത് ജീവിതപങ്കാളിയുടെയോ പ്രായപൂർത്തിയാകാത്ത മക്കളുടെയോ വരുമാനം ചേർക്കുന്നുണ്ടെങ്കിൽ (ക്ളബിങ്) അവർക്കും മേൽപറഞ്ഞ വരുമാനം മാത്രം ഉണ്ടെങ്കിലേ ഈ ഫോം ഉപയോഗിക്കാൻ പാടുള്ളൂ.ഒന്നിൽ കൂടുതൽ വീടുകളിൽനിന്നുള്ള വരുമാനം, മൂലധന വർധന ലാഭം (ക്യാപിറ്റൽ ഗെയിൻ), 5000 രൂപയിൽ കൂടുതൽ കാ‍ർഷിക വരുമാനം പാർട്ണർഷിപ്പിൽ പങ്കാളികളായിട്ടുള്ളവർ, വ്യാപാരത്തിൽ നിന്നോ പ്രഫഷനിൽ നിന്നോ ഉള്ള വരുമാനം ഇരട്ട നികുതിയിൽ നിന്ന് ആശ്വാസം തേടുന്നവർ വിദേശത്ത് ആസ്തിയോ, വരുമാനമോ ഉള്ള തദ്ദേശീയ (റസിഡന്റ്) നികുതിദായകർ, തുടങ്ങിയവർ സഹജ് ഉപയോഗിക്കാൻ പാടില്ല.

ഐടിആർ 2

കച്ചവടത്തിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമില്ലാത്ത വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും മാത്രമുള്ളതാണ് ഈ ഫോം. ചുരുക്കത്തിൽ ശമ്പളം അഥവാ പെൻഷൻ, വാടക, മൂലധന വർധന, ലാഭം, ലോട്ടറി ഉൾപ്പെടെ മറ്റു വരുമാനങ്ങളുള്ളവരാണ് ഈ ഫോം ഉപയോഗിക്കേണ്ടത്. മറ്റാരുടെയെങ്കിലും വരുമാനം തന്റെ വരുമാനത്തോടു ചേർക്കുന്നുണ്ടെങ്കിൽ അവരുടെ വരുമാനത്തിനും മേൽപറഞ്ഞവ ബാധകമാണ്.

ഐടിആർ 2എ

ഫോം 2 പോലെതന്നെ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും മാത്രമായിട്ടുള്ളതാണ് ഈ ഫോം. എങ്കിലും അവർക്ക് ശമ്പളം അഥവാ പെൻഷൻ, വാടക, മറ്റു വരുമാനം തുടങ്ങിയവ മാത്രമേ ഉണ്ടാകാൻ പാടുള്ളു. അതായത് മേൽപ്പറഞ്ഞവ കൂടാതെ മൂലധന വർധന ലാഭമുള്ളവർ ഈ ഫോം ഉപയോഗിക്കാൻ പാടില്ല. കൂടാതെ കച്ചവടം അഥവാ പ്രഫഷനൽ വരുമാനം, ഇരട്ട നികുതിയി‍നിന്നുള്ള ആനുകൂല്യം, വിദേശത്ത് ആസ്തിയോ, വരുമാനമോ ഉള്ളവർ ഫോം 2 എ ഉപയോഗിക്കാൻ പാടില്ല.

ഐടിആർ–3

പാർട്ട്നർഷിപ്പ് ഫേമുകളിൽ പാർട്ട്നർമാരായിട്ടുള്ള വ്യക്തികളെയും ഹിന്ദു അവിഭക്ത കുടുംബങ്ങളെയും മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ ഫോം. എന്നാൽ ഇക്കൂട്ടർക്ക് സ്വതന്ത്രമായി ന‍ടത്തുന്ന (പ്രൊപ്രൈറ്ററി) കച്ചവടമോ പ്രഫഷനിൽനിന്നോ വരുമാനമുണ്ടാകാൻ പാടില്ല. നികുതി ബാധ്യതയില്ലാതെ ലാഭവിഹിതം കിട്ടുന്ന പാർട്ട്നർമാരും ഈ ഫോം ആണ് ഉപയോഗിക്കേണ്ടത്. എന്നാൽ 15 പേജുള്ള ഈ ഫോമിനെ സംബന്ധിക്കുന്ന വിശദമായ മാർഗനിർദ്ദേശങ്ങൾ ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല. ഇവർക്ക് മറ്റു വരുമാനമുണ്ടെങ്കിലും ഈ ഫോം ഉപയോഗിക്കാം.

ഐടിആർ 4

സ്വന്തമായി (പ്രൊപ്രൈറ്ററി) വ്യാപാരം അഥവാ പ്രഫഷൻ നടത്തുന്ന വ്യക്തികളെയും ഹിന്ദു അവിഭക്ത കുടുംബങ്ങളെയും മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ് 31 പേജുള്ള ഈ ഫോം. ഇത്തരം നികുതിദായകരുടെ എല്ലാവിധ വരുമാനങ്ങളും ഈ ഫോമിൽ ചേർക്കേണ്ടതുണ്ട്. വിശദമായ മാർഗനിർദേശങ്ങൾ ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല.

