രോഗികളെ പരിശോധിക്കുന്ന സമയത്ത് മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച് ഒറിഗോണ്‍ ഡോക്ടര്‍. ഒറിഗോണിലെ ഡാളസിലെ സൗത്ത് വ്യൂ മെഡിക്കല്‍ ആര്‍ട്‌സിലെ ഫിസിഷ്യനായ ഡോ. സ്റ്റീവന്‍ ലാ ടുലിപ്പാണ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചത്. കൊറോണ ജലദോഷം പോലെ നിസ്സാരമായ ഒരു അസുഖമാണെന്നും അതുകണ്ടു തന്നെ കൊറോണയെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കേണ്ട ആവശയമില്ലെന്നുമാണ് ഡോക്ടറുടെ വാദം.

കൊറോണയുടെ ഈ സമയത്ത് താനൊരിക്കലും തന്റെ ക്ലിനിക്ക് അടച്ചിട്ടിരുന്നില്ലെന്ന് ഡോക്ടര്‍ പറയുന്നു. താനും തന്റെ സ്റ്റാഫും തങ്ങളാരും ഒരിക്കല്‍പ്പോലും ക്ലിനിക്കില്‍ മാസ്‌ക് ധരിച്ചിരുന്നില്ല എന്നും മാസ്‌ക് ധരിക്കാതിരുന്നതു കൊണ്ട് തങ്ങള്‍ക്കാര്‍ക്കും ഇതുവരെ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിട്ടില്ലെന്നും സ്റ്റീവന്‍ ലാ ടുലിപ്പ് വാദിക്കുന്നു.

ഏകദേശം എണ്‍പതോളം കൊറോണ വൈറസ് രോഗികളെ താന്‍ ചികിത്സിച്ചിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ കോവിഡിന് പിന്നിലുള്ള കെട്ടുകഥകളെക്കുറിച്ച് വ്യക്തമായി പറയാന്‍ തനിക്ക് സാധിക്കുമെന്നുമാണ് ഡോക്ടറുടെ അവകാശ വാദം. നമ്മള്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. കൊറോണ മാനിയ ഒരുതരം ഭ്രമം മാത്രമാണ്. ഇതിന്റെ ഉദ്ദേശം അമേരിക്കന്‍ ജനതയെ ഒതുക്കിത്തീര്‍ക്കുക എന്നത് മാത്രമാണ്. ഇത് നമ്മുടെ ഭരണ ഘടനയ്ക്കും സ്വാതന്ത്രത്തിനും വലിയ ഭീഷണിയാണ്. ഡോക്ടര്‍ സ്റ്റീവന്‍ ലാ ടുലിപ്പ് പറഞ്ഞു. നിങ്ങളെല്ലാവരും ഈ അപമാനത്തിന്റെ മാസ്‌കുകള്‍ ഊരി ദൂരെയെറിയണമെന്നാണ് എനിക്ക് പറയാനുള്ളത്. ഈ മാസ്‌കുകള്‍ നമ്മുടെ സ്വാതന്ത്രത്തെഹനിക്കുവാന്‍ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ക്ലിനിക്കല്‍ വളരെ കൃത്യമായ ഒരു നിയമാവലിയുണ്ട്. അത് വര്‍ഷങ്ങളായി താനും തന്റെ സ്റ്റാഫും പാലിച്ചുപോരുന്നതിനാല്‍ ഒരു തരത്തിലുള്ള പനിയും തങ്ങളെ ബാധിക്കാറില്ല. താനും തന്റെ സ്റ്റാഫും മാസ്‌ക് ധരിക്കാറില്ലെങ്കിലും കൊറോണ വൈറസ് ബാധിതരായി ആശുപത്രിയിലെത്തുന്ന രോഗികള്‍ മാസ്‌ക് ധരിക്കുന്നതിനെ താന്‍ തടയാറില്ലെന്നും ഡോക്ടര്‍ സ്റ്റീവന്‍ ലാ ടുലിപ്പ് കൂട്ടിച്ചേര്‍ത്തു. സത്യസന്ധമായ വൈദ്യശാസ്ത്രത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ഏപ്പോഴെങ്കിലും സയന്‍സും വൈദ്യശാസ്ത്രവും അഴിമതിക്കിരയാവുമ്പോള്‍ താനതിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും സ്റ്റീവന്‍ ലാ ടുലിപ്പ് പറഞ്ഞു.

ഈ കുറഞ്ഞ കാലയളവില്‍ അമേരിക്കയില്‍ രണ്ടുലക്ഷത്തി എഴുപത്താറായിരം മനുഷ്യരുടെ ജീവനപഹരിച്ച കൊറോണ വൈറസ് ഒരു സാധാരണ ജലദോഷപ്പനിയുടെ വൈറസാണെന്നാണ് ഡോക്ടര്‍ സ്റ്റീവന്‍ ലാ ടുലിപ്പ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. ഒറിഗോണ്‍ മെഡിക്കല്‍ ബോര്‍ഡ് പുറത്തിറക്കിയിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കാത്തവര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇത്തരം പ്രസ്താവനകള്‍ നടത്തിയ ഡോക്ടര്‍ സ്റ്റീവന്‍ ലാ ടുലിപ്പിനെതിരെ ഇതുവരെ ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here