കടന്നുപോയത് അതിശയകരമായ നാല് വര്‍ഷമായിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണകാലയളവിനെ സൂചിപ്പിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇതിനു തുടര്‍ച്ചയായി ഇനിയുള്ള നാലു കൊല്ലം കൂടി വേണമെന്നാണ് കരുതുന്നത്. അതിനു സാധിക്കാതെ പോകുകയാണെങ്കില്‍ നാലു കൊല്ലത്തിനു ശേഷം വീണ്ടും കാണാമെന്നും ട്രംപ് പറഞ്ഞു. ക്രിസ്മസിനെ വരവേല്‍ക്കുന്നതിനായി വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. 2024 ല്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന ഉറപ്പോടെയാണ് ട്രംപ് സംസാരിച്ചത്.

ഒക്ലഹോമ ജിഒപിയുടെ നാഷണല്‍ കമ്മിറ്റി വുമണ്‍ വക്താവ് പാം പൊള്ളാര്‍ഡ് ട്രംപ് സംസാരിക്കുന്നത് ഫെയ്‌സ്ബുക്ക് ലൈവിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ട്രംപിന്റെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വളരെ വേഗം പ്രചാരം നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ക്രമക്കേട് ആരോപിച്ച ട്രംപ് ബൈഡന്റെ വിജയം അംഗീകരിക്കാന്‍ തുടക്കത്തില്‍ തയ്യാറായിരുന്നില്ല. പിന്നീട് പിടിച്ചുനില്‍ക്കാന്‍ യാതൊരു വഴിയും ഇല്ലാതായപ്പോഴാണ് ട്രംപ് തന്റെ പരാജയം സമ്മതിച്ചത്. അപ്പോഴും വോട്ടിംഗില്‍ ക്രമക്കേട് നടന്നുവെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ അറ്റോര്‍ണി ജനറല്‍ വില്യം ബര്‍ തള്ളിക്കളഞ്ഞിരുന്നു. അട്ടിമറി നടന്നതായി യാതൊരു തെളിവും കണ്ടെത്താന്‍ അന്വേഷണത്തില്‍ കഴിഞ്ഞിരുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് കഴിഞ്ഞുപോയത് ഗംഭീരമായ നാല് വര്‍ഷമായിരുന്നുവെന്ന് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയത്.

ഇത് തികച്ചും അസാധാരണമായ ഒരു വര്‍ഷമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു, പക്ഷേ അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഇത് കൃത്രിമ തെരഞ്ഞെടുപ്പാണെന്നേ ഞാന്‍ പറയൂ, ഞാനത് എപ്പോഴും ഉറപ്പിച്ചു പറയുകയും ചെയ്യും’. ട്രംപ് പറഞ്ഞു. ബൈഡന്റെ സ്ഥാനാരോഹണം സംബന്ധിച്ച് വൈറ്റ്ഹൗസ് പച്ചക്കൊടി കാട്ടിയിട്ടും വിജയം അംഗീകരിക്കാന്‍ ട്രംപ് ഇപ്പോഴും തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here