ഐടിആർ–4 എസ്, സുഗം

ഏഴ് പേജുള്ള താരതമ്യേന ലളിതമായ ഈ ഫോം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും മാത്രമുള്ളതാണ്. ഐടിആർ–1 ലുള്ള സഹജിന്റെ കാര്യത്തിൽ പറഞ്ഞ വരുമാനത്തിനു പുറമെ കച്ചവടത്തിൽ നിന്ന് നിശ്ചിത നിരക്കിൽ ലാഭം കണക്കാക്കി അനുമാന നികുതി കൊടുക്കുന്നവരാണ് (വകുപ്പ് 44 എഡി അഥവാ എഇ പ്രകാരം) ഫോം സുഗം ഉപയോഗിക്കേണ്ടത്.

സഹജം സുഗമും ആയിട്ടുള്ള ഏക വ്യത്യാസം കച്ചവടത്തിൽ നിന്നുള്ള നിശ്ചിത നിരക്കിൽ ലാഭം കണക്കാക്കി വരുമാനത്തോടു ചേർക്കുന്നത് മാത്രമാണ്. ചുരുക്കത്തിൽ സഹജ് ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയിട്ടുള്ളവർ ഒന്നും സുഗമും ഉപയോഗിക്കുവാൻ പാടില്ല. ഇതിനുപുറമെ ഊഹക്കച്ചവടത്തിൽനിന്നും വരുമാനം ഉള്ളവരും ഏജൻസി ബിസിനസ് കമ്മിഷനോ ബ്രോക്കറേജോ ഉള്ളവരും ഫോം സുഗം ഉപയോഗിക്കാൻ പാടില്ല. മറ്റാരുടെയെങ്കിലും വരുമാനം തന്റെ വരുമാനത്തോട് ചേർത്തുകൊടുക്കുന്നുണ്ടെങ്കിൽ അവരുടെ വരുമാനത്തിനും മേൽപറഞ്ഞ നിബന്ധനകൾ ബാധകമാണ്.

ഐടിആർ–5

പാർട്ണർഷിപ്പുകൾ, അസോസിയേഷൻ ഓഫ് പർസൻസ്, ബോഡി ഓഫ് ഇൻഡിവിജ്വൽസ്, എന്നിവർ അവരുടെ നികുതി റിട്ടേൺ ഐടിആർ–5 ൽ കൊടുക്കണം. 30 പേജുള്ള റിട്ടേൺ പൂരിപ്പിക്കാനുള്ള നിർദേശങ്ങൾ ഇനിയും പുറപ്പെടുവിച്ചിട്ടില്ല.

ഐടിആർ–6

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനികൾ ഒഴികെ കമ്പനി നിയമപ്രകാരമുള്ള കമ്പനികളെല്ലാം അവരുടെ റിട്ടേൺ സമർപ്പിക്കേണ്ടത് ഈ ഫോമിലാണ്. വിശദമായ നിർദേശങ്ങൾ ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല.

ഐടിആർ–7

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനികൾ, മതധർമ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സയന്റിഫിക് റിസേർച്ച് അസോസിയേഷനുകൾ, ന്യൂസ് ഏജൻസികൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവർ ഉപയോഗിക്കേണ്ടത് ഐടിആർ–7 ആണ്. റിട്ടേൺ പൂരിപ്പിക്കാനുള്ള മാർഗനിർദേശങ്ങൾ ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല.

31 നകം റിട്ടേൺ കൊടുക്കേണ്ടവർ

കമ്പനികളും ഓഡിറ്റിന് വിധേയമായിട്ടുള്ളവരും ഓഡിറ്റുള്ള പാർട്ണർഷിപ്പിലെ വേതനം പറ്റുന്ന വർക്കിങ് പാർട്ണർമാരും ഒഴികെ നികുതി റിട്ടേൺ സമർപ്പിക്കാൻ ബാധ്യതയുള്ള എല്ലാ നികുതിദായകരും കഴിഞ്ഞ സാമ്പത്തിക വർഷത്തെ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 ആണ്. പുതുക്കിയ റിട്ടേൺ വിജ്ഞാപനം ചെയ്യുന്നതിൽ വന്ന കാലതാമസം കണക്കിലെടുത്ത് സാധാരണ ഗതിയിൽ ജൂലൈ 31 ന് അകം സമർപ്പിക്കേണ്ട റിട്ടേണിന്റെ തീയതി ഈ വർഷത്തേക്ക് മാത്രം ഓഗസ്റ്റ് 31 ലേക്ക് നീട്ടുകയാണുണ്ടായത്. ഇവരൊഴികെയുള്ളവരുടെ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 എന്നുള്ളതിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here