ഫൈസര്‍ വാക്‌സീന് ബ്രിട്ടിഷ് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഇന്ത്യക്കാര്‍ ബ്രിട്ടനിലേക്കു പോകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രട്ടനില്‍ അടുത്താഴ്ച മുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് വാക്‌സിന്‍ വിതരണം തുടങ്ങുന്നതിന് മുന്‍പ് ബ്രിട്ടണിലെത്താന്‍ ഇന്ത്യക്കാരില്‍ ചിലര്‍ ശ്രമിക്കുന്നതായുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ട്രാവല്‍ ഏജന്റുമാരാണ് ഇതു സംബന്ധിച്ച് വിവരം പുറത്തു വിട്ടത്.

യുകെയിലേക്ക് ഏറ്റവും അടുത്ത ദിവസം എപ്പോഴാണ് പോകാന്‍ കഴിയുകയെന്നും മറ്റ് പ്രൊസീജിയര്‍ എന്തൊക്കെയാണ് എന്നും പലരും അന്വേഷിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബ്രിട്ടണിലേക്കെത്തുന്ന ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകുമോ എന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയും ഇതുവരെ വന്നിട്ടില്ല. നിരവധി ഇന്ത്യക്കാര്‍ യാത്ര സംബന്ധിച്ച സംശയങ്ങളുമായി സമീപിച്ചുവെന്ന് ഈസ്‌മൈട്രിപ്പ്.കോം സഹസ്ഥാപകനും സിഇഒയുമായ നിഷാന്ത് പിറ്റി അറിയിച്ചു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ കമ്പനി അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമുണ്ടോയെന്ന യുകെ സര്‍ക്കാരിന്റെ വ്യക്തതയ്ക്കായി കമ്പനി കാത്തിരിക്കുകയാണെന്നും നിഷാന്ത് പിറ്റി പറഞ്ഞു.

എന്തായാലും ബ്രിട്ടണിലേക്ക് പോകുന്നതിനുള്ള ഒരുക്കങ്ങളഉമായി നിരവധി ഇന്ത്യക്കാര്‍ സമീപിച്ചതോടെ ഇവര്‍ക്കായി പ്രത്യേക ത്രീനൈറ്റ് പാക്കേജ് കൊണ്ടുവരാന്‍ ആലോചിക്കുകയാണ് ട്രാവല്‍ ഏജന്‍സി. ഇതിനായി ഒരു എയര്‍ലൈനുമായി ടിക്കറ്റ് നിരക്കില്‍ ചര്‍ച്ച നടക്കുന്നുണ്ട്. താമസം സംബന്ധിച്ച് ലണ്ടനിലെ ഹോട്ടലുകളുമായും വാക്‌സീന്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് ചില ആശുപത്രികളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.

അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കിയതോടെ പൊതുജനങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടണ്‍ മാറിയിരിക്കുകയാണ്. പ്രായമായവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ മുന്‍ഗണനാ ക്രമത്തിലാകും വാക്‌സിന്‍ വിതരണം ചെയ്യുക. 2020 ലും 2021 ലും 40 ദശലക്ഷം ഡോസുകള്‍ യുകെയിലേക്ക് വിതരണം ചെയ്യുന്നതിനുള്ള കരാറിലാണ് കമ്പനികള്‍ ഒപ്പുവെച്ചിരിക്കുന്നത്. ആദ്യപടിയായി വാക്‌സിന്റെ ഒരു കോടി ഡോസുകള്‍ ഉടന്‍ ലഭ്യമാക്കും. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ എട്ട് ലക്ഷത്തോളം വാക്‌സിന്‍ ഡോസുകള്‍ യുകെയിലെത്തിക്കും. വാക്‌സിന്റെ പ്രതിരോധം അവസാനം ജീവിതം തിരിച്ചു പിടിക്കാനും സമ്പദ് ഘടനയെ ചലിപ്പിക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here